19 April 2024 Friday

കഞ്ചാവ് കച്ചവടക്കാരന് മാനസാന്തരം വിൽപനക്ക് സൂക്ഷിച്ച 25 പൊതി കഞ്ചാവ് വഴിയെ പോയ എക്സൈസിനെ ഏൽപിച്ച് കഞ്ചാവ് വിൽപനക്കരന്റെ മാതൃക

ckmnews


വഴിയേ പോയ എക്സൈസ് ഉദ്യോഗസ്ഥര്‍ക്ക് അങ്ങോട്ട് ചെന്ന് കഞ്ചാവ് കൊടുത്ത് കീഴടങ്ങി കഞ്ചാവ് കച്ചവടക്കാരന്‍. പൊന്‍മള പള്ളിപ്പടി സ്വദേശിയായ അരൂര്‍ തൊടിക ഹനീഫ ആണ് മദ്യലഹരിയില്‍ എക്സൈസിന് മുന്നില്‍ കീഴടങ്ങിയത്. മദ്യപിച്ച്‌ സ്വബോധം നഷ്ടപെട്ട ഇയാള്‍ എക്സൈസിനെ കണ്ട് അങ്ങോട്ട് പോയി കഞ്ചാവ് സഹിതം കീഴടങ്ങുകയായിരുന്നു.എക്സൈസ് ജീപ്പിന് മുമ്പില്‍ ആടിയാടിയാണ് ഹനീഫ എത്തിയത്. 'ഇത് എന്റെ പൊതിയാണ്, ഇതില്‍ കഞ്ചാവ് ആണ്'. അമ്പരന്ന ഉദ്യോഗസ്ഥർ ഹനീഫയോട് എത്ര ഗ്രാം കഞ്ചാവുണ്ടെന്ന് ചോദിച്ചപ്പോള്‍ അത് ഇപ്പൊ സാര്‍ തന്നെ നോക്കണം എന്നായിരുന്നു മറുപടി. ഇത് എവിടെ നിന്നാണെന്ന അടുത്ത ചോദ്യത്തിന് സ്വന്തമായി ഉണ്ടാക്കാന്‍ ഒന്നും പറ്റില്ലല്ലോ.മഞ്ചേരിയില്‍ നിന്നാണെന്നും മറുപടി. എക്സൈസുകാര്‍ക്ക് കൂടുതല്‍ ചോദിക്കേണ്ടി വന്നില്ല. ഇതിനകം തന്നെ ഹനീഫ വസ്ത്രത്തില്‍ ഒളിപ്പിച്ച 25 പാക്കറ്റ് കഞ്ചാവ് എക്സൈസ് ഉദ്യോഗസ്ഥരെ എല്‍പ്പിക്കുകയായിരുന്നു.വണ്ടൂരിലായിരുന്നു സംഭവം. കഞ്ചാവ് വില്‍പ്പനക്കായാണ് ഇയാള്‍ വണ്ടൂര്‍ പൂക്കുളത്തെത്തിയത്. പൂക്കുളത്ത് താമസിക്കുന്ന ഇതര സംസ്ഥാന തൊഴിലാളികള്‍ക്ക് വേണ്ടി ആയിരുന്നു കഞ്ചാവ് കൊണ്ട് വന്നത്. എക്സൈസ് ഓഫീസിന് അടുത്തുള്ള പൂക്കുളത്തെ ഒരു ഇതര സംസ്ഥാന ക്യാമ്പില്‍ ലഹരി വില്‍പന നടക്കുന്നുണ്ട് എന്ന് വിവരം ലഭിച്ചതോടെ ഇത് അന്വേഷിക്കാന്‍ എക്സൈസ് സംഘം എത്തിയപ്പോഴായിരുന്നു നാടകീയ രംഗങ്ങൾ അരങ്ങേറിയത്.എക്സൈസ് സംഘത്തിന്റെ ജീപ്പിന് അരികിലേക്ക് മദ്യപിച്ചു ബോധം നഷ്ടപ്പെട്ടാണ് ഇയാൾ എത്തിയത്.ഇയാളെ പരിശോധിച്ചപ്പോള്‍ 22 ചെറിയ പാക്കറ്റ് കഞ്ചാവ് കണ്ടെത്തി. ഇത് ക്യാമ്പില്‍ വിതരണം ചെയ്യാന്‍ കൊണ്ട് വന്നതാണ് എന്നും സമ്മതിച്ചു.