29 March 2024 Friday

'മിന്നല്‍ മുരളി'യുടെ സെറ്റ് തകർത്ത മുഖ്യ പ്രതിയെ കാപ്പ ചുമത്തി ജയിലിലടച്ചു

ckmnews

'മിന്നല്‍ മുരളി' സിനിമയുടെ സെറ്റ് തകർത്ത കേസിലെ മുഖ്യപ്രതിയായ മലയാറ്റൂർ കാടപ്പാറ ചെത്തിക്കാട്ട് വീട്ടിൽ രതീഷിനെ കാപ്പ ചുമത്തി ജയിലിലടച്ചു. എറണാകുളം റൂറൽ, കൊല്ലം, തൃശൂർ, മലപ്പുറം ജില്ലകളിൽ രതീഷ് പതിമൂന്നോളം കേസുകളിൽ പ്രതിയാണ്. ജില്ലാ പൊലീസ് മേധാവി കെ കാർത്തിക്കിന്‍റെ റിപ്പോർട്ടിന്‍റെ അടിസ്ഥാനത്തിലാണ് നടപടി സ്വീകരിച്ചിരിക്കുന്നത്. കൊലപാതകം, കൊലപാതക ശ്രമം, കഠിന ദേഹോപദ്രവം, ആയുധ നിയമം, സ്‌ഫോടക വസ്തുനിയമം തുടങ്ങിയ കേസുകൾ ഇയാളുടെ പേരിൽ ഉണ്ട്.


കാലടി സനൽ വധക്കേസിൽ ജാമ്യം ലഭിച്ച് ജയിൽ മോചിതനായ ശേഷം മണപ്പുറത്ത് 'മിന്നൽ മുരളി'യുടെ സിനിമാ സെറ്റ് തകർത്ത സംഭവത്തിൽ ഒന്നാം പ്രതീയാണ് രതീഷ്. 2020 ൽ ഗുണ്ട നിയമപ്രകാരം നടപടി സ്വീകരിച്ചിരുക്കുകയും ചെയ്‌തിരുന്നു. തുടർന്ന് കഴിഞ്ഞ ജനുവരിയിലാണ് കാലടി പൊലീസ് സ്റ്റേഷനിൽ രജിസ്റ്റർ ചെയ്ത കേസിൽ പ്രതിയായതിനെ തുടർന്നാണ് വീണ്ടും കാപ്പ ചുമത്തി ജയിലിലടക്കാൻ തീരുമാനിച്ചത്.


ഓപ്പറേഷൻ ഡാർക്ക് ഹണ്ടിന്‍റെ ഭാഗമായി ഇതുവരെ കാപ്പ നിയമപ്രകാരം 42 പേരെയാണ് ജയിലിലടച്ചിട്ടുള്ളത്. 31 പേരെ നാടു കടത്തിയിട്ടുമുണ്ട്. മുൻകാല കുറ്റവാളികളേയും, തുടർച്ചയായി സമാധാന ലംഘനം നടത്തുന്നവരേയും നിരീക്ഷിച്ചു വരികയാണെന്നും ക്രിമിനലുകൾക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്നും എസ് പി കെ കാർത്തിക് പറഞ്ഞു.