25 April 2024 Thursday

കടമുറിയുടെ വാടക തരുന്നില്ല; വ്യാജ രേഖയുണ്ടാക്കി വക്കീലാണെന്ന് പറഞ്ഞു ഭീഷണി നീതിതേടി എടപ്പാൾ നടുവട്ടം സ്വദേശിയായ വയോധിക:ജില്ലാ പോലീസ് മേധാവിക്ക് പരാതി

ckmnews

കടമുറിയുടെ വാടക തരുന്നില്ല; വ്യാജ രേഖയുണ്ടാക്കി വക്കീലാണെന്ന് പറഞ്ഞു ഭീഷണി


നീതിതേടി എടപ്പാൾ നടുവട്ടം സ്വദേശിയായ വയോധിക:ജില്ലാ പോലീസ് മേധാവിക്ക് പരാതി


നീതിതേടി വയോധിക സംസ്ഥാന പൊലീസ് മേധാവിയെ സമീപിച്ചു. എടപ്പാൾ നടുവട്ടം ഇക്കൂരത്ത് വളപ്പില്‍ ആമിനുവാണ് (68) മാനസിക പീഡനം സഹിക്കാനാവാതെ പരാതിയുമായി പൊലീസ് മേധാവിയെ സമീപിച്ചത്. നടുവട്ടത്തെ വീടിനോട് ചേര്‍ന്ന രണ്ടുകടമുറികള്‍ വാടകക്ക് നടത്തിയിരുന്നവര്‍ നിയമവിരുദ്ധമായി പലരേഖകളുണ്ടാക്കി തങ്ങളുടേതാണെന്ന് പറഞ്ഞ് പിടിച്ചുവെച്ചിരിക്കുകയാണെന്നാണ് പരാതി. വാടക ചോദിക്കുമ്പോള്‍ വയോധികയായ തന്നെ ഫോണില്‍ വിളിച്ച്‌ വക്കീലാണെന്ന് പറഞ്ഞ് ഭീഷണിപ്പെടുത്തുകയാണെന്നും പരാതിയില്‍.26 വര്‍ഷം മുമ്പ് ഭര്‍ത്താവ് മരിച്ചതിനുശേഷം കുടുംബത്തിന്‍റെ ഏക ജീവിതമാര്‍ഗമാണ് ഇല്ലാതാക്കിയതെന്ന് ആമിനു പരാതിയില്‍ ചൂണ്ടിക്കാട്ടുന്നു. പഞ്ചായത്ത് തന്‍റെ പേരില്‍ അനുവദിച്ച ലൈസന്‍സില്‍ കൃത്രിമം കാട്ടിയതായും പരാതിയിലുണ്ട്. കച്ചവടം നടത്തിയിരുന്നവര്‍ക്ക് മുറികളുടെതായി എന്തെങ്കിലും അവകാശമുണ്ടെങ്കില്‍ രേഖകള്‍ ഹാജരാക്കണമെന്നാവശ്യപ്പെട്ട് രണ്ടുതവണ വട്ടംകുളം പഞ്ചായത്ത് സെക്രട്ടറി നോട്ടീസ് നല്‍കിയിട്ടും അവര്‍ ഹാജരായില്ലെന്ന് പരാതിയിലുണ്ട്.ചങ്ങരംകുളം പൊലീസില്‍ മൂന്നുതവണ പരാതി നല്‍കിയിട്ടും പരിഹാരമാകാതായതോടെയാണ് ആമിനു പൊലീസ് മേധാവിയെ പരാതിയുമായി സമീപിച്ചത്. അന്വേഷണം നടത്താന്‍ തിരൂര്‍ ഡിവൈ.എസ്.പിയെ ചുമതലപ്പെടുത്തിയതായി പരാതിക്കാരിക്ക് വിവരം ലഭിച്ചിട്ടുണ്ട്.