28 March 2024 Thursday

അടുത്ത വർഷം മുതൽ സിബിഎസ്ഇയ്ക്ക് ഒറ്റ ബോർഡ് പരീക്ഷ; തീരുമാനം ഓഫ് ലൈൻ ക്ലാസുകൾ തുടങ്ങിയതിനാൽ

ckmnews

ദില്ലി: സി ബി എസ് ഇ ബോർഡ് പരീക്ഷ(exam) രണ്ടു ഘട്ടമായി നടത്തുന്നത് ഈ വർഷം മാത്രം. അടുത്ത വർഷം ഒറ്റ പരീക്ഷ മതിയെന്നാണ് തീരുമാനം.സ്കൂളുകളിൽ ഓഫ് ലൈൻ ക്ലാസ് തുടങ്ങിയ സാഹചര്യത്തിലാണിത്


സിബിഎസ്ഇ 10, 12 ക്ലാസ് രണ്ടാം ഘട്ട പരീക്ഷ ഏപ്രിൽ 26 മുതൽ ആരംഭിക്കും


ദില്ലി: സിബിഎസ്ഇ (CBSE) 10,12 ക്ലാസുകളിലേക്കുള്ള രണ്ടാം ഘട്ട പരീക്ഷ തീയതികൾ പ്രഖ്യാപിച്ചു. ഏപ്രിൽ 26 മുതലാണ് പരീക്ഷ. രാവിലെ പത്തര മുതൽ ഒറ്റ ഷിഫ്റ്റായിട്ടായിരിക്കും പരീക്ഷ നടത്തുക. പരീക്ഷയെക്കുറിച്ചുള്ള കൂടുതൽ വിശദാംശങ്ങൾ സിബിഎസ്ഇ വെബ്‌സൈറ്റിൽ ലഭ്യമാകും. പത്താം ക്ലാസ് പരീക്ഷ മെയ് 24 നും പന്ത്രണ്ടാം ക്ലാസ് പരീക്ഷ ജൂൺ 15 നും അവസാനിക്കും. വിദ്യാർത്ഥികൾക്ക് പരീക്ഷക്ക് തയ്യാറെടുക്കാനുള്ള സമയം ലഭിക്കുമെന്ന് സിബിഎസ്ഇ ബോർഡ് അധികൃതർ അറിയിച്ചു. ഒറ്റ ഷിഫ്റ്റായിട്ടാണ് പരീക്ഷ നടത്തുന്നതെന്നും അധികൃതർ അറിയിച്ചു. 


അതേ സമയം സിബിഎസ്ഇ 10, 12 ക്ലാസ് ഒന്നാം ടേം പരീ​ക്ഷ റിസർട്ട് പ്രസിദ്ധീകരിക്കുന്നതിനെക്കുറിച്ച് ഇതുവരെ ഔദ്യോ​ഗിക അറിയിപ്പൊന്നും ലഭിച്ചിട്ടില്ല. പരീക്ഷ ഫലം തയ്യാറാക്കൽ നടപടികൾ ഏകദേശം പൂർത്തിയായിക്കഴിഞ്ഞു എന്നും എപ്പോൾ വേണമെങ്കിലും ഫലം പ്രഖ്യാപിക്കാമെന്നും സിബിഎസ്ഇ ഔദ്യോ​ഗിക പ്രസ്താവനയിൽ പറയുന്നു. വിദ്യാർത്ഥികൾക്ക് ലോഗിൻ അക്കൗണ്ട് വഴി  സ്കോർ നേരിട്ട് ലഭിക്കുന്ന രീതിയിലാകും ഫലപ്രഖ്യാപനം.


നവംബർ-ഡിസംബർ മാസങ്ങളിൽ നടന്ന ഒന്നാം ടേം, 10, 12 പരീക്ഷകളിൽ 36 ലക്ഷത്തിലധികം വിദ്യാർത്ഥികൾ പങ്കെടുത്തു. വിദ്യാർത്ഥികൾക്ക് ഔദ്യോഗിക വെബ്‌സൈറ്റുകളായ cbse.gov.in, cbseresults.nic.in എന്നിവയിൽ പരീക്ഷ ഫലങ്ങൾ പരിശോധിക്കാം. കൂടാതെ സിബിഎസ്ഇ ടേം 1 ഫലം ആപ്പിലും digilocker.gov.in-ലും ലഭ്യമാകും. ഏപ്രിൽ 26 മുതൽ ആരംഭിക്കുന്ന ടേം 2 പരീക്ഷാ തീയതികളും സിബിഎസ്ഇ പ്രഖ്യാപിച്ചു. ടേം-2 പരീക്ഷകളിൽ, വിദ്യാർത്ഥികൾക്ക് ഒബ്ജക്റ്റീവ്, സബ്ജക്ടീവ് തരത്തിലുള്ള ചോദ്യങ്ങളായിരിക്കും ഉണ്ടാകുക.


