25 April 2024 Thursday

പൊന്നാനിയിലെ പട്ടയമേളയിൽ 835 കുടുംബങ്ങൾ ഭൂമിയുടെ അവകാശികളായി

ckmnews

പൊന്നാനിയിലെ പട്ടയമേളയിൽ 835 കുടുംബങ്ങൾ ഭൂമിയുടെ അവകാശികളായി


പൊന്നാനി:പതിറ്റാണ്ടുകളുടെ കാത്തിരിപ്പിനൊടുവിൽ ഒരുതുണ്ട് ഭൂമിയുടെ അവകാശികളായി മാറിയപ്പോൾ സന്തോഷവും ആഹ്ലാദവും കണ്ണീരും ഊർന്നിറങ്ങിയ ചരിത്ര നിമിഷത്തിനാണ് പൊന്നാനി മാസ് ഓഡിറ്റോറിയവും നിറഞ്ഞ സദസും സാക്ഷിയായത്. റവന്യു മന്ത്രി കെ രാജനിൽനിന്ന് പട്ടയം ഏറ്റുവാങ്ങുമ്പോൾ ഇറ്റിവീണ കണ്ണുനീർ ഭൂമിയുടെ അവകാശികളാക്കിയ സർക്കാരിനോടുള്ള കടപ്പാടും നന്ദിയുമായി മാറി. രണ്ടാം പിണറായി സർക്കാരിന്റെ 100 ദിന കർമ പരിപാടിയുടെ ഭാഗമായി എല്ലാവർക്കും ഭൂമി, എല്ലാ ഭൂമിക്കും രേഖ, എല്ലാ സേവനങ്ങളും സ്മാർട്ട് എന്ന പ്രഖ്യാപിത ലക്ഷ്യത്തിന്റെ ഭാഗമായി നടന്ന പട്ടയമേളയിൽ 835 പേരാണ് ഭൂമിയുടെ അവകാശികളായത്. ഉത്സവാന്തരീക്ഷത്തിൽ നടന്ന പട്ടയമേളയുടെ ഉദ്ഘാടനം റവന്യൂ മന്ത്രി കെ രാജൻ നിർവഹിച്ചു. പൊന്നാനി താലൂക്ക്‌ ഇ ഓഫീസ് ആക്കി മാറ്റുന്നതിന്റെയും പൊന്നാനിയിൽ ആരംഭിച്ച എമർജൻസി ഓപറേഷൻ സെന്ററിന്റെയും ഉദ്ഘാടനവും മന്ത്രി നിർവഹിച്ചു. കെ ടി ജലീൽ എംഎൽഎ അധ്യക്ഷനായി. തിരൂർ ആർഡിഒക്കുകീഴിലെ പൊന്നാനി, തിരൂർ, തിരൂരങ്ങാടി താലൂക്കിലെ ഗുണഭോക്താക്കൾക്കാണ് പട്ടയങ്ങൾ വിതരണംചെയ്തത്. പൊന്നാനി –-157,  തിരൂർ  –-346 ,  തിരൂരങ്ങാടിയിൽ 85 കോളനി പട്ടയം ഉൾപ്പെടെ 332 പട്ടയവുമാണ് വിതരണംചെയ്യുന്നത്. ജില്ലാ കലക്ടർ വി ആർ പ്രേംകുമാർ സ്വാഗതം പറഞ്ഞു.  പൊന്നാനി നഗരസഭാ ചെയർമാൻ  ശിവദാസ് ആറ്റുപുറം, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റുമാരായ അഡ്വ. ഇ സിന്ധു, സി രാമകൃഷ്ണൻ, കെ സൽ‍മ, കെ ടി സാജിത, എം ബെൻസിറ എന്നിവർ സംസാരിച്ചു.  തിരൂർ ആർഡിഒ പി സുരേഷ് നന്ദി പറഞ്ഞു.