25 April 2024 Thursday

പ്രസിദ്ധമായ നെന്മാറ–വല്ലങ്ങി വേല നാളെ . വല്ലങ്ങി ദേശത്തിനു വേണ്ടി എടപ്പാൾ നാദം ബൈജു ഒരുക്കിയ കൂറ്റൻ പന്തലും

ckmnews



നെന്മാറ : പ്രസിദ്ധമായ നെന്മാറ–വല്ലങ്ങി വേല ഏപ്രിൽ മൂന്നിന് നടക്കും. ബഹുനില ആനപ്പന്തലുകൾ കൂടി മാറ്റുരക്കുന്ന ഉല്സവമാണ് നെന്മാറ വല്ലങ്ങി വേല.

ബഹുനില ആനപ്പന്തലുകൾ ദേശങ്ങളുടെ പെരുമ വാനോളം ഉയർത്തുന്നവയാണ്. ദീപാലംകൃതമായ പന്തലിലെ ലക്ഷക്കണക്കിനു ചെറുബൾബുകളുടെ മിന്നലൊളിയിലെ വിസ്മയകാഴ്ച ദക്ഷിണേന്ത്യൻ ക്ഷേത്രോത്സവങ്ങളിൽ വലിയ പ്രശസ്തി നേടിയവയാണ്. 11 വീതം ഗജവീരന്മാരെ അണിനിരത്താൻ പര്യാപ്തമായ ഏകദേശം 100 അടി ഉയരവും 100 അടി വീതിയുമുള്ള പന്തലുകളാണു നിർമിച്ചിട്ടുള്ളത്.


മീനം ഒന്നിനു കൂറയിട്ടതു മുതൽ ആരംഭിച്ചതാണു പന്തൽ നിർമാണം. നെന്മാറ ദേശം പന്തൽ പോത്തുണ്ടി റോഡിൽ നെല്ലിക്കുളങ്ങര ക്ഷേത്രത്തിനു സമീപവും വല്ലങ്ങിയുടേത് ബൈപാസിനു താഴെയുള്ള പാടത്തുമാണു സ്ഥാപിച്ചിട്ടുള്ളത്. കഴിഞ്ഞ ദിവസമുണ്ടായ കോടതി ഉത്തരവിനെ തുടർന്നാണു പതിവായി സ്ഥാപിക്കാറുള്ള പാതയോരത്തു നിന്നും സ്ഥലം മാറ്റിയത്. പന്തലുകൾക്ക്‍ ഇൻഷുറൻസ് പരിരക്ഷ ഉറപ്പാക്കുന്നുണ്ട്. 


കംപ്യൂട്ടറുകളുടെ സഹായത്താലാണു ഏപ്രിൽ ഒന്നു മുതൽ വിവിധ നിറത്തിലുള്ള ബൾബുകളെ പ്രകാശിപ്പിച്ചു വിസ്മയക്കാഴ്ച സമ്മാനിക്കുന്നത്. വേല നടക്കുന്ന ഏപ്രിൽ 4 വരെ പന്തൽ ദീപാലങ്കാര പ്രദർശനം കാണാൻ സ്ത്രീകളും കുട്ടികളും ഉൾപ്പെടെ ആയിരങ്ങൾ ഉത്സവപ്പറമ്പിലെത്തും.വല്ലങ്ങി ദേശത്തിനു വേണ്ടി എടപ്പാൾ നാദം ബൈജുവാണ് പന്തൽ ഒരുക്കിയത്. 2019 ലും വല്ലങ്ങിക്കു വേണ്ടി പന്തൽ ഒരുക്കിയ ബൈജു 17 വർഷമായി ഈ മേഖലയിൽ പ്രവർത്തിച്ചുവരുന്നു. തമിഴ്നാട്ടിലെ പ്രസിദ്ധമായ ഒരു ക്ഷേത്രത്തിന്റെ മാതൃകയിലാണു പന്തൽ ഒരുക്കിയത്. തൃശൂർ പൂരത്തിൽ പാറമേക്കാവിനും തിരുവമ്പാടിക്കും പുറമേ സംസ്ഥാനത്തെ നിരവധി ഉത്സവങ്ങൾക്കായി ബൈജു പന്തൽ ഒരുക്കിയിട്ടുണ്ട് . 100 അടിയിലധികം പൊക്കമുള്ള പന്തലിൽ കോർത്തിണക്കുന്ന ‍3 ലക്ഷത്തിലധികം ബൾബുകളെ അതിവിദഗ്ധമായാണു കംപ്യൂട്ടറുകളുടെ സഹായത്തിൽ പ്രകാശിപ്പിക്കുന്നത്.


