29 March 2024 Friday

കാനഡയിൽ ഇന്ത്യൻ വിദ്യാർഥി വെടിയേറ്റു മരിച്ചു; ആക്രമണം സബ്‌വേ സ്റ്റേഷനു സമീപം

ckmnews


ടൊറന്റോ ∙ ഇന്ത്യൻ വിദ്യാർഥി കാനഡയിൽ സബ്‌വേ സ്റ്റേഷനു സമീപം വെടിയേറ്റു മരിച്ചു. അക്രമിയെ തിരിച്ചറിഞ്ഞിട്ടില്ല. യുപി ഗാസിയാബാദ് സ്വദേശി കാർത്തിക് വാസുദേവ് (21) ആണു കൊല്ലപ്പെട്ടത്. സെനക കോളജിൽ മാർക്കറ്റിങ് മാനേജ്മെന്റ് ആദ്യ സെമസ്റ്റർ വിദ്യാർഥിയായിരുന്നു. പാർട് ടൈം ജോലി ചെയ്യുന്ന റസ്റ്ററന്റിലേക്കു പോകുംവഴി വ്യാഴാഴ്ച വൈകിട്ട് സെന്റ് ജയിംസ് ടൗണിലെ ഷെർബൺ സ്റ്റേഷനു പുറത്തുവച്ചായിരുന്നു ആക്രമണം. ഒന്നിലേറെ വെടിയേറ്റതായാണു വിവരം. ഗുരുതരമായി പരുക്കേറ്റ നിലയിൽ പ്രാഥമിക ശുശ്രൂഷ നൽകി ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ലെന്ന് ടൊറന്റോ പൊലീസ് അറിയിച്ചു.


ജനുവരിയിൽ കാനഡയിൽ എത്തിയ കാർത്തിക്കിന് രണ്ടാഴ്ച മുൻപാണ് മെക്സിക്കൻ റസ്റ്ററന്റിൽ പാർട് ടൈം ജോലി ലഭിച്ചത്. സംഭവത്തിൽ വിദേശകാര്യ മന്ത്രി എസ്.ജയശങ്കർ ദുഃഖം രേഖപ്പെടുത്തി. ദൃക്സാക്ഷികളിൽ നിന്നുള്ള വിവരങ്ങളും സിസിടിവിയും പരിശോധിച്ചു വരികയാണെന്നു പൊലീസ് അറിയിച്ചു. ആഫ്രോ അമേരിക്കൻ വംശജനായ ഒരാളെയാണു സംശയിക്കുന്നത്.