19 April 2024 Friday

തദ്ദേശ സ്ഥാപനങ്ങളിൽ തീർപ്പാക്കാൻ 2 ലക്ഷം ഫയലുകൾ; അദാലത്ത് നാളെ മുതൽ

ckmnews

തദ്ദേശ സ്ഥാപനങ്ങളിൽ തീർപ്പാക്കാൻ 2 ലക്ഷം ഫയലുകൾ; അദാലത്ത് നാളെ മുതൽ


തിരുവനന്തപുരം:സംസ്ഥാനത്തെ 1200 തദ്ദേശ സ്ഥാപനങ്ങളിലെ 2 ലക്ഷത്തോളം ഫയലുകൾ തീർപ്പാക്കാൻ തിങ്കളാഴ്ച മുതൽ അദാലത്ത്. കെട്ടിടനിർമാണ ചട്ടലംഘനം സംബന്ധിച്ച കേസുകളിൽ, നിയമപരമായി അനുവദനീയമെങ്കിൽ 20% വരെ ഇളവുകൾ (ടോളറൻസ്) നൽകാവുന്ന നടപടികളാകും ഇതിൽ പ്രധാനം. തദ്ദേശസ്ഥാപനം, ജില്ല, പഞ്ചായത്ത്/മുനിസിപ്പൽ ഡയറക്ടറേറ്റ് തലങ്ങളിൽ ഇത്തരം പരാതികൾ പരിഹരിക്കാൻ അധികാരമുള്ള സമിതികൾ രൂപീകരിച്ചു.


പഞ്ചായത്തുകളിൽ പ്രസിഡന്റ്, നഗരസഭകളിൽ ചെയർപഴ്സൻ, കോർപറേഷനുകളിൽ മേയർ എന്നിവരാണു സമിതിയിലെ ആദ്യ അംഗം. വൈസ് പ്രസിഡന്റ് അല്ലെങ്കിൽ സെക്രട്ടറി കൺവീനറാണ്. കൂടാതെ അസി. എൻജിനീയറും സമിതിയിലുണ്ട്. ഈ മൂന്നു പേർ അടങ്ങുന്നതാണു തദ്ദേശസ്ഥാപനതലത്തിലെ അധികാരസമിതി. ജില്ലാതല സമിതിയിൽ ജില്ലാ ആസൂത്രണ സമിതി അധ്യക്ഷൻ ചെയർമാനും ജോയിന്റ് ഡയറക്ടർ, പഞ്ചായത്ത് ഡപ്യൂട്ടി ഡയറക്ടർ, ജില്ലാ ടൗൺ പ്ലാനർ എന്നിവർ അംഗങ്ങളുമാണ്. പ്രിൻസിപ്പൽ ഡയറക്ടർ, ഡയറക്ടർ (അർബൻ), ഡയറക്ടർ (റൂറൽ), ചീഫ് ടൗൺ പ്ലാനർ, ചീഫ് എൻജിനീയർ എന്നിവരാണു ഡയറക്ടറേറ്റ് തലത്തിലെ സമിതിയിൽ.


കെട്ടിടനിർമാണ പെർമിറ്റിനായി മാത്രം 1.67 ലക്ഷം അപേക്ഷകൾ ഇനി തീർപ്പാക്കാനുണ്ടെന്നാണു കണക്ക്. ക്ഷേമപെൻഷനുമായി ബന്ധപ്പെട്ടതും തദ്ദേശ സ്ഥാപനങ്ങളിൽ നിന്നുള്ള മറ്റു സേവനങ്ങൾ സംബന്ധിച്ചതുമായ അപേക്ഷകളും അദാലത്തുകളിൽ പരിഹരിക്കും. ഗ്രാമ, ബ്ലോക്ക്, ജില്ലാ പഞ്ചായത്ത്/നഗരസഭകളിലും തദ്ദേശ വകുപ്പിന്റെ പെർഫോമൻസ് ഓഡിറ്റ് യൂണിറ്റ് മുതൽ സെക്രട്ടേറിയറ്റ് വരെയും, ജനുവരി 31 വരെ സ്വീകരിച്ചതും തീർപ്പാക്കാൻ ബാക്കിയായ മുഴുവൻ ഫയലുകളിലും ഏപ്രിൽ 30നു മുൻപു പരിഹാരമാണു ലക്ഷ്യം. ഓഫിസിൽ തീർപ്പാക്കേണ്ടതും മറ്റൊരു ഓഫിസിലേക്കു റിപ്പോർട്ട് നൽകേണ്ടതും എന്നിങ്ങനെ രണ്ടായി ഫയലുകളെ തിരിച്ചിട്ടുണ്ട്.


കഴിഞ്ഞ മാസം മന്ത്രി എം.വി.ഗോവിന്ദൻ വിവിധ ജില്ലകളിൽ നടത്തിയ നവകേരള തദ്ദേശകം 2022 എന്ന പരിപാടിയുടെ തുടർച്ചയായാണ് ഫയൽ തീർപ്പാക്കൽ അദാലത്ത്. തദ്ദേശസ്ഥാപനതലത്തിൽ ഏപ്രിൽ 21, ജില്ലാതലത്തിൽ 23, ഡയറക്ടറേറ്റ് തലത്തിൽ 28, സർക്കാർ തലത്തിൽ 30 എന്നിങ്ങനെയാണു ഫയൽ തീർപ്പാക്കേണ്ട അവസാന തീയതികൾ. ഓഫിസിൽ തീർപ്പാകാത്ത ഫയലുകളിൽ തദ്ദേശസ്ഥാപനതലത്തിൽ 18 മുതൽ 21 വരെ തീയതികളിലും ജില്ലാതലത്തിൽ 22 മുതൽ 24 വരെ തീയതികളിലും ഡയറക്ടറേറ്റ്തലത്തിൽ 25 മുതൽ 28 വരെയും സർക്കാർതലത്തിൽ 29, 30 തീയതികളിലും ബന്ധപ്പെട്ട അദാലത്ത് നടത്തും