25 April 2024 Thursday

വിശുദ്ധ ഖുർആൻ കാലത്തെ അതിജയിച്ച ഗ്രന്ഥം നഹാസ് മാള

ckmnews



പെരുമ്പിലാവ് : വിശുദ്ധ ഖുർആൻ കാലത്തെ അതിജയിച്ച ഗ്രന്ഥമാണെന്നും മനുഷ്യ നിർമ്മിത പ്രത്യയ ശാസ്ത്രങ്ങൾക്ക് ഖുർആനിന്റെ വെളിച്ചം ഊതിക്കെടുത്താനാവില്ലെന്നും സോളിഡാരിറ്റി യൂത്ത് മൂവ്മെന്റ് സംസ്ഥാന  പ്രസിഡന്റ് നഹാസ് മാള അഭിപ്രായപ്പെട്ടു. പാഥേയമൊരുക്കാം റമദാനിലൂടെ എന്ന ശീർഷകത്തിൽ ജമാഅത്തെ ഇസ്ലാമി കുന്നംകുളം ഏരിയ കമ്മറ്റി  പെരുമ്പിലാവ് അൻസാർ കോളേജ് ഓഡിറ്റോറിയത്തിൽ സംഘടിപ്പിച്ച ഖുർആൻ സമ്മേളനം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.  ഖുർആൻ അവതരണം കൊണ്ട് പവിത്രമാക്കപ്പെട്ട റമദാൻ മാസത്തിൽ വിശുദ്ധ ഖുർആന്റെ നിർദേശങ്ങൾക്കനുസരിച്ച് ജീവിതം കെട്ടിപ്പെടുക്കണമെന്ന് മുഖ്യപ്രഭാഷണം നിർവ്വഹിച്ചു കൊണ്ട് ചാവക്കാട് ടൗൺ ജുമുഅ മസ്ജിദ് ഖത്തീബ് സാക്കിർ നദ് വി ആവശ്യപ്പെട്ടു. പുരുഷൻമാർക്ക് അവരിൽ നിന്ന് അവകാശമുള്ളത് പോലെ തന്നെ സ്ത്രീകൾക്കും ന്യായമായ അവകാശങ്ങളുണ്ട്. കുടുംബ സംസ്ക്കരണത്തിനും , സമൂഹനിർമ്മിതിക്കും അതുവഴി തലമുറകളുടെ സമുദ്ധാരണത്തിനും സ്ത്രീകളുടെ പങ്ക് നിസ്തുലമാണെന്ന കാര്യം വിശുദ്ധ ഖുർആൻ നമ്മെ ഓർമ്മിപ്പിക്കുന്നതായി   ജമാഅത്തെ ഇസ്ലാമി ഹിന്ദ് വനിതാ വിഭാഗം സംസ്ഥാന ജനറൽ സെക്രട്ടറി പിറുക്സാന പറഞ്ഞു. സമ്മേളനത്തിൽ  ഖുർആനിലെ സ്ത്രീകൾ എന്ന വിഷയത്തിൽ  സംസാരിക്കുകയായിരുന്നു അവർ.  ജമാഅത്തെ ഇസ്ലാമി ഏരിയ പ്രസിഡന്റ് ഷാജു മുഹമ്മതുണ്ണി അധ്യക്ഷത വഹിച്ചു. മസ്ജിദു റഹ്മ മഹല്ല് ഇമാം എ.കെ. അബ്ദുൾ കരീം ഖിറാഅത്ത് നടത്തി. ഏരിയ സെക്രട്ടറി പി. മുനീർ സ്വാഗതവും ഇ.വി.എം. ഷെരീഫ് നന്ദിയും പറഞ്ഞു.  ജമാഅത്തെ ഇസ്ലാമി ഹിന്ദ് വനിതാ വിഭാഗം ജില്ല പ്രസിഡന്റ് പി.സി. ഉമ്മു കുൽസു , ഏരിയ പ്രസിഡന്റ് ഷെരീഫ അമീൻ എന്നിവർ പങ്കെടുത്തു.