16 April 2024 Tuesday

കുന്നംകുളത്ത് കാൽനട യാത്രികനെ ആദ്യം ഇടിച്ചത് കെ- സ്വിഫ്റ്റ് ബസ്സല്ല, പിക്കപ്പ് വാൻ

ckmnews

കുന്നംകുളത്ത് കാൽനട യാത്രികനെ ആദ്യം ഇടിച്ചത് കെ- സ്വിഫ്റ്റ് ബസ്സല്ല, പിക്കപ്പ് വാൻ


തൃശ്ശൂർ: കുന്നംകുളത്ത് കാൽനട യാത്രികൻ വാഹനമിടിച്ച് മരിച്ച കേസിൽ വഴിത്തിരിവ്. കെ സ്വിഫ്റ്റ് ബസ്സല്ല, ആ വഴി പോയ പിക്കപ്പ് വാനാണ് കാൽനടയാത്രികനായ തമിഴ്നാട് സ്വദേശിയെ ഇടിച്ചിട്ടതെന്ന് സിസിടിവി ദൃശ്യങ്ങളിൽ നിന്ന് വ്യക്തമായി. 


ആദ്യം ഇടിച്ചത് പിക്കപ്പ് വാനാണ്. അതിന് ശേഷമാണ് സ്വിഫ്റ്റ് ബസ് ഇടിച്ചത്. ബസ്സിന്‍റെ പിന്നിലെ ടയറാണ് കയറിയത്. അപകടമുണ്ടാക്കിയത് സ്വിഫ്റ്റ് ബസ്സാണെന്ന തരത്തിലാണ് ആദ്യം റിപ്പോർട്ടുകൾ പുറത്തുവന്നത്. 


തമിഴ്നാട് സ്വദേശിയായ പരസ്വാമിയാണ് ഇന്ന് പുലർച്ചെ നടന്ന അപകടത്തിൽ കൊല്ലപ്പെട്ടത്. തൃശ്ശൂര്‍ കുന്നംകുളത്ത് ഇന്ന് രാവിലെ അഞ്ചരയോടെയാണ് അപകടം നടന്നത്. തൃശ്ശൂരില്‍ നിന്നും കോഴിക്കോട്ടേക്ക് പോകുന്ന ബസാണ് പരസ്വാമിയെ ഇടിച്ചത്. ചായ കുടിക്കാനായി റോഡ് മുറിച്ചുകടക്കുന്നതിനിടെയാണ് അപകടമുണ്ടായത്. 


വേഗതയിൽ എത്തിയ ബസ്സ് പരസ്വാമിയെ ഇടിക്കുകയായിരുന്നുവെന്ന തരത്തിലാണ് ആദ്യം റിപ്പോർട്ടുകൾ വന്നത്. അപകടമുണ്ടാക്കിയ ബസ്സ് നിർത്താതെ പോയെന്നും റിപ്പോർട്ടുകൾ വന്നു. എന്നാൽ ആദ്യം യാത്രികനെ ഇടിച്ചത് പിക്കപ്പ് വാനായിരുന്നു. ഇടിച്ച് നിലത്ത് വീണ പരസ്വാമിക്ക് മുകളിലൂടെ പിന്നീടാണ് കെ സ്വിഫ്റ്റ് ബസ്സിടിച്ചത്. പരസ്വാമിയുടെ കാലിലൂടെ ബസ്സ് കയറിയിറങ്ങിയെന്നാണ് ദൃശ്യങ്ങളിൽ വ്യക്തമാകുന്നത്. 


അപകടം സ്വിഫ്റ്റിന്‍റെ ഡ്രൈവർ അറിഞ്ഞില്ലെന്നാണ് പൊലീസ് വ്യക്തമാക്കിയിരുന്നത്. പൊലീസെത്തിയാണ് പരസ്വാമിയെ ആശുപത്രിയിൽ എത്തിച്ചത്. അപകടവിവരമറിഞ്ഞ് അൽപസമയത്തിനകം പൊലീസ് എത്തി പരസ്വാമിയെ ആശുപത്രിയിൽ കൊണ്ടുപോവുകയായിരുന്നു. പരിക്ക് ഗുരുതരമായതിനെ തുടര്‍ന്ന് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.