28 March 2024 Thursday

കെഎസ്ആര്‍ടിസി ശമ്പളവിതരണത്തിന് 30 കോടി രൂപ അനുവദിച്ച് സര്‍ക്കാര്‍

ckmnews

കെഎസ്ആര്‍ടിസിയിലെ ശമ്പള വിതരണത്തിന് 30 കോടി രൂപ അനുവദിച്ച് സര്‍ക്കാര്‍. ശമ്പളവിതരണം പ്രതിസന്ധിയിലായതോട യൂണിയനുകള്‍ സമരം പ്രഖ്യാപിച്ചതിന് പിന്നാലെയാണ് സര്‍ക്കാരിന്റെ തീരുമാനം. കെഎസ്ആര്‍ടിസി ജീവനക്കാര്‍ക്ക് ശമ്പളം നല്‍കുന്നതിനായി നിലവില്‍ 30 കോടി രൂപയില്‍ കൂടുതല്‍ നല്‍കാന്‍ കഴിയില്ലെന്നാണ് ധനവകുപ്പ് വ്യക്തമാക്കിയിരിക്കുന്നത്. 


വായ്പകള്‍ തിരിച്ചടയ്ക്കുന്നതിനും പെന്‍ഷന്‍ നല്‍കുന്നതിനും 202 കോടി സര്‍ക്കാര്‍ മുന്‍പ് അനുവദിച്ചിരുന്നു. ഇതിന് പുറമേയാണ് ഇപ്പോള്‍ 30 കോടി രൂപ കൂടി അനുവദിച്ചിരിക്കുന്നത്. ഇതോടെ ഈ മാസം ആകെ നല്‍കിയ തുക 232 കോടി രൂപയായി.


വിഷുവും ഈസ്റ്ററും ഉള്‍പ്പെട്ട മാസമായ ഏപ്പിലില്‍ ശമ്പളം വൈകുന്നതില്‍ ഇടതുയൂണിയനുകളടക്കം കടുത്ത അതൃപ്തിയിലായിരുന്നു. ഈ പശ്ചാത്തലത്തിലാണ് യൂണിയനുകള്‍ ഈ മാസം 28ന് പണിമുടക്ക് പ്രഖ്യാപിച്ചത്. വിഷുവിന് മുമ്പ് ശമ്പളം ലഭിച്ചില്ലെങ്കില്‍ ഡ്യൂട്ടി ബഹിഷ്‌കരിക്കുമെന്ന് നേതാക്കള്‍ അറിയിച്ചിരുന്നു.