25 April 2024 Thursday

പാലക്കാട്ടെ കൊലപാതകങ്ങൾ: സമൂഹ മാധ്യമങ്ങളിലെ പ്രകോപനത്തിനെതിരെ കർശന നടപടിയെന്ന് പൊലീസ്

ckmnews

പാലക്കാട് ജില്ലയിലുണ്ടായ കൊലപാതകങ്ങൾ സംബന്ധിച്ച് സമൂഹ മാധ്യമങ്ങളിൽ പ്രകോപന സന്ദേശങ്ങൾ പ്രചരിപ്പിക്കുന്നവർക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്ന് പൊലീസ്. ഗ്രൂപ്പുകളും ഗ്രൂപ്പ് അഡ്മിന്മാരും നിരീക്ഷണത്തിലാണെന്നും പൊലീസ് മുന്നറിയിപ്പ് നൽകി. പാലക്കാട് നടന്ന അനിഷ്ടസംഭവങ്ങളെത്തുടര്‍ന്ന് സമൂഹമാധ്യമങ്ങളിലൂടെ മതസ്പര്‍ദ്ധ വളര്‍ത്തുന്ന തരത്തില്‍ പ്രചാരണം നടത്തുന്നവര്‍ക്കെതിരെ നിയമ നടപടി സ്വീകരിക്കുമെന്ന് സംസ്ഥാന പോലീസ് മേധാവി അനില്‍കാന്ത് അറിയിച്ചു. സമൂഹമാധ്യമങ്ങളിലൂടെ വ്യാജപ്രചാരണം നടത്തുകയോ അക്രമ സംഭവങ്ങള്‍ക്ക് ആഹ്വാനം ചെയ്യുകയോ ചെയ്യുന്നവര്‍ക്ക് എതിരെ നിയമനടപടി സ്വീകരിക്കും. എല്ലാത്തരം സമൂഹമാധ്യമങ്ങളിലും 24 മണിക്കൂറും സൈബര്‍ പട്രോളിംഗ് നടത്താന്‍ സൈബര്‍ഡോം, ഹൈടെക് ക്രൈം എന്‍ക്വയറി സെല്‍, സൈബര്‍ പോലീസ് സ്റ്റേഷന്‍ എന്നിവയ്ക്ക് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.  


പാലക്കാട്ട് ഇന്നലെയും ഇന്നുമായി രണ്ടു കൊലപാതകങ്ങളാണുണ്ടായത്. വെള്ളിയാഴ്ച പോപ്പുലർ ഫ്രണ്ട് നേതാവ് സുബൈറും ഇന്ന് ആർഎസ്എസ് നേതാവ് എസ്.കെ ശ്രീനിവാസനുമാണ് കൊല്ലപ്പെട്ടത്. ഈ സാഹചര്യത്തിലാണ് പൊലീസിന്റെ മുന്നറിയിപ്പ് പുറപ്പെടുവിച്ചത്. പാലക്കാട്ടെ ആർഎസ്എസ് മുൻ ജില്ലാ ശാരീരിക് ശിക്ഷൺ പ്രമുഖ് എസ്.കെ ശ്രീനിവാസനെ കടയിൽ വെച്ച് കൊലപ്പെടുത്തുന്നതിന്റെ സിസിടിവി ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്. ഇദ്ദേഹത്തെ കൊല്ലാനെത്തിയത് എത്തിയത് ആറുപേരായിരുന്നു. മൂന്ന് പേരിറങ്ങി ശ്രീനിവാസനെ വെട്ടുകയും പിന്നാലെ ബൈക്കുകളിൽ തന്നെ സംഘം തിരിച്ച് പോകുകയുമായിരുന്നു. ആർഎസ്എസ് നേതാവിനെ ഇന്ന് ഉച്ചക്കാണ് വെട്ടിക്കൊല്ലപ്പെട്ടത്. പാലക്കാട് നഗരത്തിലെ പച്ചക്കറി മാർക്കറ്റിന് സമീപമുള്ള കടയിൽ കയറി വെട്ടുകയായിരുന്നു. കൊലപാതകത്തിന് പിന്നിൽ എസ്.ഡി.പി.ഐ ആണെന്ന് ബി.ജെ.പി ആരോപിച്ചിട്ടുണ്ട്. കഴിഞ്ഞ ദിവസം പോപ്പുലർ ഫ്രണ്ട് നേതാവിന്റെ കൊലപാതകത്തെ തുടർന്ന് ജില്ലയിൽ ജാഗ്രതാ നിർദേശം പുറപ്പെടുവിച്ചിരുന്നു. ഇതിനിടയിലാണ് ആർഎസ്എസ് പ്രവർത്തകൻ കൊല്ലപ്പെട്ടത്.


ശ്രീനിവാസനെ പാലക്കാട് ജില്ലാ ആശുപത്രിയിലേക്ക് കൊണ്ടുപോവാനാണ് ആദ്യം ശ്രമിച്ചത്. എന്നാൽ കഴിഞ്ഞ ദിവസം കൊല്ലപ്പെട്ട പോപ്പുലർ ഫ്രണ്ട് നേതാവിന്റെ പോസ്റ്റുമോർട്ടം പൂർത്തിയാക്കി മൃതദേഹം ഏറ്റുവാങ്ങാൻ നിരവധി പോപ്പുലർ ഫ്രണ്ട് പ്രവർത്തകർ അവിടെയുള്ളതിനാൽ പാലക്കാട് നഗരത്തിലെ മറ്റൊരു ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു. ആശുപത്രിയിൽ വെച്ചാണ് ശ്രീനിവാസൻറെ മരണം സ്ഥിരീകരിച്ചത്. മരണം പൊലീസും സ്ഥിരീകരിച്ചിട്ടുണ്ട്.