29 March 2024 Friday

സംസ്ഥാന സര്‍ക്കാരുകളുടെ ബാധ്യത കുറയ്ക്കാന്‍ ജിഎസ്ടി നിരക്ക് ഉയര്‍ത്തുമെന്ന പ്രചാരണം തള്ളി കേന്ദ്രം

ckmnews

സംസ്ഥാന സര്‍ക്കാരുകളുടെ സാമ്പത്തിക ബാധ്യത കുറയ്ക്കുന്നതിന്റെ ഭാഗമായി ടാക്‌സ് സ്ലാബുകളില്‍ വ്യത്യാസം വരുത്തുമെന്ന പ്രചാരണത്തെ തള്ളി കേന്ദ്രസര്‍ക്കാര്‍. സര്‍ക്കാരോ ജിഎസ്ടി കൗണ്‍സിലോ ഇത്തരം യാതൊരു തീരുമാനവും എടുത്തിട്ടില്ലെന്ന് കേന്ദ്രസര്‍ക്കാര്‍ വ്യക്തമാക്കി. കൗണ്‍സിലില്‍ നിന്നും ജിഎസ്ടി നിരക്കുകള്‍ വര്‍ധിപ്പിക്കുന്നതിനായി യാതൊരുവിധ ശുപാര്‍ശയും വന്നിട്ടില്ലെന്നും കേന്ദ്രസര്‍ക്കാര്‍ അറിയിച്ചു. 


ജിഎസ്ടി നിരക്കുകളുടെ 5 ശതമാനം നികുതി സ്ലാബ് 8 ശതമാനമായി ഉയര്‍ത്താന്‍ ജിഎസ്ടി കൗണ്‍സില്‍ കേന്ദ്രസര്‍ക്കാരിനോട് ശുപാര്‍ശ ചെയ്‌തെന്നായിരുന്നു പ്രചരണം. നിലവില്‍ ജിഎസ്ടി നാല് ടാക്‌സ് സ്ലാബ് ഘടനയാണുള്ളത്. 5,12,18,28 ശതമാനങ്ങളിലുള്ള സ്ലാബുകളില്‍ മാറ്റങ്ങള്‍ വരുത്താന്‍ നിലവില്‍ യാതൊരു തീരുമാനവും എടുത്തിട്ടില്ലെന്ന് കേന്ദ്രസര്‍ക്കാര്‍ വ്യക്തമാക്കി.


കേന്ദ്രധനമന്ത്രി നിര്‍മല സീതാരാമന്‍ അമേരിക്കയിലായതിനാല്‍ അടുത്ത ജിഎസ്ടി കൗണ്‍സില്‍ യോഗത്തിനായുള്ള തിയതി ഇതുവരെ തീരുമാനിച്ചിട്ടില്ല. സംസ്ഥാനങ്ങളില്‍ നിന്നുള്ള മന്ത്രിമാര്‍ ഉള്‍പ്പെടുന്ന ഒരു സംഘം ജിഎസ്ടി നിരക്കുകള്‍ യുക്തിസഹമാക്കുന്നതിന്റെ അന്തിമ രൂപം നല്‍കിയിട്ടില്ല. കഴിഞ്ഞ ജിഎസ്ടി കൗണ്‍സില്‍ യോഗം നടന്നത് 2021 മാര്‍ച്ച് 31നായിരുന്നു. അത് ജിഎസ്ടി കൗണ്‍സിലിന്റെ 46-ാമത് യോഗമായിരുന്നു.