19 April 2024 Friday

പട്ടിത്തറ തലക്കശ്ശേരിയില്‍ ആളില്ലാത്ത വീട് കുത്തിത്തുറന്ന് 20 പവന്‍ സ്വര്‍ണ്ണവും 40,000 രൂപയും കവര്‍ന്നു.

ckmnews

പട്ടിത്തറ തലക്കശ്ശേരിയില്‍ ആളില്ലാത്ത വീട് കുത്തിത്തുറന്ന് 20 പവന്‍ സ്വര്‍ണ്ണവും 40,000 രൂപയും കവര്‍ന്നു.


ചാലിശ്ശേരി:പട്ടിത്തറ തലക്കശ്ശേരിയില്‍ ആളില്ലാത്ത വീട് കുത്തിത്തുറന്ന് 20 പവന്‍ സ്വര്‍ണ്ണവും 40,000 രൂപയും കവര്‍ന്നു. പട്ടിത്തറ പഞ്ചായത്തിലെ തലക്കശ്ശേരി ചാരുപടിക്കല്‍ അബൂബക്കറിന്റെ വീട്ടിലാണ് മോഷണം നടന്നത്. വീടിന്റെ മുന്‍ വാതില്‍ കമ്പിപ്പാര ഉപയോഗിച്ച് കുത്തിത്തുറന്ന് അകത്ത് കടന്ന മോഷ്ടാവ് ലോക്കറില്‍ സൂക്ഷിച്ചിരുന്ന 20 പവന്‍ സ്വര്‍ണാഭരണങ്ങളും നാല്‍പ്പതിനായിരം രൂപയും കവര്‍ന്നെടുത്തു.വീട്ടുടമസ്ഥനായ അബൂബക്കറും കുടുംബവും വിദേശത്തായതിനാല്‍ വീട് അടഞ്ഞ് കിടക്കുകയായിരുന്നു.വീടും പരിസരവും നോക്കുന്നതിനായി പരിസരവാസിയായ ആളെയാണ് ഏല്‍പ്പിച്ചിരുന്നത്. ഇയാള്‍ വൈകുന്നേരം വീട്ടിലെ ലൈറ്റ് ഇടാന്‍ എത്തിയപ്പോഴാണ് വീടിന്റെ മുന്‍വാതില്‍ കുത്തിതുറന്നതായി ശ്രദ്ധയില്‍പെട്ടത്.തുടര്‍ന്ന് ഇയാള്‍ തൃത്താല പോലീസില്‍ വിവരം അറിയിക്കുകയായിരുന്നു.തൃത്താല പോലീസ് സ്ഥലത്തെത്തി നടത്തിയ പരിശോധനയിലാണ് മോഷണം സ്ഥിരീകരിച്ചത് കഴിഞ്ഞ ദിവസം രാത്രിയില്‍ പ്രദേശത്ത് ശക്തമായ കാറ്റും മഴയും ഉണ്ടായിരുന്നു. ഈ സാഹചര്യം മുതലെടുത്താണ് മോഷണം നടന്നതെന്നാണ് സംശയിക്കുന്നത്. തൃത്താല പോലീസും, ഫോറന്‍സിക് വിഭാഗവും, ഡോഗ് സ്‌ക്വാഡും സ്ഥലത്തെത്തി പരിശോധന നടത്തി.