20 April 2024 Saturday

സന്തോഷ് ട്രോഫി ടിക്കറ്റ് വില നിശ്ചയിച്ചു;ഒരുക്കങ്ങൾ ഫിനിഷിങ് പോയിന്റിൽ രാത്രി മത്സരങ്ങൾക്ക് ശേഷം വിവിധ സ്ഥലങ്ങളിലേക്ക് കെ.എസ്.ആർ.ടി.സി ബസ് സർവ്വീസ്

ckmnews

സന്തോഷ് ട്രോഫി ടിക്കറ്റ് വില നിശ്ചയിച്ചു;ഒരുക്കങ്ങൾ ഫിനിഷിങ് പോയിന്റിൽ


രാത്രി മത്സരങ്ങൾക്ക് ശേഷം വിവിധ സ്ഥലങ്ങളിലേക്ക് കെ.എസ്.ആർ.ടി.സി ബസ് സർവ്വീസ്


മലപ്പുറം:സന്തോഷ് ട്രോഫി ഫുട്‌ബോള്‍ ചാമ്പ്യന്‍ഷിപ്പിന്റെ ടിക്കറ്റ് വില നിശ്ചയിച്ചു. മഞ്ചേരി പയ്യനാട് സ്റ്റേഡിയത്തില്‍ ഗ്യാലറിക്ക് ഒരു മത്സരത്തിന് 100 രൂപയും കസേരക്ക് ഒരു മത്സരത്തിന് 250 രൂപയുമാണ് നിശ്ചയിച്ചിരിക്കുന്നത്.ഇതേ ഇനത്തില്‍ സീസണ്‍ ടിക്കറ്റിന് 1000 രൂപയും 2500 രൂപയുമാണ് വിലയായി തീരുമാനിച്ചിരിക്കുന്നത്. വി.ഐ.പി. കസേരക്ക് 1000 രൂപയാണ് അതിന്റെ സീസണ്‍ ടിക്കറ്റിന് 10,000 രൂപയാണുള്ളത്. മൂന്ന് പേര്‍ക്ക് കയറാവുന്ന 25,000 തിന്റെ വി.ഐ.പി. ടിക്കറ്റും ലഭ്യമാണ്.മലപ്പുറം കോട്ടപ്പടി സ്റ്റേഡിയത്തില്‍ ഗ്യാലറി ടിക്കറ്റ് മാത്രമാണ് ഉള്ളത്. ഗ്യാലറി ടിക്കറ്റിന് ഒരു മത്സരത്തിന് 50 രൂപയും സീസണ്‍ ടിക്കറ്റിന് 400 രൂപയുമാണ് വിലയായി നിശ്ചിയിച്ചിരിക്കുന്നത്.ടിക്കറ്റ് വില്‍പന ഒണ്‍ലൈന്‍, ബാങ്ക്, കൗണ്ടര്‍ എന്നിവ വഴിയാണ് നടക്കുക. ഏത് ഓണ്‍ലൈന്‍ വഴിയാണ് വില്‍പന എന്ന് തീരുമാനിച്ച്‌ അറിയിക്കും. ജില്ലയിലെ പ്രധാന കേന്ദ്രങ്ങളായ തിരൂര്‍, പെരിന്തല്‍മണ്ണ, നിലമ്പൂര്‍, പൊന്നാനി എന്നിവിടങ്ങളിലെ ആരാധകര്‍ക്ക് ടിക്കറ്റ് വാങ്ങാനുള്ള പ്രത്യേക സൗകര്യമൊരുക്കും. ടിക്കറ്റ് വില്‍പന ഗ്രാമീണ ബാങ്ക്, സഹകരണ ബാങ്ക് എന്നിവ വഴി നടത്തുന്ന കാര്യം ആലോചിക്കുന്നുണ്ട്.നിലവിലുള്ള കോവിഡ് മുന്‍കരുതലുകള്‍ പാലിച്ചുകൊണ്ടായിരിക്കണം മത്സരം നടത്തേണ്ടതെന്ന് ഡി.എം.ഒക്ക് നിര്‍ദേശം നല്‍കി. മഞ്ചേരിയിലും കോട്ടപ്പടിയിലും മത്സരം കാണാനെത്തുന്നവര്‍ക്കുള്ള പാര്‍ക്കിംങ് സൗകര്യങ്ങളും യോഗം വിലയിരുത്തി.കോട്ടപ്പടിയിലെ പാര്‍ക്കിംങിന് കൂടുതല്‍ സൗകര്യമൊരുക്കണമെന്ന് നിര്‍ദേശം നല്‍കി. വി.വി.ഐ.പി., വി.ഐ.പി പാര്‍ക്കിംങ് സ്റ്റേഡിയത്തിന് അടുത്തായി നല്‍ക്കും.ബാക്കി പാര്‍ക്കിംങ് സ്റ്റേഡിയത്തില്‍ നിന്ന് മാറി സൗകര്യമൊരുക്കും.പാര്‍ക്കിംങ് സ്ഥലത്തു നിന്ന് സ്റ്റേഡിയത്തിലേക്ക് പ്രത്യേക വാഹന സൗകര്യം ഒരുക്കുന്ന കാര്യവും പരിഗണിക്കുന്നുണ്ട്.


