23 April 2024 Tuesday

ഇന്ധന വിലക്കൊപ്പം സിഎൻജി യുടെ വിലയും കുത്തിച്ചുയർന്നു: ജീവിതം വഴി മുട്ടിക്കുന്നതായി ഓട്ടോ തൊഴിലാളികൾ

ckmnews

ഇന്ധന വിലക്കൊപ്പം സിഎൻജി യുടെ വിലയും കുത്തിച്ചുയർന്നു: ജീവിതം വഴി മുട്ടിക്കുന്നതായി ഓട്ടോ തൊഴിലാളികൾ


ചങ്ങരംകുളം:ഇന്ധന വിലക്കൊപ്പം സിഎൻജി യുടെ വിലയും കുത്തിച്ചുയരുന്നത് ജീവിതം വഴി മുട്ടിക്കുന്നതായി ഓട്ടോ തൊഴിലാളികൾ.കൂടുതൽ ലാഭം സ്വപ്നം കണ്ട് സിഎൻജിയിലേക്ക് മാറിയ ഓട്ടോ തൊഴിലാളികളാണ് അപ്രതീക്ഷിതമായ വിലക്കയറ്റത്തിലും സിഎൻജി ക്ഷാമത്തിലും പ്രതിസന്ധിയിലായത്.59 രൂപ വിലയുണ്ടായിരുന്ന സിഎൻജി 22 രൂപ വരെ കൂട്ടി നിലവിൽ 82 രൂപയാണ് ഒരു ലിറ്റൻ സിഎൻജിയുടെ വില.മാസങ്ങൾക്ക് മുമ്പ് കമ്പനി നൽകിയ മോഹന വാഗ്ദാനങ്ങളാണ് തൊഴിലാളികളെ വെട്ടിലാക്കിയത്.വില കൂടിയാലും സിഎൻജി ആവശ്യത്തിന് ലഭിക്കുന്നില്ലെന്നും കിലോമീറ്ററുകൾ സഞ്ചരിച്ച്  മണിക്കൂറുകളോളം വരിയിൽ നിന്നാണ് ഓടാനുള്ള സിഎൻജി ലഭിക്കുന്നതെന്നും തൊഴിലാളികൾ പറയുന്നു.പ്രധാന ടൗണുകൾ കേന്ദ്രീകരിച്ച് സിഎൻജി പമ്പുകൾ ആരംഭിക്കുമെന്ന വാഗ്ദാനം ഇതുവരെയും നടപ്പിലായിട്ടില്ല.ചില സമയങ്ങളിൽ രാത്രി 20 കിലോമീറ്ററോളം സഞ്ചരിച്ച് പാലക്കാട് ജില്ലയിലെ വാവനൂരിൽ ചെന്ന് മണിക്കൂറുകളോളം കിടന്നാണ് പിറ്റേന്ന് പുലർച്ചെ സിഎൻജി നിറക്കുന്നത്.ദൂര സ്ഥലങ്ങളിൽ നിന്ന് കുടുംബത്തോടൊപ്പം വന്ന് സിഎൻജിക്ക് കാത്ത് കിടക്കുന്നവരെയും പമ്പിൽ കാണാമെന്നും തൊഴിലാളികൾ പറഞ്ഞു.എടപ്പാൾ ചങ്ങരംകുളം മേഖലയിൽ മാത്രം 15 ഓളം ഓട്ടോറിക്ഷകൾ സിഎൻജിയിൽ ഓടുന്നുണ്ട്


ഓട്ടോറിക്ഷകൾക്ക് പുറമെ കാറും ബസും അടക്കമുള്ള നിരവധി വാഹനങ്ങളും സിഎൻജിയിലേക്ക് മാറിയിട്ടുണ്ട്.ദിനം പ്രതി കൂടുന്ന പെട്രോൾ ഡീസൽ വില വർദ്ധനവിൽ നിന്ന് സംരക്ഷണം ലഭിക്കാനാണ് സിഎൻജിയിലേക്ക് മാറിയതെന്നും.ഇപ്പോൾ സിഎൻജി കുത്തനെ വില കൂട്ടി തങ്ങളെ വഞ്ചിക്കുകയാണ് ചെയ്തതെന്നുമാണ് ഓട്ടോ ഡ്രൈവറുടെ പരാതി


ചങ്ങരംകുളത്ത് പമ്പ് തുറക്കുമെന്ന് പറഞ്ഞിട്ട് മാസങ്ങളായെങ്കിലും ഇത് വരെ തുറന്നിട്ടില്ല.ലോണെടുത്തും വായ്പ വാങ്ങിയും ഉപജീവനത്തിനായി വാഹനങ്ങൾ വാങ്ങിയതൊഴിലാളികൾ പലരും പട്ടിണിയിലാണെന്നും തൊഴിലാളികൾ പറഞ്ഞു