25 April 2024 Thursday

പെനല്‍റ്റി നഷ്ടമാക്കി , കേരളത്തിന് മേഘാലയയുടെ സമനില പൂട്ട്, സെമി ഉറപ്പിക്കാന്‍ കാത്തിരിപ്പ്

ckmnews

മലപ്പുറം: സന്തോഷ് ട്രോഫി ഫുട്ബോളില്‍ കേരളത്തെ സമനിലയില്‍ പൂട്ടി മേഘാലയ. ഇരു ടീമുകളും രണ്ട് ഗോള്‍ വീതം നേടി സമനിലയില്‍ പിരിഞ്ഞു. 17 ാം മിനുട്ടില്‍ മുഹമ്മദ് സഫ്‌നാദിലൂടെ കേരളമാണ് ആദ്യ ലീഡെടുത്തത്. 40 ാം മിനുട്ടില്‍ കിന്‍സായിബോര്‍ ലൂയിഡിലൂടെ മേഘാലയ സമനില പിടിച്ചു. 55 ാം മിനുട്ടില്‍ ഫിഗോ സിന്‍ഡായിിയലൂടെ മേഘാലയ ലീഡ് എടുത്തെങ്കിലും ആ ലീഡിന് മൂന്ന് മിനുട്ടിന്‍റെ ആയുസ് മാത്രമാണ് ഉണ്ടായിരുന്നത്. 58-ാം മിനിറ്റില്‍ മുഹമ്മദ് ഷഹീഫിലൂടെ കേരളം സമനില പിടിച്ചു.


49 ാം മിനുട്ടില്‍ ജെസിനെ ബോക്‌സില്‍ വീഴ്ത്തിയതിന് ലഭിച്ച പെനല്‍റ്റി ക്യാപ്റ്റന്‍ ജിജോ ജോസഫ് ബാറിന് മുകളിലൂടെ പുറത്തേക്ക് അടിച്ചത് കേരളത്തിന് തിരിച്ചടിയായി. മൂന്ന് മത്സരത്തില്‍ രണ്ട് വിജയവും ഒരു സമനിലയും നേടി ഏഴ് പോയന്‍റുമായി കേരളമാണ് ഗ്രൂപ്പ് എയില്‍ ഒന്നാമത്. രണ്ട് മത്സരങ്ങളില്‍ ഒരു ജയവും ഒരു സമനിലയുമായി നാല് പോയിന്റുമായി മേഘാലയയാണ് രണ്ടാമത്. സെമി ഫൈനല്‍ യോഗ്യത നേടാന്‍ കേരളം ഒരു മത്സരം കൂടെ കാത്തിരിക്കണം. വെള്ളിയാഴ്ച പഞ്ചാബിനെതിരെയാണ് ഗ്രൂപ്പില്‍ കേരളത്തിന്‍റെ അവസാന മത്സരം.