28 March 2024 Thursday

കർണാടകയിൽ‍ മലയാളികളുടെ മരണം; ദുരൂഹത സമാന സാഹചര്യങ്ങളിൽ മുൻപും 2 പേർ മരിച്ചു

ckmnews

കർണാടകയിൽ‍ മലയാളികളുടെ മരണം; ദുരൂഹത


സമാന സാഹചര്യങ്ങളിൽ മുൻപും 2 പേർ മരിച്ചു


കൊട്ടാരക്കര:കർണാടകയിൽ‍ തൊഴിലിടങ്ങളിൽ കൊട്ടാരക്കര സ്വദേശികളായ 2 പേർ മരിച്ച സംഭവങ്ങളിൽ ദുരൂഹത. മുൻപും സമാന സാഹചര്യങ്ങളിൽ 2 പേർ മരിച്ചിട്ടുണ്ടെന്ന വിവരവും പുറത്തായതോടെ അന്വേഷണം വേണമെന്ന ആവശ്യവും ഉയർന്നു. ഡിജിപി മുഖേന കർണാടക പൊലീസിനെ സമീപിച്ച് അന്വേഷണം വിപുലപ്പെടുത്താനാണു ബന്ധുക്കളുടെയും ജനപ്രതിനിധികളുടെയും ശ്രമം.കിണറിന്റെ‍ റിങ് നിർമാണ ജോലിക്കായി പോയ വാളകം ഇടയം കോളനിയിൽ കാവരയ്യത്ത് വീട്ടിൽ ഗോപാലൻ(54) മംഗലാപുരം ഉഡുപ്പി അഗുമ്പെയിലും, കരിക്ക് വ്യാപാരത്തിനു പോയ തലച്ചിറ ചിരട്ടക്കോണം വിഷ്ണുഭവനിൽ വിഷ്ണു ബാബു (29) മൈസൂരുവിലെ വാടകവീട്ടിലും മരിച്ച നിലയിൽ കാണപ്പെടുകയായിരുന്നു. ആറുമാസം മുൻപു വെട്ടിക്കവല മുട്ടുക്കോണം സ്വദേശിയായ ഇരുപത്തേഴുകാരനും ഒരു വർഷം മുൻപു കരീപ്ര സ്വദേശിയും കർണാടകയിൽ മരിച്ചു. ഇരുവരും കിണർ നിർമാണ ജോലിക്കായി കർണാടകയിൽ എത്തിയവരാണ്.9 മാസം മുൻപാണു ഗോപാലൻ കർണാടകയിൽ‍ കിണർ പണിക്ക് എത്തിയത്. 10 ദിവസം മുൻപു മരിച്ചു. മരണവിവരം യഥാസമയം കുടുംബാംഗങ്ങളെ അറിയിച്ചില്ല. മൃതദേഹം കർണാടകയിൽ തന്നെ സംസ്കരിച്ച് 3 ദിവസം കഴിഞ്ഞാണു കുടുംബാംഗങ്ങൾ വിവരം അറിയുന്നത്. ജോലി സ്ഥലത്തു മരിച്ചു എന്ന വിവരം മാത്രമാണു ലഭിച്ചത്. കോൺഗ്രസ് പ്രവർത്തകർ കൊടിക്കുന്നിൽ സുരേഷ് എംപി വഴി കർണാടക പൊലീസിനെ ബന്ധപ്പെട്ടു. ബന്ധുക്കൾ മുഖ്യമന്ത്രിക്കും ഡിജിപിക്കും പരാതി നൽകി. തലച്ചിറ ചിരട്ടക്കോണംf സാഹചര്യമില്ലെന്നാണ് അടുത്ത ബന്ധുക്കൾ പറയുന്നത്.മരണത്തിനു തലേന്നു രാത്രി വിഷ്ണു ഭാര്യയോടും മകളോടും ഫോണിൽ സംസാരിച്ചെന്നു രക്ഷിതാക്കൾ പറയുന്നു. സന്തോഷത്തോടെയാണു സംസാരിച്ചത്. മൂന്നു ദിവസത്തിനകം നാട്ടിൽ വരുമെന്നും പറഞ്ഞു. കരിക്ക് മൊത്തവിലയ്ക്കു വാങ്ങി വിവിധ സ്ഥലങ്ങളിൽ ചില്ലറ വിൽപനയ്ക്കു വാഹനത്തിൽ എത്തിച്ചു നൽകിയായിരുന്നു വ്യാപാരം. ജില്ലയിലെ ഏജന്റുമാർ മുഖേനയാണു മിക്കവരും കർണാടകയിൽ‌ തൊഴിൽ സ്ഥലങ്ങളിൽ എത്തുന്നത്. മരണശേഷം അവരിൽ പലരും ബന്ധുക്കളെ ബന്ധപ്പെട്ടിട്ടില്ലെന്നും പരാതിയുണ്ട്.മരിച്ചവരെല്ലാം നിർധന കുടുംബാംഗങ്ങളാണ്. സമാനസാഹചര്യത്തിൽ കൂടുതൽ പേർ മരിച്ചിട്ടുണ്ടാകുമെന്നാണ് വിവരം