24 April 2024 Wednesday

മൊബൈലിൽ സൗഹൃദം പിന്നെ പ്രണയം കറക്കം പ്രായപൂർത്തിയാവാത്ത പെൺകുട്ടികളെ പ്രണയം നടിച്ചു വലയിലാക്കുന്ന മൂന്ന് യുവാക്കൾ പിടിയിൽ

ckmnews

മൊബൈലിൽ സൗഹൃദം പിന്നെ പ്രണയം കറക്കം


പ്രായപൂർത്തിയാവാത്ത പെൺകുട്ടികളെ പ്രണയം നടിച്ചു വലയിലാക്കുന്ന മൂന്ന് യുവാക്കൾ പിടിയിൽ


കടുത്തുരുത്തി:പ്രായപൂർത്തിയാകാത്ത പെൺകുട്ടികളെ പ്രണയം നടിച്ചു തട്ടിക്കൊണ്ടു പോകാൻ ശ്രമിക്കുകയും ഉപദ്രവിക്കുകയും ചെയ്തെന്ന പരാതിയിൽ കടുത്തുരുത്തി പൊലീസ് പോക്സോ കേസിൽ അറസ്റ്റ് ചെയ്ത മൂന്ന് പ്രതികളെ റിമാൻഡ് ചെയ്തു. കണ്ണൂർ തളിപ്പറമ്പ് രാമന്തളി കണ്ടത്തിൽ വീട്ടിൽ മിസ്ഹബ് അബ്ദുൽ‍ റഹിമാൻ (20), കണ്ണൂർ ലേരൂർ മാധമംഗലം നെല്ലിയോടൻ വീട്ടിൽ ജിഷ്ണു രാജേഷ് (20), കോഴിക്കോട് വടകര കുറ്റ്യാടി അടുക്കത്ത് മാണിക്കോത്ത് വീട്ടിൽ അഭിനവ് (20) എന്നിവരെയാണ് കോടതി റിമാൻഡ് ചെയ്തത്.


പെൺകുട്ടികളുടെ മൊഴിയെടുത്ത ശേഷമാണ് പൊലീസ് യുവാക്കളെ പിടികൂടിയതെന്ന് കടുത്തുരുത്തി എസ്എച്ച്ഒ കെ.ജെ. തോമസ് പറഞ്ഞു. കോവിഡ് കാലത്ത് മൊബൈൽ വഴിയാണ് കല്ലറയിലും കടുത്തുരുത്തിയിലുമുള്ള പെൺകുട്ടികളുമായി ഇവർ പരിചയപ്പെട്ടത്. പ്രതികളിലൊരാളായ അഭിനവ് രണ്ട് വർഷം മുൻപ് കടുത്തുരുത്തിയിൽ എത്തിയതാണ്. മറ്റ് രണ്ട് പേർ മാസങ്ങൾക്കു മുൻപാണ് ഇവിടെത്തിയത്‌. ഇവർ കല്ലറയിലും കടുത്തുരുത്തിയിലുമായി ലോഡ്ജിലും വീടുകളിലും താമസിച്ചായിരുന്നു പെൺകുട്ടികളെ വലയിലാക്കിയത്.


ഏതാനും ആഴ്ചകൾക്ക് മുൻപ് യുവാക്കളെ പെൺകുട്ടികൾക്കൊപ്പം കടുത്തുരുത്തിയിലെ ദേവാലയത്തിന്റെ സമീപം കണ്ടിരുന്നു. തുടർന്ന് അധികൃതർ ഇവരെ താക്കീത് ചെയ്തു. പിന്നീട് ഇവർ താമസിച്ചിരുന്ന ലോഡ്ജിൽനിന്ന് ഇറക്കിവിട്ട് സമൂഹമാധ്യമങ്ങളിൽ വാർത്ത പ്രചരിക്കുകയും ചെയ്തു. പിന്നാലെ യുവാക്കൾ സ്ഥലംവിട്ടു. വലയിലാക്കിയ പെൺകുട്ടികളോടൊപ്പം ഇവർ പല സ്ഥലത്തും യാത്ര പോയിരുന്നതായും പൊലീസ് പറയുന്നു. 16ഉം 17ഉം വയസ്സുള്ള പെൺകുട്ടികളാണ് യുവാക്കളുടെ വലയിലായത്. പെൺകുട്ടികളെ വലയിലാക്കാൻ മൂവരും പരസ്പരം സഹായിച്ചിരുന്നു. ‌


പെൺകുട്ടികൾ ഉപയോഗിച്ചിരുന്ന ഫോണിൽ നിന്നാണ് യുവാക്കളുടെ വിവരങ്ങൾ പൊലീസ് ശേഖരിച്ചത്. തുടർന്ന് പൊലീസ് സംഘം യുവാക്കളെ കണ്ണൂരിൽ എത്തി അറസ്റ്റ് ചെയ്യുകയായിരുന്നു. ഇവർ ലഹരി വസ്തുക്കൾ ഉപയോഗിക്കുകയും വിൽപന നടത്തുകയും ചെയ്തിരുന്നതായി പൊലീസ് പറഞ്ഞു. ഈ സംഘത്തിൽ പെട്ട കൂടുതൽ പേർ കടുത്തുരുത്തിയിലും സമീപ പ്രദേശങ്ങളിലും എത്തിയിട്ടുള്ളതായി പൊലീസിനു സൂചന ലഭിച്ചിട്ടുണ്ട്.