19 April 2024 Friday

മാനസികാരോഗ്യ കേന്ദ്രങ്ങളുടെ കാലോചിത പരിഷ്‌ക്കാരം സാധ്യമാക്കും: മന്ത്രി വീണാ ജോർജ്

ckmnews

തിരുവനന്തപുരം: സംസ്ഥാനത്തെ മാനസികാരോഗ്യ കേന്ദ്രങ്ങളുടെ കാലോചിതമായ പരിഷ്‌ക്കാരം സാധ്യമാക്കുമെന്ന് ആരോഗ്യവകുപ്പ് മന്ത്രി വീണാ ജോർജ്. മാനസികാരോഗ്യ കേന്ദ്രങ്ങളുടെ നവീകരണത്തിനും അടിസ്ഥാന സൗകര്യ വികസനത്തിനുമുള്ള നടപടികൾ വേഗത്തിലാക്കും. മാനസികാരോഗ്യ കേന്ദ്രങ്ങളെ ശാസ്ത്രീയമായി നവീകരിക്കും. മാനസികാരോഗ്യ കേന്ദ്രങ്ങളെ കാലോചിതമായി പരിഷ്‌ക്കരിക്കുന്നതിന് വിശദമായ റിപ്പോർട്ട് സമർപ്പിക്കാൻ ഒരു വിദഗ്ധ സമിതിയെ നിയോഗിക്കും. ഇതുകൂടാതെ മൂന്ന് മാനസികാരോഗ്യ കേന്ദ്രങ്ങളുടെ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നതിന് ആരോഗ്യ വകുപ്പ് അഡീഷണൽ ഡയറക്ടറെ ചുമതലപ്പെടുത്തിയെന്നും മന്ത്രി പറഞ്ഞു.


മാനസികാരോഗ്യ കേന്ദ്രങ്ങളുടെ പ്രവർത്തനങ്ങൾ സംബന്ധിച്ച് മന്ത്രിയുടെ നേതൃത്വത്തിൽ അവലോകന യോഗം ചേർന്നു. മൂന്ന് മാനസികാരോഗ്യ കേന്ദ്രങ്ങളിലും അടിസ്ഥാന സൗകര്യങ്ങൾ മെച്ചപ്പെടുത്തും. കോഴിക്കോട് 400 കോടി രൂപയുടെ മാസ്റ്റർ പ്ലാൻ അടിസ്ഥാനമാക്കി ആദ്യ ഘട്ടത്തിൽ 100 കോടി രൂപയുടേയും തൃശൂരിൽ രണ്ട് ഘട്ടങ്ങളിലായി ആകെ 98 കോടി രൂപയുടേയും തിരുവനന്തപുരത്ത് 100 കോടി രൂപയുടേയും അടിസ്ഥാന സൗകര്യ വികസനത്തിനുള്ള നടപടികളാണ് സ്വീകരിക്കാൻ ലക്ഷ്യമിട്ടിട്ടുള്ളത്. ഇതിനുള്ള തുടർനടപടികൾ സമയബന്ധിതമായി പൂർത്തിയാക്കാൻ മന്ത്രി നിർദേശം നൽകി.


രോഗം ഭേദമായ ശേഷവും ബന്ധുക്കൾ ഏറ്റെടുക്കാതെ മാനസികാരോഗ്യ കേന്ദ്രങ്ങളിൽ കഴിയുന്നവരുടെ പുനരധിവാസം മറ്റ് വകുപ്പുകളുടെ സഹകരണത്തോടുകൂടി ഉറപ്പാക്കും. മാനസികാരോഗ്യ കേന്ദ്രങ്ങളുടെ ചുറ്റുമതിൽ ബലപ്പെടുത്തുന്നതിനും സെക്യൂരിറ്റി സംവിധാനം ശക്തിപ്പെടുത്തുന്നതിനും നടപടി സ്വീകരിക്കും. എല്ലാ മാനസികാരോഗ്യ കേന്ദ്രങ്ങളിലും സിസിടിവി സംവിധാനം ഏർപ്പെടുത്തും. പുതിയ തസ്തികകൾ സൃഷ്ടിക്കുന്നതിനുള്ള നടപടി സ്വീകരിക്കും. നിർത്തലാക്കിയ കുക്ക് ഉൾപ്പെടെയുള്ള തസ്തികകൾ പുനസ്ഥാപിക്കുമെന്നും മന്ത്രി വ്യക്തമാക്കി.