നെന്മാറ ദേശത്തിനുവേണ്ടി പന്തലും ദീപാലങ്കാരവും ഒരുക്കാനുള്ള ചുമതല ചെറുതുരുത്തി എം.എ.സെയ്തലവിക്കായിരുന്നു. 38 വർഷമായി ഈ മേഖലയിൽ പ്രവർത്തിച്ചുവരുന്ന സെയ്തലവി കഴി‍ഞ്ഞ വർഷം ഉൾപ്പെടെ 10 വർഷമായി നെന്മാറ ദേശത്തിനുവേണ്ടി പന്തൽ ഒരുക്കിവരുന്നു. കഴിഞ്ഞ വർഷം തൃശൂർ പൂരത്തിനു ഉൾപ്പെടെ സംസ്ഥാനത്തെ പ്രസിദ്ധമായ ഉത്സവങ്ങൾക്ക് സെയ്തലവി പന്തൽ ഒരുക്കിയിട്ടുണ്ട്. സംസ്ഥാനത്തിനു പുറത്തുള്ള ഒരു ക്ഷേത്രത്തിന്റെ മാതൃകയിലാണു നെന്മാറയിലെ പന്തൽ. പന്തൽ പൂർത്തിയാക്കാൻ 40 ജോലിക്കാരുടെ 15 ദിവസത്തെ അധ്വാനം വേണ്ടിവന്നു. മുൻ വർഷങ്ങളിൽ നിന്നും വ്യത്യസ്ഥമായി ചില പ്രത്യേകതകളോടെയാണു ഇത്തവണത്തെ ദീപാലങ്കാരപ്രദർശനം.


പ്രസിദ്ധമായ നെന്മാറ–വല്ലങ്ങി വേല ഏപ്രിൽ 3ന്. തലയെടുപ്പുള്ള ഗജവീരന്മാരെ ബഹുനില ആനപ്പന്തലുകളില്‍ അണിനിരത്തിയുള്ള എഴുന്നള്ളത്തുകൾ, വർണാഭമായ കുടമാറ്റം, ആവേശം വിതറുന്ന വാദ്യമേളങ്ങൾ; എല്ലാം കഴിഞ്ഞു വെളുക്കുമ്പോൾ ആകാശച്ചരുവിലെ വർണ വിസ്മയങ്ങളുടെ വെടിക്കെട്ടും കാണാം. നെല്ലിയാമ്പതി മലകളുടെ താഴ്‌വരയിൽ നെല്ലിക്കുളങ്ങര ഭഗവതിക്ഷേത്ര വേലയോടനുബന്ധിച്ച് നാളെ നടക്കുന്നത് ഉത്സവകാഴ്ചകളുടെ പൂരമാണ്. പേരുകേട്ട വേലയിലെ മായാകാഴ്ചകൾ കാണാൻ സംസ്ഥാനത്തിനകത്തും പുറത്തു നിന്നുള്ളവരും കൂടാതെ വിദേശികളും ഉത്സവപ്പറമ്പിലേക്ക് എത്തും. നെന്മാറ-വല്ലങ്ങി അടങ്ങുന്ന കൊടകരനാട്ടിലെ‍ വീടുകളെല്ലാം വിരുന്നുകാരെക്കൊണ്ടു നിറഞ്ഞു. നെന്മാറ പ്രദേശത്തെയും 20 കിലോമീറ്റര്‍ ചുറ്റളവിലെയും ലോഡ്ജുകളെല്ലാം നിറഞ്ഞു. പുറത്തുനിന്നും എത്തുന്നവര്‍ക്ക് ഉത്സവപ്പറമ്പ് മാത്രമായിരിക്കും ആശ്രയം. ജനലക്ഷങ്ങളെ സാക്ഷിനിർത്തി മൂന്നിനു വൈകീട്ട്  ആനയും വെഞ്ചാരമവും വര്‍ണകുടകളും വാദ്യവും മേളവും പന്തല്‍തൊട്ട് നിൽക്കുമ്പോഴാണു വെടിക്കെട്ട്. കേരള ടൂറിസം ഭൂപടത്തില്‍ സ്ഥാനംപിടിച്ച ഉത്സവത്തിലെ കമനീയ കാഴ്ചകള്‍ കാണാന്‍ കൊയ്ത്തൊഴിഞ്ഞ പാടങ്ങളില്‍ തമ്പടിക്കുന്ന ജനസാഗരത്തിനു ഏപ്രിൽ 3ന് രാത്രി പകലായി മാറും.