സ്‌റ്റേഡിയത്തില്‍ ഇതുവരെ നടത്തിയ പ്രവര്‍ത്തികളില്‍ തൃപ്തി അറിയിച്ച എ.ഐ.എഫ്.എഫ് കോംപറ്റീഷന്‍ മാനേജര്‍ സ്റ്റേഡിയം ലോകോത്തര നിലവാരത്തിലേക്ക് ഉയര്‍ന്നെന്നും കൂട്ടിചേര്‍ത്തു.താരങ്ങള്‍ക്കും ഒഫീഷ്യല്‍സിനും ഒരുക്കിയ അക്കൊമൊഡേഷന്‍,ട്രാന്‍സ്‌പോര്‍ട്ടേഷന്‍ എന്നിവയും പരിശോധിച്ചെന്നും താന്‍ പൂര്‍ണതൃപ്തനാണെന്നും അദ്ധേഹം അറിയിച്ചു. അന്തര്‍ദേശീയ, ദേശീയ മത്സരങ്ങള്‍ക്ക് അനുയോജ്യമായ സ്‌റ്റേഡിയമാണ് പയ്യനാട്. സന്തോഷ് ട്രോഫിക്ക് ശേഷവും അന്തര്‍ദേശീയ, ദേശീയ മത്സരങ്ങള്‍ ഇവിടെ വച്ച്‌ സംഘടിപ്പിക്കണമെന്നും അദ്ദേഹം പറഞ്ഞു.മത്സരം കാണനെത്തുന്നവര്‍ക്ക് കെ.എസ്.ആര്‍.ടി.സിയുമായി സഹകരിച്ച്‌ പ്രത്യേക യാത്ര സൗകര്യങ്ങള്‍ ഒരുക്കും. രാത്രി മത്സരം നടക്കുന്നത്‌കൊണ്ട് മത്സരശേഷം ആരാധകര്‍ക്ക് ബുദ്ധിമുട്ടില്ലാതെ തിരിച്ചെത്താന്‍ വേണ്ടിയാണ് സൗകര്യം ഒരുക്കുന്നത്. നിലമ്പൂര്‍, വണ്ടൂര്‍, തിരൂര്‍, പൊന്നാനി തുടങ്ങിയ സ്ഥലങ്ങളില്‍ നിന്നും പ്രത്യേക സര്‍വീസുണ്ടാകും. ഏപ്രില്‍ 16 മുതല്‍ മെയ് രണ്ട് വരെ മഞ്ചേരി പയ്യനാട് സ്റ്റേഡിയം, മലപ്പുറം കോട്ടപ്പടി സ്റ്റേഡിയം എന്നിവിടങ്ങളിലായാണ് സന്തോഷ് ട്രോഫി മത്സരങ്ങള്‍ നടക്കുന്നത്.