19 April 2024 Friday

വാടക പകുതിയാക്കി നല്‍കണം:കെട്ടിട ഉടമകളോട് അഭ്യര്‍ത്ഥനയുമായി വ്യാപാരികള്‍

ckmnews


ചങ്ങരംകുളം:കോവിഡ് പ്രതിസന്ധി മൂലം അനിശ്ചിതത്വത്തിലായ വ്യാപാര സ്ഥാപനങ്ങള്‍ മുന്നോട്ട് പോവാന്‍ കെട്ടിട ഉടമകളോട് വാടക പകുതിയാക്കി നല്‍കണമെന്ന അഭ്യര്‍ത്ഥനയുമായി വ്യാപാരികള്‍ രംഗത്ത്.ആവശ്യം ഉന്നയിച്ച് ചങ്ങരംകുളം യൂണിറ്റ് വ്യാപാരി വ്യവസായി ഏകോപന സമിതി ഭാരവാഹികള്‍ കെട്ടിട ഉടമകളെ സമീപിക്കാന്‍ ഒരുങ്ങുഖയാണ്.പ്രതിസന്ധിയിൽ ദുരിതമനുഭവിക്കുന്ന ഏറ്റവും വലിയ വിഭാഗം വ്യാപാരികളാണ്. ഉള്ളത് വിറ്റു പെറുക്കിയും ലോൺ എടുത്തുമാണ് മഹാഭൂരിപക്ഷം പേരും  ഉപജീവനത്തിനായി വ്യാപാര സ്ഥാപനങ്ങൾ ആരംഭിച്ചത്. പലരും വേണ്ടത്ര പഠനം നടത്താത്തതിനാൽ വലിയ സംഖ്യ വാടകയും, അഡ്വാൻസും നൽകിയാണ് സ്ഥാപനം തുടങ്ങിയതെങ്കിലും വാടക പോലും കൊടുക്കാൻ പറ്റാത്ത ഒരവസ്ഥയിലാണ് മിക്ക വ്യാപാരികളും ഇന്നുള്ളത്. ഈ പ്രതിസന്ധിക്ക് പരിഹാരം കാണാൻ സാധിക്കുക കെട്ടിട ഉടമകൾക്ക് മാത്രമാണ്. ഇന്നത്തെ പ്രതിസന്ധി മനസ്സിലാക്കി രണ്ട് വർഷത്തേക്ക് നിലവിലെ വാടകയിൽ കുറവ് നൽകികൊണ്ട് സഹായിക്കണം.10,000/- രൂപക്ക് മുകളിൽ വാടകയുള്ള സ്ഥാപനങ്ങൾക്ക് നിലവിലെ വാടകയിൽനിന്നും 50 ശതമാനവും പതിനായിരത്തിൽ കുറവുള്ളതിന് 40 ശതമാനവും വാടക ഇളവ് രണ്ട് വർഷത്തേക്ക് നൽകി സഹായിക്കണം എന്ന അഭ്യര്‍ത്ഥനയുമായാണ് ഭാരവാഹികള്‍ കെട്ടിട ഉടമകളെ സമീപിക്കുന്നത്.അതിന് കഴിയാത്ത പക്ഷം കണ്ണീരോട് കൂടി പലരും രംഗംവിടേണ്ടിവരുന്ന അവസ്ഥയാണ് നിലനിൽക്കുന്നതെന്നും വ്യാപാരികള്‍ പറയുന്നു