28 March 2024 Thursday

കെ സ്വിഫ്റ്റ് സർവീസുകൾക്ക് തുടക്കം; മുഖ്യമന്ത്രി ഫ്ലാ​ഗ് ഓഫ് ചെയ്യും; പ്രതിഷേധിച്ച് പ്രതിപക്ഷ യൂണിയനുകൾ

ckmnews

തിരുവനന്തപുരം: കെ എസ് ആർ ടി സിയിൽ പ്രതിസന്ധി പരിഹാരമില്ലാതെ തുടരുമ്പോൾ, സര്‍ക്കാര്‍ രൂപീകരിച്ച കമ്പനിയായ കെ സ്വിഫ്റ്റിന്റെ സർവീസുകൾ ഇന്ന് തുടങ്ങുകയാണ്. മുഖ്യമന്ത്രി ആദ്യ സർവീസ് ഫ്ലാ​ഗ് ഓഫ് ചെയ്യും. ബം​ഗളൂരുവിലേക്കാണ് ആദ്യ സർവീസ്.സർക്കാർ പദ്ധതി വിഹിതം ഉപയോ​ഗിച്ച് വാങ്ങിയ 116 ബസുകളിൽ 99 ബസുകളാണ് ആദ്യഘട്ടത്തിൽ സർവീസ് തുടങ്ങുന്നത്. 99 ബസുകളിൽ 28 എണ്ണം എസി ബസുകളാണ്. ഇതിൽ ഏട്ട് എണ്ണം എ സി സ്ലീപ്പറും. 20 ബസുകൾ എ സി സെമി സ്ലീപ്പറുകളാണ്. സംസ്ഥാന സർക്കാർ ആദ്യമായാണ് സ്ലീപ്പർ സംവിധാനമുള്ള ബസുകൾ നിരത്തിലിറക്കുന്നത്. അന്തർ സംസ്ഥാന സർവീസുകൾക്കാണ് കെ സ്വിഫ്റ്റിലെ കൂടുതൽ ബസുകളും ഉപയോ​ഗിക്കുക. അതേസമയം ഇന്ന് കരിദിനം ആചരിക്കുമെന്ന് പ്രതിപക്ഷ ട്രേഡ് യൂണിയന്‍ അറിയിച്ചു.


കെ സ്വിഫ്റ്റിൽ നിയമന നടപടികളുമായി മുന്നോട്ടു പോകാൻ സർക്കാരിന് ഹൈക്കോടതിയുടെ അനുമതി ലഭിച്ചിരുന്നു. നിയമനം പൂർണമായും യോഗ്യതയുടെ അടിസ്ഥാനത്തിൽ മാത്രമായിരിക്കണമെന്ന നിർദേശത്തോടെയാണ് നിയമനവുമായി മുന്നോട്ട് പോകാൻ സർക്കാർ കെ സ്വിഫിറ്റിന് അനുമതി നൽകിയത്. നിയമനത്തിൽ എം പാനൽ ജീവനക്കാർക്ക് പ്രത്യേക പരിഗണന നൽകേണ്ടതില്ലെന്നും ഹൈക്കോടതിയുടെ ഇടക്കാല ഉത്തരവിൽ വ്യക്തമാക്കിയിട്ടുണ്ട്. കെ സ്വിഫ്റ്റ് നിയമനത്തെ ചോദ്യം ചെയ്ത് ട്രേഡ് യൂണിയനുകൾ ഹൈക്കോടതിയെ സമീപിച്ചതോടെയാണ് പുതിയ കമ്പനിയുടെ മുന്നോട്ടുള്ള പോക്ക് ആദ്യം പ്രതിസന്ധിയിലായത്.