25 April 2024 Thursday

പാലക്കാട് അതീവ ജാഗ്രത; സുരക്ഷ ഉറപ്പാക്കാന്‍ 900 തമിഴ്‌നാട് പൊലീസും

ckmnews

പാലക്കാട് അതീവ ജാഗ്രത; സുരക്ഷ ഉറപ്പാക്കാന്‍ 900 തമിഴ്‌നാട് പൊലീസും


പാലക്കാട് ജില്ലയില്‍ മണിക്കൂറുകള്‍ വ്യത്യാസത്തില്‍ രണ്ടു കൊലപാതകങ്ങള്‍ നടന്ന സാഹചര്യത്തില്‍ സുരക്ഷ കര്‍ശനമാക്കി പൊലീസ്. സംഘര്‍ഷ സാധ്യത നിലനില്‍ക്കുന്നതിനാല്‍ ജില്ലയില്‍ തമിഴ്‌നാട് പൊലീസിനെയും വിന്യസിക്കും. കോയമ്പത്തൂര്‍ സിറ്റി പൊലീസിന്റെ മൂന്ന് കമ്പനി പൊലീസ് ഉള്‍പ്പെടെ 900 പൊലീസുകാരാണ് എത്തുന്നത്.


മൂന്ന് ദിവസത്തേക്കാണ് തമിഴ്‌നാട് പൊലീസിന്റെ സുരക്ഷാ വിന്യാസം. കോയമ്പത്തൂര്‍ സിറ്റി പൊലീസ് 3 കമ്പനിയില്‍ നിന്ന് 250 പേരും സ്പെഷ്യല്‍ പൊലീസിലെ 150 പേരും ആംഡ് റിസര്‍വ് പൊലീസിലെ 500 പേരുമാണ് തമിഴ്‌നാട്ടില്‍ വരുന്നത്. ഇവര്‍ വാഹന പരിശോധന, ലോഡ്ജുകളിലെ പരിശോധന എന്നീ കാര്യങ്ങളില്‍ കേരള പൊലീസിനെ സഹായിക്കും.


കഴിഞ്ഞ ദിവസം ജില്ലയില്‍ കര്‍ശന സുരക്ഷ ഏര്‍പ്പെടുത്തുന്നതിന്റെ ഭാഗമായി എഡിജിപി വിജയ് സാഖറെ പാലക്കാട്ടേക്ക് പോയിരുന്നു. അദ്ദേഹം പാലക്കാട് ക്യാമ്പ് ചെയ്ത് കൊലപാതകങ്ങളെ കുറിച്ച് അന്വേഷണം നടത്തുന്നതിനും മേല്‍നോട്ടം വഹിക്കും. സംഘര്‍ഷ സാധ്യതയെ തുടര്‍ന്ന് ജില്ലയില്‍ ഈ മാസം 20 വരെ നിരോധനാജ്ഞ പ്രഖ്യാപിച്ചിരിക്കുകയാണ്.


ഇന്നലെ ഉച്ചയ്ക്ക് ഒരു മണിയോടെയാണ് പാലക്കാട് മേലാമുറിയില്‍ വച്ച് ആര്‍എസ്എസ് നേതാവിനെ അഞ്ചംഗ സംഘം വെട്ടിക്കൊന്നത്. മുന്‍ ശാരീരിക് ശിക്ഷണ്‍ പ്രമുഖ് ശ്രീനിവാസനാണ് കൊല്ലപ്പെട്ടത്. ഗുരുതരമായി പരിക്കേറ്റ ശ്രീനിവാസനെ പാലക്കാട്ടെ ആശുപത്രിയില്‍ ഐസിയുവില്‍ പ്രവേശിപ്പിച്ചെങ്കിലും പിന്നീട് മരിക്കുകയായിരുന്നു. മൂന്ന് ബൈക്കിലായെത്തിയ ആറംഗ അക്രമി സംഘമാണ് ശ്രീനിവാസനെ വെട്ടിയത്. കടമുറിയില്‍ കയറി വെട്ടുകയായിരുന്നു. പോസ്റ്റുമോര്‍ട്ടത്തിന് ശേഷം ശ്രീനിവാസന്റെ സംസ്‌കാരം ഇന്ന് നടക്കും.


വെള്ളിയാഴ്ച ഉച്ചയ്ക്കാണ് പാലക്കാട് എലപ്പുള്ളിയില്‍ എസ്ഡിപിഐ പ്രവര്‍ത്തകനായ സുബൈര്‍ എന്നയാള്‍ കൊല്ലപ്പെട്ടത്. കാറിലെത്തിയ സംഘമാണ് വെട്ടിക്കൊലപ്പെടുത്തിയത്. സുബൈറിന്റെ കൊലപാതകത്തിന് പിന്നില്‍ ആര്‍എസ്എസ് ബിജെപി പ്രവര്‍ത്തകരാണെന്ന് എസ്ഡിപിഐ ആരോപിച്ചിരുന്നു. പ്രതികളെ പിടികൂടാന്‍ പൊലീസ് അന്വേഷണം ശക്തമാക്കിയിരിക്കുകയാണ്.