20 April 2024 Saturday

ബസ്,ഓട്ടോ,ടാക്സി നിരക്ക് വർധന മെയ് ഒന്ന് മുതൽ; കൺസെഷൻ നിരക്ക് വർധന പ്രത്യേക സമിതിയുടെ റിപ്പോർട്ട് ലഭിച്ച ശേഷം

ckmnews

തിരുവനന്തപുരം: സംസ്ഥാനത്തെ ബസ്,ഓട്ടോ, ടാക്സി, നിരക്കുകൾ മെയ് ഒന്നു മുതൽ വർധിപ്പിച്ചേക്കും. ഗതാഗതമന്ത്രി ആൻ്റണി രാജുവാണ് ഇക്കാര്യം അറിയിച്ചത്. ഉത്തരവ് ഇറങ്ങും മുൻപ് എല്ലാ കാര്യങ്ങളിലും അഭിപ്രായസമന്വയമുണ്ടാക്കാനാണ് ശ്രമമെന്നും. യാത്രാനിരക്ക് വർധനയിൽ സർക്കാർ ജാഗ്രതയോടുള്ള സമീപനമാണ് സ്വീകരിക്കുന്നതെന്നും ആൻ്റണി രാജു പറഞ്ഞു. കൊവിഡ് കാലത്തെ യാത്രാനിരക്ക് വർധന സർക്കാർ പിൻവലിച്ചിട്ടുണ്ട്. വിദ്യാർത്ഥി കൺസെഷൻ വർധിപ്പിക്കണമെന്ന ബസുടമകളുടെ ആവശ്യം പരിശോധിക്കാൻ പ്രത്യേക സമിതിയെ നിയമിക്കാൻ തീരുമാനിച്ചിട്ടുണ്ട്. ഈ സമിതിയുടെ റിപ്പോർട്ട് പരിശോധിച്ച ശേഷമേ കൺസെഷൻ നിരക്കിൽ അന്തിമതീരുമാനമെടുക്കൂവെന്നും മന്ത്രി വ്യക്തമാക്കി. 


പുതുതായി തുടങ്ങിയ കെ സ്വിഫ്റ്റ് കമ്പനിയുടെ ബസുകൾ അപകടത്തിൽപ്പെട്ടത് ​ഗൗരവമായി കാണുന്നില്ലെന്ന് മന്ത്രി പറഞ്ഞു. ​ഗൗരവമുള്ള അപകടമല്ല ഉണ്ടായത്. ചെറിയ സംഭവം മാത്രമാണ്. എന്നാൽ മാധ്യമങ്ങൾ ഇക്കാര്യം പൊലിപ്പിച്ചു കാണിച്ചോ എന്നൊരു സംശയമുണ്ട്. കെ സ്വിഫ്റ്റ് ഡ്രൈവർമാരോട് പ്രത്യേകം ജാ​ഗ്രത പാലിക്കണമെന്ന നിർദേശം നൽകിയിട്ടുണ്ട്. ഡ്രൈവർമാർക്ക് ആവശ്യമായ പരിശീലനം നൽകാത്തതാണ് അപകടത്തിന് കാരണമെന്ന വിമർശനവും മന്ത്രി തള്ളി.