28 March 2024 Thursday

പാലക്കാട് കൊലപാതകം ആസൂത്രണം ചെയ്തത് പട്ടാമ്പി സ്വദേശി; പട്ടാമ്പി തൃത്താല മേഖലകളില്‍ റെയ്‍ഡ് .ഒരാള്‍ കൂടി പിടിയിൽ.

ckmnews

പാലക്കാട്   കൊലപാതകം ആസൂത്രണം ചെയ്തത് പട്ടാമ്പി സ്വദേശി; പട്ടാമ്പി തൃത്താല  മേഖലകളില്‍ റെയ്‍ഡ് .ഒരാള്‍ കൂടി പിടിയിൽ. 


പാലക്കാട്∙ ആർഎസ്എസ് നേതാവ് ശ്രീനിവാസന്‍ വധക്കേസിന്റെ അന്വേഷണത്തിന്റെ ഭാഗമായി എസ്ഡിപിഐ സ്വാധീനമേഖലകളില്‍ പൊലീസ് പരിശോധന. വീടുകളിലും പാര്‍ട്ടി ഓഫിസുകളിലും പരിശോധന തുടരുകയാണ്. കൊലപാതകം ആസൂത്രണം ചെയ്തത് പട്ടാമ്പി സ്വദേശിയെന്ന് സ്ഥിരീകരിച്ചതിനു പിന്നാലെയാണ് നടപടി.എസ്ഡിപിഐ സ്വാധീനമേഖലയാണ് പട്ടാമ്പിയും പരിസര പ്രദേശങ്ങളും. അവിടെയാണ് കൊലപാതകം ആസൂത്രണം ചെയ്തത്. കൃത്യത്തിന് ശേഷം പ്രതികൾ പട്ടാമ്പിയിലെത്തി ഒളിച്ചുതാമസിച്ചതായും വിവരമുണ്ട്. കൊലപാതകത്തിൽ നേരിട്ട് പങ്കെടുത്ത 5 പേരെ ഇനിയും കണ്ടെത്തിയിട്ടില്ല.


പരിശോധന നടത്തുന്ന പ്രദേശങ്ങളിലെ പലരും ഒളിവിലാണ്. അക്രമസംഭവങ്ങൾ ഉണ്ടാകുമെന്നോ പൊലീസിനെ ഭയന്നോ ആകാം ഇവർ പോയതെന്ന് കരുതുന്നു. പട്ടാമ്പി പരിസരത്ത് ഡിവൈഎസ്പിയുടെ നേതൃത്വത്തിൽ വൻ പൊലീസ് സന്നാഹം നിലയുറപ്പിച്ചിട്ടുണ്ട്.


പാലക്കാട് ആർ.എസ്.എസ് നേതാവ് ശ്രീനിവാസനെ കൊലപ്പെടുത്തിയ കേസിൽ ഒരാള്‍ കൂടി പിടിയിൽ. ഗൂഢാലോചനയിൽ പങ്കെടുത്ത ഫയാസ് എന്നയാളാണ് പിടിയിലായത്. കൃത്യത്തിൽ നേരിട്ട് പങ്കെടുത്ത ഇഖ്ബാലിനെ രാവിലെ പൊലിസ് കസ്റ്റഡിയിലെടുത്തിരുന്നു. കൊലയാളി സംഘത്തിലെ മറ്റ് അഞ്ചുപേരെ കുറിച്ച് കൃത്യമായ വിവരം ലഭിച്ചെന്ന് ഐ.ജി അശോക് യാദവ് പറഞ്ഞു.


ഇക്ബാലിനെ പാലക്കാട് നഗര പരിധിയിൽ നിന്നു തന്നെയാണ് പിടികൂടിയത്. ഇയാൾ കൊലപാതകത്തിൽ നേരിട്ട് പങ്കെടുത്ത ആറംഗസംഘത്തിലെ ഒരാളാണ്. ഇവർ രണ്ടുപേരും എസ്.ഡി.പി.ഐ പ്രവർത്തകരാണ്. ഇതോടെ കേസിൽ പിടിയിലായവരുടെ എണ്ണം പന്ത്രണ്ടായി.പോപ്പുലർ ഫ്രണ്ട് നേതാവ് സുബൈർ വധക്കേസിൽ പ്രതികളെ കസ്റ്റഡിയിൽ വാങ്ങാൻ അപേക്ഷ നൽകുമെന്ന് ഐ.ജി അറിയിച്ചിരുന്നു. സുബൈർ വധക്കേസിലെ പ്രതികളെ റിമാൻഡ് ചെയ്തിരുന്നു. രമേശ്, ശരവണൻ, അറുമുഖൻ എന്നിവരെ ചിറ്റൂർ ജയിലിലേക്ക് മാറ്റിയിരിക്കുകയാണ്. രാഷ്ട്രീയ കൊലപാതകമാണെന്നാണ് റിമാൻഡ് റിപ്പോർട്ട്. സഞ്ജിത്തിന്റെ കൊലപാതകത്തിൽ പ്രതികാരം തീർക്കുകയായിരുന്നുവെന്നാണ് റിപ്പോർട്ടിൽ പറയുന്നത്.