29 March 2024 Friday

എന്ന് തീരും ഈ ദുരിതം : ഞങ്ങളെ ആത്മഹത്യയില്‍ നിന്ന് രക്ഷിക്കണം ലക്ഷങ്ങളുടെ നഷ്ടങ്ങള്‍ എണ്ണിപ്പറഞ്ഞ് വ്യാപാരികള്‍

ckmnews


ചങ്ങരംകുളം:എന്ന് തീരും ഈ ദുരിതം ദുരിതങ്ങള്‍ തീരുമ്പോള്‍ ഞങ്ങളൊക്കെ ജീവനോടെ ഉണ്ടാവുമോ..കോവിഡ് പ്രതിസന്ധിയും നിയന്ത്രണങ്ങളും മൂലം ആത്മഹത്യയുടെ വക്കിലെത്തി നില്‍ക്കുന്ന ഒരു കൂട്ടം വ്യാപാരികളുടെ കണ്ണീരില്‍ കുതിര്‍ന്ന ചോദ്യങ്ങള്‍ക്ക് മുന്നില്‍ ഉത്തരം നല്‍കാനാവുന്നില്ല.ലക്ഷങ്ങളുടെ ബാധ്യതകളുണ്ട്,ലോണും കുറികളും,വട്ടിപ്പലിശയും കൊണ്ട് നിത്യജീവിതം കഴിയുന്ന ഞങ്ങളുടെ കുടുംബം പട്ടിണിയിലാണ്.ഭീമമായ കറന്റ് ബില്‍,കെട്ടിട വാടക,ജീവനക്കാരുടെ ശമ്പളം എല്ലാം കഴിഞ്ഞ നാല് മാസമായി മുടങ്ങി കിടക്കുന്നു.വില്‍പനക്കായി എത്തിച്ച ലക്ഷക്കണക്കിന് രൂപയുടെ വസ്തുക്കള്‍ നശിച്ച് കൊണ്ടിരിക്കുന്നു.ഓരോ വ്യാപാരികളും എണ്ണിയെണ്ണി പറയുന്ന വേദനകളും സങ്കടങ്ങളും ആരെയും കണ്ണീരിലാഴ്ത്തുന്നതാണ്.പ്രതിസന്ധികള്‍ തീര്‍ന്ന് സ്ഥാപനങ്ങള്‍ തുറക്കുമ്പോള്‍ ഞങ്ങളുടെ അവസ്ഥകള്‍ എന്താവുമെന്ന് അധികൃതര്‍ മനസിലാക്കണം.എണ്ണിയാല്‍ തീരാത്ത ബാധ്യതകള്‍ ബാക്കിയാക്കി ജീവിതം തന്നെ അവസാനിപ്പിക്കേണ്ട അവസ്ഥയിലേക്ക് ഞങ്ങളെ തള്ളി വിടുന്നതിന് മുമ്പ് ഞങ്ങളെ രക്ഷിക്കണം.ലക്ഷങ്ങളുടെ നഷ്ടങ്ങള്‍ എണ്ണിപ്പറഞ്ഞ് വ്യാപാരികള്‍ കണ്ണീരൊഴുക്കുന്നു.മൂന്ന് മാസത്തോളം അടച്ചിട്ട സ്ഥാപനങ്ങള്‍ പലതും പ്രതീക്ഷകളോടെ തുറന്ന് പൊടിതട്ടിയെടുത്ത് കച്ചവടം തുടങ്ങാനൊരുങ്ങിയ ആയിരക്കണക്കിന് വരുന്ന വ്യാപാരികളാണ്    അപ്രതീക്ഷിതമായി പൊന്നാനി താലൂക്കില്‍ ഉണ്ടായ നിയന്ത്രണങ്ങള്‍ മൂലം വെട്ടിലായത്.ആയിരക്കണക്കിന് ചെറുതും വലുതുമായ കച്ചവടക്കാരുടെയും ഇവരുടെ ചുവട് പറ്റി ജീവിക്കുന്ന ജീവനക്കാര്‍ അടക്കമുള്ളവരുടെയും കുടുംബങ്ങള്‍ തീരാദുരിതത്തിലായിട്ട് മാസങ്ങള്‍ കഴിയുന്നു.മാസ്കും സാനിറ്റൈസറും ഉപയോഗിച്ചോളാം,സാമൂഹ്യ അകലവും സര്‍ക്കാര്‍ നല്‍കുന്ന മറ്റു നിര്‍ദേശങ്ങളും പാലിച്ചോളാം ഞങ്ങളെ സ്ഥാപനങ്ങള്‍ തുറക്കാനും കച്ചവടം ചെയ്യാനും അനുവദിക്കണം.ആവശ്യങ്ങള്‍ സര്‍ക്കാരിന് മുന്നില്‍ അവതരിപ്പിച്ച് ജീവിതം തിരിച്ച് പിടിക്കാനുള്ള അവസാന ശ്രമത്തിനായി കാത്തിരിക്കുകയാണ് ജീവിതം വഴി മുട്ടിയ വ്യാപാരികള്‍