28 March 2024 Thursday

പാലക്കാട് - തൃശ്ശൂർ റൂട്ടിലെ ബസ്സുകൾ ഇനി പന്നിയങ്കര ടോൾ വരെ മാത്രം, അടുത്ത ഘട്ടം അനിശ്ചിതകാല പണിമുടക്ക്

ckmnews

പാലക്കാട്: പാലക്കാട് - തൃശ്ശൂർ റൂട്ടിലോടുന്ന സ്വകാര്യ ബസുകൾ  ഇന്നുമുതൽ സർവ്വീസ് നടത്തുക പന്നിയങ്കര ടോൾ  വരെ മാത്രം. ടോൾ പ്ലാസ  കടക്കാൻ ബസുകളിൽ നിന്ന് അമിത നിരക്ക് ഈടാക്കുന്നുവെന്നാരോപിച്ചാണ് സ്വകാര്യ ബസുടമകൾ ഇങ്ങനെയൊരു തീരുമാനം എടുത്തത്. ഇന്നലത്തെ പണിമുടക്കിന് ശേഷം സ്വകാര്യ ബസുടമകൾ നടത്തിയ യോഗത്തിലാണ് തീരുമാനമായത്. 50 ട്രിപ്പുകൾക്ക് പതിനായിരത്തി അഞ്ഞൂറ് രൂപ ടോൾ നൽകാനാവില്ലെന്ന നിലപാടിലാണ് ബസ് ഓപ്പറേറ്റേഴ്സ് അസോസിയേഷൻ. 12 ആം തീയതിക്കുള്ളിൽ ടോൾ നിരക്ക് കുറച്ചില്ലെങ്കിൽ അനിശ്ചിതകാലത്തേക്ക് പണിമുടക്കുമെന്നാണ് ബസുടമകൾ പറയുന്നത്.

ബസുകൾ ട്രാക്കിൽ നിർത്തിയിട്ടും പിന്നീട് ആളുകളെ ഇറക്കി വിട്ടും സ്വകാര്യ ബസുകൾ ഇന്നലെ പ്രതിഷേധിച്ചിരുന്നു. പന്നിയങ്കര ടോൾ പ്ലാസയിൽ സ്വകാര്യ ബസുകളിൽ നിന്ന് ടോൾ പിരിവ് തുടങ്ങിയതിനെതിരെ ദിവസങ്ങളായി പ്രതിഷേധം തുടരുകയാണ്. 50 ട്രിപ്പുകൾക്ക് പതിനായിരത്തി അഞ്ഞൂറ് രൂപയാണ് ടോൾ കടക്കാൻ സ്വകാര്യ ബസുകൾ നൽകേണ്ടി വരുന്നത്.  ഇത് വലിയ സാമ്പത്തിക ബാധ്യതയുണ്ടാക്കുമെന്നാണ് ബസുടമകളുടെ വാദം.