ഓർഗൺ പഠിക്കാനെത്തിയ 16-കാരിയെ പലതവണ പീഡിപ്പിച്ചു; സംഗീത അധ്യാപകന് ജീവപര്യന്തം തടവ്

കണ്ണൂർ: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ചെന്ന കേസിൽ സംഗീത അധ്യാപകന് ജീവപര്യന്തം തടവും ഒരു ലക്ഷം രൂപ പിഴയും ശിക്ഷ. ഉദയഗിരി കാർത്തികപുരം അട്ടേങ്ങാട്ടിൽ ജിജി ജേക്കബി(43)നെയാണ് തളിപ്പറമ്പ് ഫാസ്റ്റ്ട്രാക്ക് കോടതി ജഡ്ജി സി.മുജീബ് റഹ്മാൻ ശിക്ഷിച്ചത്. പെൺകുട്ടിയുടെ ചിത്രങ്ങൾ പ്രചരിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തിയതിന് രണ്ടുവർഷം കൂടി തടവും വിധിച്ചിട്ടുണ്ട്.
2015-ലാണ് കേസിനാസ്പദമായ സംഭവം. അവധിക്കാലത്ത് കരുവഞ്ചാലിലെ ഒരു സ്ഥാപനത്തിൽ ഓർഗൺ പഠിക്കാനെത്തിയ 16-കാരിയെയാണ് സംഗീത അധ്യാപകനായ ജിജി ജേക്കബ് പീഡിപ്പിച്ചത്. സ്ഥാപനത്തിൽവെച്ച് പലതവണ ഇയാൾ കുട്ടിയെ പീഡിപ്പിച്ചെന്നായിരുന്നു പരാതി.
ആലക്കോട് സ്റ്റേഷനിലെ അന്നത്തെ ഇൻസ്പെക്ടറായിരുന്ന പി.കെ. സുധാകരനാണ് കേസിൽ അന്വേഷണം നടത്തിയത്. വിചാരണയ്ക്കിടെ 15 സാക്ഷികളെ വിസ്തരിച്ചു. 18 രേഖകളും ഹാജരാക്കി. പ്രോസിക്യൂഷന് വേണ്ടി സ്പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടർ ഷെറിമോൾ ജോസ് ഹാജരായി.