20 April 2024 Saturday

പണം തട്ടിയെന്ന് പരാതി ; നടൻ ബാബുരാജിനെതിരെ കേസ്

ckmnews

പണം തട്ടിയെന്ന പരാതിയിൽ സിനിമാ താരം ബാബുരാജിന് എതിരെ കേസ് . മൂന്നാറിൽ റവന്യൂ നടപടി നേരിടുന്ന റിസോർട്ട് പാട്ടത്തിന് നൽകി ബാബുരാജ് കബളിപ്പിച്ചതായി വ്യവസായിയുടെ പരാതിയിലാണ് കേസ് . 40 ലക്ഷം രൂപ തട്ടിച്ചെന്നും തിരിച്ചുചോദിച്ചപ്പോൾ ഭീഷണിപ്പെടുത്തിയെന്നുമാണ് കോതമംഗലം തലക്കോട് സ്വദേശി അരുണിന്റെ ആരോപണം . അരുണിന്റെ പരാതിയിൽ കോടതി നിർദ്ദേശപ്രകാരം അടിമാലി പൊലീസ് ബാബുരാജിനെതിരെ കേസെടുത്തു . മൂന്നാർ കമ്പ് ലൈനിൽ ബാബുരാജിന്റെ ഉടമസ്ഥതയിലുള്ള വൈറ്റ് മിസ്റ്റ് റിസോർട്ടുമായി ബന്ധപ്പെട്ടാണ് പരാതി . 2020 ൽ ലോക്ക്ഡൗണിന് തൊട്ടുമുമ്പായാണ് ഈ റിസോർട്ട് തലക്കോട് സ്വദേശി അരുണിന് ബാബുരാജ് പാട്ടത്തിന് നൽകിയത് . 40 ലക്ഷം രൂപ കരുതൽധനമായി വാങ്ങിക്കുകയും ചെയ്തു . എന്നാൽ കൊവിഡ് പ്രതിസന്ധി കാരണം ഒറ്റ ദിവസം പോലും റിസോർട്ട് തുറന്ന് പ്രവർത്തിക്കാനായില്ല . പിന്നീട് കഴിഞ്ഞ വർഷം തുറക്കാനായി പഞ്ചായത്തിനെ സമീപിച്ചപ്പോഴാണ് തട്ടിപ്പ് മനസ്സിലായത് .ആദ്യം പൊലീസ് കേസെടുത്തിരുന്നില്ല . പിന്നീട് കോടതി ഉത്തരവുമായി വന്നപ്പോഴാണ് നടപടിയെടുത്തത് . എന്നാൽ അറസ്റ്റ് ഉണ്ടായില്ല . രണ്ട് തവണ ഹാജരാകാൻ ആവശ്യപ്പെട്ടപ്പോഴും നടൻ ഹാജരായില്ല . അതേസമയം മൂന്ന് ലക്ഷം രൂപ വച്ചുള്ള 11 മാസത്തെ വാടകയും ജോലിക്കാരുടെ ശമ്പളവും കണക്കാക്കുമ്പോൾ നാൽപത് ലക്ഷം തിരിച്ചുകൊടുക്കേണ്ടതില്ലെന്നും എഫ്ഐആർ റദ്ദാക്കണമെന്നാവശ്യപ്പെട്ട് ഹൈക്കോടതിയെ സമീപിച്ചിട്ടുണ്ടെന്നുമാണ് ബാബുരാജ് പ്രതികരിച്ചു .