18 April 2024 Thursday

കേന്ദ്രം കേരളത്തിന് 20,000 കിലോ ലിറ്റർ മണ്ണെണ്ണ അനുവദിച്ചു

ckmnews

കേന്ദ്രം കേരളത്തിന് 20,000 കിലോ ലിറ്റർ മണ്ണെണ്ണ   അനുവദിച്ചു. കേരളത്തിനുള്ള മണ്ണെണ്ണ വിഹിതം വർധിപ്പിക്കണമെന്ന സംസ്ഥാന ഭക്ഷ്യ മന്ത്രി ജി ആർ അനിലിൻ്റെ ആവശ്യം പരിഗണിച്ചാണ് കേന്ദ്ര പെട്രോളിയം സഹമന്ത്രി രമേശ്വർ തേലി കൂടുതൽ മണ്ണെണ്ണ അനുവദിച്ചത്. എന്നാൽ വില ലിറ്ററിന് 81 രൂപയിൽ കുറയില്ല. അതേസമയം അധിക മണ്ണെണ്ണ ലഭിക്കുന്നതോടെ പതിവുപോലെ വിഹിതം നൽകാൻ സംസ്ഥാനത്തിന് സാധിക്കും. 


കേന്ദ്ര മന്ത്രാലയം ഉന്നതതല ഉദ്യോഗസ്ഥരുടെ യോഗം ഇന്ന് ചേരുകയും സംസ്ഥാനത്തിന് 20,000 കിലോ ലിറ്റർ മണ്ണെണ്ണ അനുവദിക്കുന്നതിന് നടപടി സ്വീകരിക്കുവാനും തീരുമാനിച്ചു. എണ്ണക്കമ്പനികളുമായി സംസാരിച്ച് കഴിഞ്ഞ വർഷം അനുവദിച്ച മണ്ണെണ്ണയുടെ ഒരു വിഹിതം അഡ്വാൻസായി നൽകാൻ നടപടി സ്വീകരിക്കുവാനും മന്ത്രാലയം നിർദ്ദേശിച്ചു. ഉപഭോക്താക്കൾക്ക് പതിവ് വിഹിതം ലഭിക്കും. പക്ഷേ, മണ്ണെണ്ണ ലിറ്ററിന് 81 രൂപ തന്നെ നൽകണം. 


മണ്ണെണ്ണ വില വർധിപ്പിച്ച നടപടി പുനഃപരിശോധിക്കണമെന്നും സംസ്ഥാനം കേന്ദ്ര സർക്കാരിനോട് ആവശ്യപ്പെട്ടിരുന്നു. കഴിഞ്ഞ മൂന്ന് വർഷമായി സംസ്ഥാനത്തിന് അനുവദിച്ച പാദ വാർഷിക മണ്ണെണ്ണ ക്വാട്ട ഘട്ടം ഘട്ടമായി കേന്ദ്ര സർക്കാർ വെട്ടികുറച്ചിരുന്നു. കേന്ദ്രത്തിൽ നിന്നുള്ള സബ്സിഡിയുള്ള മണ്ണെണ്ണ വിഹിതം 40 മുതൽ 60 ശതമാനം വരെ കുറഞ്ഞു. ഇത് വലിയ പ്രതിസന്ധിയാണ് സൃഷ്ടിച്ചത്. ഈ സാഹചര്യത്തിലാണ് ഭക്ഷ്യ മന്ത്രി ജി ആർ അനിൽ കേന്ദ്ര പെട്രോളിയം സഹ മന്ത്രിയുമായി ഇന്നലെ നടന്ന കൂടിക്കാഴ്ചയില്‍ മണ്ണെണ്ണ വിഹിതം വർധിപ്പിക്കണമെന്ന് ആവശ്യപ്പെട്ടത്. 


മണ്ണെണ്ണ വില വര്‍ധന മത്സ്യത്തൊഴിലാളികളുടെ ജീവിതം ദുരിതപൂർണമാക്കിയിരിക്കുകയാണ്. മത്സ്യത്തൊഴിലാളികൾ പട്ടിണിയിലേക്ക് പോകുന്ന സ്ഥിതിയാണ് മണ്ണെണ്ണ വിഹിതത്തിലെ കുറവ് മൂലമുണ്ടാകുന്നതെന്ന് മന്ത്രി അനിൽ ചൂണ്ടിക്കാട്ടി. കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി മുരളീധരന്റെ വിമർശനം അടിസ്ഥാനരഹിതമാണ്. മണ്ണെണ്ണ കേരളത്തിൽ കൃത്യമായി വിതരണം ചെയ്യുന്നുണ്ട്. കേരളത്തിന്നുള്ള മണ്ണണ്ണ സബ്സിഡി വർധിപ്പിക്കുന്ന കാര്യത്തിൽ കേന്ദ്രത്തിൽ നിന്ന് അനുകൂലമായ നിലപാടില്ലെങ്കിൽ അടുത്ത നടപടി ആലോചിക്കാമെന്നും മന്ത്രി അനിൽ  ഇന്നലെ പറഞ്ഞിരുന്നു.