25 April 2024 Thursday

ചാലിശ്ശേരി ഗവ: ഹയർ സെക്കണ്ടറി സ്കൂളിന് പുതിയ മൂന്ന് നില കെട്ടിടം ഉയരുന്നു. ഓർമ്മയാകുന്നു പഴയ കെട്ടിടം

ckmnews



ചങ്ങരംകുളം:ചാലിശ്ശേരി ഗവ: ഹയർ സെക്കണ്ടറി സ്കൂളിൻ്റെ ആദ്യകാലത്തെ ക്ലാസ്സ് മുറികൾ ഇനി ഓർമ്മയാക്കുന്നു.സ്കൂളിലെ ക്ലാസ്സ് മുറികളുടെ കുറവ് നികത്തി  പതിനെട്ട് ക്ലാസ്സുകൾ ഒരുക്കുവാനാണ്  പഴയ കെട്ടിടം പൊളിക്കൽ ആരംഭിച്ചത്.പഴയകാലത്തെ സ്കൂളിൻ്റെ ആറു പതിറ്റാണ്ടുകാലത്തെ കഥപറയുന്ന പഠന മുറികൾ പൊളിച്ച്  മൂന്ന് നില കെട്ടിടമാണ്  ഉയരുക.1957 സ്കൂൾ സ്ഥാപിച്ചതിനു ശേഷം ആദ്യത്തെ വലിയ സ്കൂൾ കെട്ടിടമായിരുന്നിത്.1959 ലാണ് ഈ കെട്ടിടം  പണികഴിഞ്ഞത്.രണ്ട് തണ്ടുകളിലായി രണ്ട് ഹാളുകളായിരുന്നു കെട്ടിടം.ആദ്യകാലങ്ങളിൽ കെട്ടിടത്തിൻ്റെ മേൽക്കൂര ഓല മേഞ്ഞതായിരുന്നു. ഓലകൊണ്ട് തന്നെ മറച്ചിരുന്ന ക്ലാസ്സുമുറികളിലായിരുന്നു പ0നം നടന്നിരുന്നത്.തുടർന്നാണ് മേൽക്കൂര ഓടാക്കിയതും  എട്ടോളം പ്രത്യേക  ക്ലാസ്സുമുറികളാക്കി മാറ്റിയതും.ആദ്യകാലങ്ങളിൽ സ്കൂൾ കലോൽസവം , മറ്റു പരിപാടികളെല്ലാം ഈ ഹാളിലായിരുന്നു നടത്തിയിരുന്നത്.ആയിരക്കണക്കിന് പൂർവ്വ വിദ്യാർത്ഥികളുടെ  ക്ലാസ്സുമുറിയുമായുള്ള   അറിവിൻ്റെ ആഴത്തിലുള്ള ബന്ധം കെട്ടിടം പൊളിക്കുന്നതോടെ  ഓർമ്മയായി മാറുകയാണ്.ഇതിനകം പഴയ ക്ലാസ്സ് മുറികൾ കാണുവാൻ നിരവധി പേർ എത്തി അനുഭവങ്ങൾ പങ്കുവെച്ചു.പാവപ്പെട്ട സാധാരണക്കാരായിരുന്നു കുട്ടികളാണ്  ഇവിടെ പഠിച്ചിരുന്ന വരിൽ ധാരാള പേരും.മികച്ച സൗകര്യമുള്ളവർ പെരിങ്ങോട് , മൂക്കതല , കുമരനെല്ലൂർ , അക്കിക്കാവ് , കുന്നംകുളം സ്കൂളുകളെയാണ് ആശയിച്ചിരുന്നത്.നിലവിൽ യു.പി വിഭാഗം ഏഴ് ക്ലാസ്സുകളും , ഹൈസ്കൂൾ വിഭാഗം ഒരു ക്ലാസ്സ് മുറിയും  കെട്ടിടത്തിൽ പ്രവർത്തിച്ചിരുന്നു.കൂടുതൽ ക്ലാസ്സ് മുറികൾ വേണമെന്നത് സ്കൂളിൻ്റെ  ഏറെ കാലത്തെ ആവശ്യമായിരുന്നു.സ്കൂൾ കെട്ടിടത്തിനായി   മൂന്ന് കോടി രൂപ സർക്കാർ അനുവദിച്ചിരുന്നു.കെട്ടിടം കഴിഞ്ഞ ദിവസങ്ങളിൽ പൊളിക്കൽ തുടങ്ങി.കിഫ്ബി വഴിയാണ്  പദ്ധതി ഇപ്പോൾ ആരംഭിക്കുന്നത്.

മൂന്ന് കോടി രൂപ ചിലവിൽ മൂന്ന് നിലകളിലായി പണിയുന്ന കെട്ടിടത്തിൽ  ഒരു നിലയിൽ ആറ് ക്ലാസ്സ് മുറികൾ (6m x 6.05M)  , മൂന്ന് നിലകളിലും ഒരു യൂണിറ്റ് ഗേൾസ് ടോയ്ലറ്റ് , ഒരു യൂണിറ്റ് ബോയസ് ടോയ്ലറ്റ്  , ഇരുവശവും ഗോവണി ,  പുറമേ വരാന്ത ഉൾപ്പെടെ പതിനെട്ട്  ക്ലാസ്സ് മുറികൾ  എന്നിവയാണ് കെട്ടിടത്തിൽ  ഉൾപ്പെടുത്തിയിട്ടുള്ളത്.നിർമ്മാണം ഒരു വർഷത്തിനകം പൂർത്തിയാകും.ഒരോ വർഷവും  മൂന്ന് ജില്ലകളിൽ നിന്നായി നിരവധി കുട്ടികളാണ്  പുതുതായി പൊതു വിദ്യാലയത്തിലെത്തുന്നത് .കൂടുതൽ ക്ലാസ്സ്മുറികൾ  ലഭിക്കുന്നതോടെ  വിദ്യാർത്ഥികൾക്ക്   മികച്ച പഠനസൗകര്യം ഒരുക്കുവാൻ   സ്കൂളിന് കഴിയുമെന്ന് സ്കൂൾ പ്രധാന ദ്ധ്യാപിക ടി.എസ്.ദേവിക , പി ടി എ പ്രസിഡൻ്റ് പി.കെ കിഷോർ  എന്നിവർ പറഞ്ഞു.