23 April 2024 Tuesday

രാജ്യസുരക്ഷയുടെ പേരില്‍ 22 യൂട്യൂബ് ചാനലുകള്‍ക്ക് കൂടി നിരോധനം; ഇന്ത്യയിലെ ചാനലുകള്‍ക്ക് വിലക്ക് ആദ്യം

ckmnews

രാജ്യസുരക്ഷയുടെ പേരില്‍ 22 യൂട്യൂബ് ചാനലുകള്‍ക്ക് കൂടി നിരോധനം; ഇന്ത്യയിലെ ചാനലുകള്‍ക്ക് വിലക്ക് ആദ്യം


ന്യൂഡല്‍ഹി: 22 യൂട്യൂബ് ചാനലുകള്‍ക്ക് കൂടി നിരോധനം ഏര്‍പ്പെടുത്തി കേന്ദ്ര വാര്‍ത്താ വിനിമയ മന്ത്രാലയം. ദേശീയ സുരക്ഷയെ ബാധിക്കുന്ന തരത്തില്‍ വ്യാജവാര്‍ത്തകള്‍ പ്രചരിപ്പിക്കുന്നുവെന്ന് കാണിച്ചാണ് നടപടി. നിരോധിച്ചവയില്‍ നാല് ചാനലുകള്‍ പാകിസ്താന്‍ കേന്ദ്രമാക്കി പ്രവര്‍ത്തിക്കുന്നതാണ്. മറ്റ് 18 ചാനലുകള്‍ രാജ്യത്ത് തന്നെ പ്രവര്‍ത്തിക്കുന്നവയാണ്. കഴിഞ്ഞ ഫെബ്രുവരിയില്‍ പുതിയ ഐടി നിയമങ്ങള്‍ നിലവില്‍ വന്നതിന് പിന്നാലെ ഇതാദ്യമായാണ് ഇന്ത്യയില്‍ തന്നെ പ്രവര്‍ത്തിക്കുന്ന ചാനലുകള്‍ക്ക് വിലക്ക് ഏര്‍പ്പെടുത്തുന്നത്.


മൂന്ന് ട്വിറ്റര്‍ അക്കൗണ്ടുകള്‍ക്കും ഒരു ഫേസ്ബുക്ക് അക്കൗണ്ടിനും നിരോധനം ഏര്‍പ്പെടുത്തിയിട്ടുണ്ട്. കശ്മീരിനെക്കുറിച്ചും ഇന്ത്യന്‍ സേനയെക്കുറിച്ചും ഈ ചാനലുകള്‍ വ്യാജ വാര്‍ത്ത പ്രചരിപ്പിക്കുന്നതായി വാര്‍ത്താ വിതരണ മന്ത്രാലയം അറിയിച്ചു. ഇവയില്‍ ചില ചാനലുകള്‍ യുക്രെയ്‌നിലെ റഷ്യന്‍ അധിനിവേശത്തെക്കുറിച്ച് വ്യാജവാര്‍ത്തകള്‍ നല്‍കുകയും ഇന്ത്യയുടെ മറ്റ് രാജ്യങ്ങളുമായുള്ള നയതന്ത്ര ബന്ധത്തിന് കോട്ടം തട്ടുന്ന രീതിയില്‍ വാര്‍ത്തകള്‍ നല്‍കുന്നുവെന്നും വിജ്ഞാപനത്തില്‍ ചൂണ്ടിക്കാട്ടുന്നു.


ഈ യൂട്യൂബ് ചാനലുകള്‍ ചില ടിവി ചാനലുകളുടെ ലോഗോ ദുരുപയോഗപ്പെടുത്തുന്നതായും അവതാരകരുടെ ചിത്രങ്ങള്‍ തെറ്റിദ്ധരിപ്പിക്കുന്ന വിധത്തില്‍ ഉപയോഗിക്കുന്നതായും മന്ത്രാലയം അറിയിക്കുന്നു. 2021 ഡിസംബര്‍ മുതല്‍ ഇതുവരെ 78 യൂട്യൂബ് ചാനലുകള്‍ ഇന്ത്യയില്‍ മന്ത്രാലയം നിരോധിച്ചിട്ടുണ്ട്. ദേശീയ സുരക്ഷയാണ് എല്ലാ തവണയും നിരോധനത്തിന് കാരണമായി മന്ത്രാലയം അറിയിച്ചത്. മാര്‍ച്ച് 7 വരെ 1,000 ലേറെ യുആര്‍എല്ലുകള്‍ക്ക് പ്രവര്‍ത്തന വിലക്ക് ഏര്‍പ്പെടുത്താന്‍ നോട്ടീസ് നല്‍കിക്കഴിഞ്ഞുവെന്ന് മന്ത്രാലയം പാര്‍ലിമെന്ററി സ്ഥിരം സമിതിയെ അറിയിച്ചിട്ടുണ്ട്.