28 March 2024 Thursday

ശ്രീലങ്കൻ പ്രധാനമന്ത്രി മഹിന്ദയുടെ മകൻ ഉൾപ്പെടെ മന്ത്രിമാരെല്ലാം രാജിവച്ചു

ckmnews

ശ്രീലങ്കൻ പ്രധാനമന്ത്രി മഹിന്ദയുടെ മകൻ ഉൾപ്പെടെ മന്ത്രിമാരെല്ലാം രാജിവച്ചു


കൊളംബോ ∙ സാമ്പത്തിക പ്രതിസന്ധിയെത്തുടർന്നുള്ള ജനരോഷം ശക്തമാകുന്നതിനിടെ, ശ്രീലങ്കൻ പ്രധാനമന്ത്രി മഹിന്ദ രാജപക്സെ രാജിവച്ചതായി അഭ്യൂഹം. എന്നാൽ പ്രധാനമന്ത്രിയുടെ ഓഫിസ് ഇതു നിഷേധിച്ചു. ‌‌രാത്രി വൈകി, മഹിന്ദയുടെ മകനും യുവജനകാര്യ, കായിക വകുപ്പ് മന്ത്രിയുമായ നമൽ രാജപക്സെ രാജിവച്ചു. പിന്നാലെ എല്ലാ കാബിനറ്റ് മന്ത്രിമാരും രാജി സമർപ്പിച്ചു.


എല്ലാ രാഷ്ട്രീയ കക്ഷികളെയും ഉൾപ്പെടുത്തി ദേശീയ സർക്കാർ രൂപീകരിക്കാൻ ശ്രീലങ്കൻ പ്രസിഡന്റ് ഗോട്ടബയ രാജപക്സെയും സഹോദരൻ കൂടിയായ പ്രധാനമന്ത്രി മഹിന്ദ രാജപക്സെയും തമ്മിലുള്ള ചർച്ചയിൽ ധാരണയായെന്ന വാർത്തയ്ക്കു പിന്നാലെയാണ് മഹിന്ദയുടെ രാജി അഭ്യൂഹം പരന്നത്. ദേശീയ സർക്കാരിന് പ്രസിഡന്റ് അനുകൂലമാണെന്നു മുൻ മന്ത്രി വിമൽ വീരവൻസയും പറഞ്ഞിരുന്നു. ഒരാഴ്ചയ്ക്കകം ദേശീയ സർക്കാർ രൂപീകരിച്ചില്ലെങ്കിൽ ഭരണമുന്നണി വിടുമെന്നു ശ്രീലങ്ക ഫ്രീഡം പാർട്ടി പ്രസിഡന്റിനു കത്തുനൽകി. 


പ്രതിപക്ഷം പ്രഖ്യാപിച്ച രാജ്യവ്യാപക പ്രക്ഷോഭം ചിലയിടങ്ങളിൽ അക്രമാസക്തമായി. കർഫ്യൂ ലംഘിച്ച് റാലി നടത്താൻ ശ്രമിച്ച 664 പേരെ അറസ്റ്റ് ചെയ്തു. പെരാദെനിയയിൽ വിദ്യാർഥി പ്രതിഷേധം തടയാൻ കണ്ണീ‍ർവാതകം പ്രയോഗിച്ചു. കാൻഡി നഗരത്തിലും വിദ്യാർഥി പ്രക്ഷോഭം അക്രമാസക്തമായി. പ്രതിപക്ഷ നേതാവ് സജിത് പ്രേമദാസയുടെ നേതൃത്വത്തിൽ കൊളംബോയിൽ എംപിമാർ മാർച്ച് നടത്തി.


ഇതിനിടെ, വൈദ്യുതി പ്രതിസന്ധിക്കു പരിഹാരം തേടി, ഗോട്ടബയയുടെ വസതിക്കു മുന്നിലെ ട്രാൻസ്ഫോമറിൽ കയറി പ്രതിഷേധക്കാരിലൊരാൾ ജീവനൊടുക്കി. ഓസ്ട്രേലിയയിലും ന്യൂസീലൻഡിലും ശ്രീലങ്കക്കാർ പ്രകടനം നടത്തി.  പൊലീസ് കസ്റ്റഡിയിലെടുത്ത സമൂഹമാധ്യമ ഗ്രൂപ്പുകളുടെ അഡ്മിൻ അനുരുദ്ധ ബണ്ടാരയെ ജാമ്യത്തിൽ വിട്ടയച്ചു.