25 April 2024 Thursday

പൊന്നാനിയിലെ പരസ്യപ്രതിഷേധം: ബ്രാഞ്ചിലേക്ക് തരംതാഴ്ത്തിയ സിദ്ദിഖ് ഏരിയാ കമ്മിറ്റിയിലേക്ക്

ckmnews

മലപ്പുറം: നിയമസഭാ തെരഞ്ഞെടുപ്പിലെ സ്ഥാനാര്‍ത്ഥിയെ പ്രഖ്യാപിച്ചതിന് പിന്നാലെ പ്രതിഷേധ പ്രകടനം നടത്തിയ സംഭവത്തില്‍ അച്ചടക്ക നടപടി നേരിട്ട ടിഎം സിദ്ദിഖിനെ സിപിഐഎം ഏരിയാ കമ്മിറ്റിയിലേക്ക് മാറ്റാന്‍ തീരുമാനിച്ചു. സ്ഥാനാര്‍ത്ഥി നിര്‍ണ്ണയവുമായി ബന്ധപ്പെട്ട പരസ്യപ്രതിഷേധങ്ങള്‍ക്ക് പിന്നാലെ സിദ്ദിഖിനെ ജില്ലാ സെക്രട്ടേറിയേറ്റില്‍ നിന്നും ബ്രാഞ്ച് കമ്മിറ്റിയിലേക്ക് തരംതാഴ്ത്തിയിരുന്നു. ഞായറാഴ്ച മലപ്പുറത്ത് ചേര്‍ന്ന ജില്ലാ കമ്മിറ്റി യോഗത്തിലാണ് ഏരിയാ കമ്മിറ്റിയിലേക്ക് എടുക്കാനുള്ള തീരുമാനം ഉണ്ടായത്.


സിപിഐഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ സാന്നിധ്യത്തിലായിരുന്നു ജില്ലാ കമ്മിറ്റി യോഗം. പൊന്നാനി ഏരിയാ കമ്മിറ്റിയിലേക്കാണ് ഇദ്ദേഹം തിരിച്ചെത്തുക. വെളിയങ്കോട് തണ്ണിത്തുറ ബ്രാഞ്ച് കമ്മിറ്റിയിലേക്കായിരുന്നു സിദ്ദിഖിനെ തരംതാഴ്ത്തിയത്.


മുന്‍ സ്പീക്കര്‍ പി ശ്രീരാമകൃഷ്ണനെ രണ്ട് ടേമിന്റെ പേരില്‍ മാറ്റി നിര്‍ത്തിയപ്പോള്‍ പി നന്ദകുമാറിനെയായിരുന്നു പാര്‍ട്ടി സ്ഥാനാര്‍ത്ഥിയായി തീരുമാനിച്ചത്. എന്നാല്‍, സിദ്ദിഖിനെ സ്ഥാനാര്‍ത്ഥിയാക്കണമെന്ന് ആവശ്യപ്പെട്ട് നടന്ന പ്രകടവുമായി ബന്ധപ്പെട്ടായിരുന്നു സിപിഐഎം നടപടി. ഇതിന്റെ ഭാഗമായി സിദ്ദിഖ് അടക്കം പതിനൊന്ന് പേര്‍ക്കെതിരെ പാര്‍ട്ടി നടപടി എടുത്തിരുന്നു. എന്നാല്‍, നടപടിക്കെതിര അന്ന് കടുത്ത വിമര്‍ശനം പാര്‍ട്ടിക്കുള്ളില്‍ നിന്നു തന്നെയുണ്ടായിരുന്നു.


സിദ്ദീഖിനെ മാത്രം ലക്ഷ്യം വെച്ച് അന്വേഷണ കമ്മീഷനും പാര്‍ട്ടിയിലെ ചില നേതാക്കളും നീക്കങ്ങള്‍ നടത്തിയെന്ന് അന്ന് സിദ്ദിഖ് അനുകൂലികള്‍ ആരോപണം ഉന്നയിച്ചിരുന്നു. പാര്‍ട്ടി നടപടി ഏകപക്ഷീയമായെന്നും വിലയിരുത്തല്‍ ഉണ്ടായിരുന്നു. ഇതിന് പിന്നാലെ, വിവിധ ലോക്കല്‍ കമ്മിറ്റികള്‍ പ്രതിഷേധവുമായി എത്തിയിരുന്നു. ബ്രാഞ്ച് സമ്മേളനം നടക്കുന്ന നഗരികളിലേക്ക് പ്രതിഷേധ പ്രകടനംപോലും നടന്നിരുന്നു. ഇതിനെല്ലാം ഒടുവില്‍ പാര്‍ട്ടി കോണ്‍ഗ്രസ് അവസാനിച്ച ശേഷമാണ് തിരിച്ചെടുക്കാന്‍ തീരുമാനം ഉണ്ടാവുന്നത്.