19 April 2024 Friday

കലാ സാംസ്കാരിക മുന്നേറ്റത്തിനായി പൊന്നാനി ബ്ലോക്കിൽ വജ്ര ജൂബിലി ഫെല്ലോഷിപ്പ് സൗജന്യ കലാപരിശീലനത്തിന് തുടക്കമായി

ckmnews

കലാ സാംസ്കാരിക മുന്നേറ്റത്തിനായി പൊന്നാനി ബ്ലോക്കിൽ വജ്ര ജൂബിലി ഫെല്ലോഷിപ്പ് സൗജന്യ കലാപരിശീലനത്തിന് തുടക്കമായി 


തവനൂർ:കേരള സംസ്ഥാന സാംസ്കാരിക വകുപ്പും പൊന്നാനി ബ്ലോക്ക് പഞ്ചായത്തും സംയുക്തമായി  നടത്തുന്ന വജ്ര ജൂബിലി ഫെലോഷിപ്പ് സൗജന്യ കലാ പരിശീലന പരിപാടിയുടെ പൊന്നാനി ബ്ലോക്ക് പഞ്ചായത്ത് തല ഉദ്ഘാടനം ഡോ.കെ.ടി ജലീൽ എം.എൽ.എ നിർവഹിച്ചു.കലാ സാംസ്കാരിക പ്രവർത്തനങ്ങൾ ഗ്രാമങ്ങളെ ഉണർത്തുകയും ഉത്തേജിപ്പിക്കുകയും,ചെയ്യുന്നുവെന്ന് എം.എൽഎ പറഞ്ഞു.ജാതി,മത,വർഗ്ഗ,വർണ്ണ വ്യത്യാസം മറന്ന് ജനങ്ങളെ ഒരു കുടകീഴിൽ നിർത്താനും  കലാസാംസ്കാരിക പ്രവർത്തനങ്ങൾക്ക് കഴിയുന്നുവെന്നും എം.എൽഎ പറഞ്ഞു.തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുമായി ചേർന്ന് നടത്തുന്ന പരിപാടി എടപ്പാൾ,തവനൂർ,വട്ടംകുളം,കാലടി ഗ്രാമ പഞ്ചായത്തുകളിലെ തിരഞ്ഞെടുത്ത കേന്ദ്രങ്ങളിലാണ് നടത്തുന്നത്.ചിത്രകല,ചുമർ ചിത്രകല,മിഴാവ്,

ഓട്ടംതുള്ളൻ,കർണാടിക് സംഗീതം എന്നീവയിൽ  പഞ്ചായത്തിനു കീഴിൽ തിരഞ്ഞെടുത്ത നാല്  കേന്ദ്രങ്ങളിൽ പരിശീലനം ആരംഭിക്കും. രണ്ടു വർഷത്തെ സൗജന്യ പരിശീലനമാണ് സംഘടിപ്പിക്കുന്നത്.നാടിന്റെ സാംസ്കാരിക ഉന്നതി നിലനിർത്തുകയും പരിപോഷിപ്പിക്കുകയും ചെയ്യുക, കുട്ടികളിലും യുവതീ യുവാക്കളിലും ഒപ്പം മുതിർന്നവരിലും പ്രായഭേദമന്യേ കലാഭിമുഖ്യം വളർത്തുക, കലാ വിഷയങ്ങളിൽ യോഗ്യത നേടുന്നവരെ പ്രോത്സാഹിപ്പിക്കുക,പോയ കാല നാട്ടു നന്മയുടെ നേരറിവുകൾ പുതു തലമുറയ്ക്ക് പരിചയപ്പെടുത്തുക എന്നീ ലക്ഷ്യത്തോടെയാണ് കലാസാംസ്കാരിക വകുപ്പിന്റെ സഹകരണത്തോടെ പദ്ധതി നടപ്പിലാക്കുന്നത്.പ്രായഭേദമന്യേ പദ്ധതിയുടെ ഭാഗമായി എല്ലാവർക്കും പരിശീലനം നൽകും. സാംസ്കാരിക വകുപ്പിന്റെ വജ്രജൂബിലി ഫെലോഷിപ്പ് നേടിയ കലാകാരന്മാരാണ് പരിശീലനത്തിനായി എത്തുന്നത്. 700 ഓളം പേരാണ് നിലവിൽ പേര് നൽകിയിട്ടുള്ളത്.ശനി, ഞായർ ദിവസങ്ങളിൽ പഞ്ചായത്ത്തലങ്ങളിലെ തെരഞ്ഞെടുത്ത സ്കൂളുകളിലാണ് പരിശീലനം നൽകുക.ജി.എം.യു.പി.എസ്  സ്കൂൾ എടപ്പാൾ,എ.എം.യു.പി സ്കൂൾ പാറപ്പുറം,കെ.എം ജി.യു.പി സ്കൂൾ തവനൂർ ജി.ജെ ബി സ്കൂൾ വട്ടംകുളം എന്നിവിടങ്ങളിലാണ് പരിശീലനം നൽകുന്നത്.തവനൂർ വൃദ്ധ മന്ദിരം ഓഡിറ്റോറിയത്തിൽ നടന്ന  പരിപാടിയിൽ പൊന്നാനി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സി.രാമകൃഷ്ണൻ അധ്യക്ഷനായി.വജ്രജൂബിലി ഫെല്ലോഷിപ്പ് ജില്ലാ കോ ഓർഡിനേറ്റർ വി.പി മൻസിയ പദ്ധതി വിശദീകരണം നടത്തി.എടപ്പാൾ  ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ്  സി. വി സുബൈദ,പൊന്നാനി ബ്ലോക്ക് വൈസ് പ്രസിഡന്റ് ആർ.ഗായത്രി,ബ്ലോക്ക് സ്ഥിരം സമിതി അധ്യക്ഷരായ   ഇ കെ ദിലീഷ്,പ്രേമലത,എൻ.ആർ അനീഷ്,ലിഷ മോഹൻ,പൊന്നാനി ബ്ലോക്ക് അംഗങ്ങളായ അക്ബർ,ഷീജ കൂട്ടാക്കിൽ,പ്രകാശൻ കാലടി,എം ജയശ്രീ,ഷരീഫ ,സുമിത്ര,രാധിക,പി.മുരളീധരൻ,തവനൂർ ഗ്രാമപഞ്ചായത് അംഗം ധനലക്ഷ്മി,പൊന്നാനി ബ്ലോക്ക് വനിതാ ക്ഷേമ ഓഫീസർ കെ.രമ തുടങ്ങിയവർ പങ്കെടുത്തു.