സിബിഎസ്ഇ ചോദ്യപേപ്പർ‌ വിവാദം

ചോദ്യപ്പേപ്പർ വിവാദവുമായി ബന്ധപ്പെട്ട് രണ്ട് വിഷയ വിദ്ഗധരെ ചോദ്യപ്പേപ്പർ നിർണ്ണയ സമിതിയിൽ നിന്ന് സിബിഎസ്ഇ പുറത്താക്കിയിരുന്നു. സോഷ്യോളജി, ഇംഗ്ലീഷ്, വിഷയങ്ങളിലെ വിദ​ഗ്ധരെയാണ് പുറത്താക്കിയത്. പന്ത്രണ്ടാം ക്ലാസിലെ ഗുജറാത്ത് കലാപവുമായി ബന്ധപ്പെട്ട ചോദ്യത്തിൻ്റെയും, പത്താം ക്ലാസ് ഇംഗ്ലീഷ് ചോദ്യപ്പേപ്പറിലെ സ്ത്രീവിരുദ്ധ പരാമർശവുമായി ബന്ധപ്പെട്ട ചോദ്യത്തിന്റെയും പേരിലാണ് നടപടി. 


എതിർപ്പുകളുയർന്നതിനെ തുടർന്ന് സിബിഎസ്ഇ ചോദ്യപ്പേപ്പറുകളിലെ വിവാദ പരാമർശം ഉൾപ്പെട്ട ഭാഗം പിൻവലിച്ചിരുന്നു. ഇതുമായി ബന്ധപ്പെട്ട് വന്ന ചോദ്യങ്ങൾക്ക് എല്ലാ വിദ്യാർത്ഥികൾക്കും മുഴുവൻ മാർക്കും നൽകുമെന്നും സി ബി എസ് ഇ അറിയിച്ചു. സ്ത്രീ ശാക്തീകരണവും, സ്ത്രീ -പുരുഷ തുല്യതയും കുട്ടികളിലെ അച്ചടക്കം ഇല്ലാതാക്കിയെന്നും കുട്ടികൾക്കു മേൽ രക്ഷകർത്താക്കൾക്കുള്ള സ്വാധീനം കുറച്ചുവെന്നുമുള്ള പത്താം ക്ലാസ് ഇംഗ്ലീഷ് ചോദ്യപ്പേപ്പറിലെ പരാമർശങ്ങളാണ് വിവാദമായത്. 'ഭാര്യമാരുടെ വിമോചനം' കുട്ടികളുടെ മേലുള്ള മാതാപിതാക്കളുടെ അധികാരം ഇല്ലാതാക്കിയെന്നതടക്കമുള്ള പരാമർശങ്ങളാണ് വിവാദത്തിലേക്ക് വഴിവച്ചത്.


12ാം ക്ലാസ് വിദ്യാർഥികളുടെ ബോർഡ് പരീക്ഷയുടെ ചോദ്യ പേപ്പറിനേക്കുറിച്ചും സിബിഎസ്ഇക്ക് ക്ഷമാപണം നടത്തേണ്ടി വന്നിരുന്നു. സോഷ്യോളജി ചോദ്യപേപ്പറിലെ ഗുജറാത്ത് കലാപം  സംബന്ധിച്ച ചോദ്യത്തേക്കുറിച്ചാണ് ക്ഷമാപണം. 2002ൽ ഗുജറാത്തിൽ മുസ്ലീം വിരുദ്ധ അക്രമത്തിന്റെ അഭൂതപൂർവമായ വ്യാപനമുണ്ടായത് ഏത് സർക്കാരിൻറെ കാലത്താണ് എന്നായിരുന്നു വിവാദമായ ചോദ്യം.