29 March 2024 Friday

തെലുങ്ക് നിർമാതാവ് നാരായൺദാസ് നരം​​ഗ് അന്തരിച്ചു; അനുശോചിച്ച് പ്രമുഖർ

ckmnews

തെലുങ്കിലെ പ്രശസ്ത ചലച്ചിത്ര നിർമാതാവ് നാരായൺദാസ് നരം​​ഗ് അന്തരിച്ചു. 76 വയസായിരുന്നു. ഹൈദരാബാദിലായിരുന്നു അന്ത്യം. നിരവധി ചിത്രങ്ങൾ നിർമിച്ചിട്ടുള്ള നാരായൺ ദാസ് ഹൈദരാബാദിലെ എ.എം.ബി സിനിമാസിന്റെ സഹ ഉടമ കൂടിയാണ്. ആന്ധ്രയിലെ ഫിലിം ചേംബർ ഓഫ് കൊമേഴ്സ് പ്രസിഡന്റായിരുന്നു അദ്ദേഹം.


നിരവധി പ്രമുഖരാണ് അദ്ദേഹത്തിന്റെ വിയോ​ഗത്തിൽ ആദരാഞ്ജലികൾ അർപ്പിച്ചത്. നാരായൺദാസ് നരം​ഗിന്റെ വിയോ​ഗത്തിൽ ആദരാഞ്ജലിയർപ്പിക്കുന്നുവെന്ന് നടൻ ചിരഞ്ജീവി ട്വീറ്റ് ചെയ്തു. നാരായൺദാസിനൊപ്പം ജോലി ചെയ്യാനായതിൽ സന്തോഷമുണ്ടെന്നും സിനിമയേക്കുറിച്ചുള്ള അദ്ദേഹത്തിന്റെ കാഴ്ചപ്പാടും അഭിനിവേശവും തങ്ങളിൽ പലർക്കും പ്രചോദനമാണെന്ന് മഹേഷ് ബാബു പറഞ്ഞു.


നടൻ സുധീർ ബാബു, നടി നമ്രത ശിരോദ്കർ തുടങ്ങിയവരും സോഷ്യൽ മീഡിയയിലൂടെ ആദരാഞ്ജലികളർപ്പിച്ചു. നടന്മാരായ ചിരഞ്ജീവി, മഹേഷ് ബാബു, നാ​ഗാർജുൻ, നൈ​ഗചൈതന്യ, മഞ്ചു വിഷ്ണു, സുന്ദീപ് കിഷൻ, ആദിവിശേഷ്, നിർമാതാവ് അല്ലു അരവിന്ദ് തുടങ്ങി നിരവധി പേരാണ് നാരായൺദാസിന് അന്ത്യാഞ്ജലിയർപ്പിക്കാൻ അദ്ദേഹത്തിന്റെ വസതിയിലെത്തിയത്.


നാ​ഗചൈതന്യ നായകനായ ലവ് സ്റ്റോറി, നാ​ഗശൗര്യ നായകനായ ലക്ഷ്യ എന്നിവയാണ് അദ്ദേഹം അവസാനമായി നിർമിച്ച ചിത്രങ്ങൾ.