24 April 2024 Wednesday

സംസ്ഥാനത്ത് ഇന്നും ഉച്ചയ്ക്ക് ശേഷം കനത്ത മഴയ്ക്കും മിന്നലിനും സാധ്യത

ckmnews

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും ഉച്ചയ്ക്ക് ശേഷം കനത്ത മഴയ്ക്കും മിന്നലിനും സാധ്യത. ഇന്നലെയെന്ന പോലെ മിക്ക ജില്ലകളിലും ശക്തമായ കാറ്റും ഉണ്ടാകും. സംസ്ഥാനത്തെ കാലാവസ്ഥയെ സ്വാധീനിക്കുന്ന രണ്ടു ചക്രവാത ചുഴികളും ഇപ്പോഴും സജീവമാണ്. 


തെക്ക് പടിഞ്ഞാറൻ ബംഗാൾ ഉൾക്കടൽ ചക്രവാതചുഴിയും  ശ്രീലങ്കക്ക് മുകളിൽ നിലനിന്നിരുന്ന ചക്രവാതചുഴിയും  ഒരുമിച്ചു ലയിച്ചു തെക്ക് പടിഞ്ഞാറൻ ബംഗാൾ ഉൾകടലിൽ ഒറ്റ ചക്രവാതചുഴിയായി മാറി നീങ്ങാൻ സാധ്യതയുണ്ട്. ഇതുകൂടാതെ കേരളത്തിന് മുകളിലായി  ന്യൂനമർദ പാത്തിയും നിലവിലുണ്ട്. കേരള തീരത്ത് മണിക്കൂറിൽ അമ്പതു കിലോമീറ്റർവരെ വേഗതയിൽ കാറ്റടിക്കാൻ സാധ്യതയുണ്ട്. ശക്തമായ മിന്നൽ സാധ്യത ഉള്ളതിനാൽ തുറസായ സ്ഥലങ്ങളിൽ നിൽക്കുന്നത് ഒഴിവാക്കണമെന്നും കാലാവസ്ഥാ വിദ​ഗ്ദ‍ർ നിർദേശിച്ചു.


ഇന്ന് രാവിലെ വരെയുള്ള 24 മണിക്കൂറിൽ സംസ്ഥാനത്തു പെയ്തത് ശരാശരി 25.4 mm മഴയാണ്. 2022 ൽ ഏറ്റവും കൂടുതൽ മഴ രേഖപെടുത്തിയ ദിവസമായിരുന്നു ഇന്നലെ. മാർച്ച്‌ 1 മുതൽ ഏപ്രിൽ 9 വരെ സംസ്ഥാനത്തു ഇതുവരെ 81% അധിക മഴ ലഭിച്ചു. 59 mm ലഭിക്കേണ്ട സ്ഥാനത്ത് ലഭിച്ചത് 106.6 mm മഴ.


ജില്ലകളിൽ തൃശൂർ ഒഴികെയുള്ള എല്ലാ ജില്ലകളിലും ശരാശരിയെക്കാൾ കൂടുതൽ മഴ ലഭിച്ചു. പത്തനംതിട്ട ( 285.7 mm), കോട്ടയം ( 205.6) എറണാകുളം ( 173.1) ജില്ലകളിലാണ് ഏറ്റവും കൂടുതൽ മഴ ലഭിച്ചത്. തൃശൂർ ( 35 mm) മലപ്പുറം ( 43) ജില്ലകളിലാണ് ഇതുവരെ ഏറ്റവും കുറവ് മഴ ലഭിച്ചത്. തൃശൂരിൽ സാധാരണ ലഭിക്കേണ്ടതിനേക്കാൾ 23% കുറവ് മഴയാണ് ഇതുവരെ ലഭിച്ചത്. കാസറഗോഡ് ജില്ലയിൽ 247% അധിക മഴ രേഖപെടുത്തി. ഈ കാലയളവിൽ സാധാരണ 20.9 mm മഴ മാത്രം ലഭിക്കേണ്ട സ്ഥാനത്തു ജില്ലയിൽ 72.5 mm മഴ ലഭിച്ചു.