28 March 2024 Thursday

അണ്ണാമല വിദൂര വിദ്യാഭ്യാസത്തിന് അംഗീകാരമില്ല: വിദ്യാർഥികൾ പ്രതിസന്ധിയിൽ

ckmnews

തൃശൂര്‍: അണ്ണാമല സർവ്വകലാശാലയുടെ വിദൂര വിദ്യാഭ്യാസത്തിന് നിയമസാധുത ഇല്ലെന്ന യുജിസി ഉത്തരവ് വന്നതോടെ നിരവധി പേർ ആശങ്കയിൽ. 2015 മുതലുള്ള വിദൂര വിദ്യാഭ്യാസത്തിന് അംഗീകാരമില്ലെന്ന സർക്കുലർ ഉപരിപഠനത്തെ മാത്രമല്ല സർട്ടിഫിക്കറ്റ് ഉപയോഗിച്ച് ജോലിക്ക് കയറിയവരെയും ബാധിക്കും.


2015 മുതൽ അണ്ണാമല സർവകലാശാല നടത്തുന്ന കോഴ്‌സുകൾക്ക് അംഗീകാരം നൽകാൻ കഴിയില്ലെന്നാണ് യുജിസി ഉത്തരവ്‌ ഇറക്കിയിരിക്കുന്നത്. വിദൂര വിദ്യാഭ്യാസ കോഴ്‌സുകൾ നടത്തുമ്പോൾ പാലിക്കേണ്ട ചട്ടങ്ങൾ ലംഘിച്ചുവെന്നും അനുമതി ഇല്ലാതെ കഴിഞ്ഞ 7 വർഷത്തോളം ഇത് തുടർന്നുവെന്നുമാണ് ഈ വർഷം മാർച്ച് 25ന് ഇറക്കിയ ഉത്തരവിൽ പറയുന്നത്. ബിരുദം കഴിഞ്ഞ് ഉന്നത വിദ്യാഭ്യാസത്തിനു തയ്യാറെടുക്കുന്നവർ, സർട്ടിഫിക്കറ്റ് ഉപയോഗിച്ച് ജോലിക്ക് കയറിയവർ, പി.എസ്.സി ഉൾപ്പെടെ പല ഉദ്യോഗത്തിനും ലിസ്റ്റിൽ ഉള്ളവർ എന്നിങ്ങനെ കേരളത്തിലെ പതിനായിരക്കണക്കിന് ആളുകളെ ഇത് നേരിട്ട് ബാധിക്കും.


2015ന് ശേഷം അണ്ണാമലയിൽ വിദൂര വിദ്യാഭ്യാസം നേടിയവരുടെ ഉത്തരവാദിത്വം സർവ്വകലാശാലക്ക് മാത്രമാണെന്ന യുജിസി നിലപാടും വലിയ ആശങ്കയാണുണ്ടാക്കുന്നത്. ഇക്കാര്യത്തിൽ സംസ്ഥാന സർക്കാർ ഇടപെടണമെന്നാണ് വിദ്യാർത്ഥികളുടെയും ഉദ്യോഗാർഥികളുടെയും ആവശ്യം.