18 April 2024 Thursday

വാട്ടർ അതോറിറ്റി ഇടതു സംഘടനാ ജീവനക്കാരും സമരത്തിനൊരുങ്ങുന്നു

ckmnews

തിരുവനന്തപുരം: കെഎസ്ആർടിസിയിലെയും കെഎസ്ഇബിയിലെയും ജീവനക്കാരുടെ സംഘടനകൾ പ്രതിഷേധം തുടരുന്നതിനിടെ പ്രത്യക്ഷ സമരത്തിനൊരുങ്ങി വാട്ടർ അതോറിറ്റി ജീവനക്കാരും. വാട്ടർ അതോറിറ്റിയിലെ ഇടത് സംഘടന സിഐടിയു ആണ് സമരത്തിനൊരുങ്ങുന്നത്. ശമ്പള പരിഷ്ക്കരണം, ഓഫിസുകളുടെ പുനഃസംഘടന പിൻവലിക്കുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ചാണ് നാളെ മുതൽ സെക്രട്ടറിയേറ്റിന് മുന്നിൽ സമരം പ്രഖ്യാപിച്ചിരിക്കുന്നത്.


ശമ്പളപരിഷ്ക്കരണം, അധിക സാമ്പത്തിക ബാധ്യത ഉണ്ടാകുന്ന അ‍ശാസ്ത്രീയ പുനഃസംഘടനാ പിൻവലിക്കുക, സർക്കിൾ ഓഫിസുകളുടെ പരിധി ഒരു ജില്ലയിൽ മാത്ര‍മാക്കുക, നിയമസഭാ മണ്ഡലം മുഴുവൻ ഒരു ഡിവിഷന്റെ പരിധിയി‍ലാക്കുക, ജോലിഭാരം വീതിക്കുക, പരാതികൾ വേഗത്തിൽ തീർപ്പാക്കുക തുടങ്ങിയ ആവശ്യങ്ങളാണ് സംഘടന മാനേജ്മെന്റിന് മുന്നിൽ ഉന്നയിച്ചിരിക്കുന്നത്. ശമ്പളകമ്മീഷൻ റിപ്പോർട്ട് നൽകി വർഷമൊന്നായിട്ടും പരിഷ്ക്കരണം പ്രഖ്യാപിച്ചിട്ടില്ല. ഉന്നതഉദ്യോഗസ്ഥരുടെ എണ്ണം ഇരട്ടിയിലേറെ ആക്കി അതോറിറ്റിക്ക് ബാധ്യതയുണ്ടാക്കാനുളള നീക്കമാണെന്നാണ് സംഘടനയുടെ ആക്ഷേപം.


അതേസമയം പുനസംഘടനയുമായി ബന്ധപ്പെട്ട ചർച്ചകൾ നടക്കുന്നതേയുളളുവെന്നാണ് വാട്ടർ അതോറിറ്റിയുടെ വിശദീകരണം. ശമ്പളപരിഷ്ക്കരണം പ്രഖ്യാപിക്കേണ്ടത് സർക്കാരാണെന്നും ഇക്കാര്യം സർക്കാർ പരിഗണിക്കുകയുമാണെന്നും മാനേജ്മെന്റ് പ്രതികരിച്ചു. രണ്ടാം പിണറായി സർക്കാരിന്റെ ഒന്നാം വാർഷികത്തിന് ദിവസങ്ങൾ മാത്രം ബാക്കി നിൽക്കവെയാണ് മൂന്നാമത്തെ പൊതുമേഖലാസ്ഥാപത്തിൽ കൂടി സിഐടിയുവിന്റെ നേതൃത്വത്തിൽ സമരം തുടങ്ങുന്നത്.