വേലയോടനുബന്ധിച്ച് നെന്മാറ ദേശത്ത് രാവിലെ പള്ളിവാൾ കടയലോടെയാണു ആചാരങ്ങൾ തുടങ്ങുന്നത്. ഗണപതിഹോമവും വരിയോല വായനയും കഴിഞ്ഞ് പറ എഴുന്നള്ളത്ത് പുറപ്പെടും. ദേശാതിർത്തിയിലെ സമുദായക്കാരുടെ ക്ഷേത്ര പറകൾ എടുത്തു ഈടുവെടിക്കുശേഷം കോലം കയറ്റുന്നതോടെ രാവിലെ 11ന് മന്ദത്ത് പഞ്ചവാദ്യവും എഴുന്നള്ളത്തും ആരംഭിക്കും. എഴുന്നള്ളത്ത് വേട്ടക്കൊരുമകൻ ക്ഷേത്രം വഴി നെന്മാറ ടൗൺ ചുറ്റി 4.30ന് പന്തലിൽ അണിനിരക്കുന്നതോടെ പാണ്ടിമേളം ആരംഭിക്കും. വല്ലങ്ങി ദേശത്തിന്റെ പരിപാടികൾ പ്രത്യക്ഷ മഹാഗണപതിഹോമത്തോടെ തുടങ്ങും. തിടമ്പ് പൂജയും ഈടുവെടിയും കഴിഞ്ഞ് കേളി, കൊമ്പുപറ്റ്, കുഴൽപറ്റ് എന്നിവയ്ക്കുശേഷം കോലം കയറ്റും. 


തുടർന്ന് ശിവക്ഷേത്രത്തിൽ 11.30ന് പഞ്ചവാദ്യത്തോടെ എഴുന്നള്ളത്ത് ആരംഭിക്കും. എഴുന്നള്ളത്തും പഞ്ചവാദ്യവും ചീർമ്പക്കാവുവഴി വല്ലങ്ങി ടൗൺചുറ്റി 4ന് പന്തലിലെത്തുന്നതോടെ പാണ്ടിമേളം ആരംഭിക്കും. ഇരുദേശങ്ങളുടെയും എഴുന്നള്ളത്തുകൾ മുഖാമുഖം നിൽക്കുന്നതോടെ കുടമാറ്റം തുടങ്ങും. എഴുന്നള്ളത്തുകൾ നെല്ലിക്കുളങ്ങര കാവിറങ്ങുന്നതോടെ 6.30ന് പകൽ വെടിക്കെട്ടിന് തിരികൊളുത്തും. തുടര്‍ന്ന് ഇരുദേശങ്ങളുടേയും എഴുന്നള്ളത്തുകൾ അതത് മന്ദത്തേക്കു തിരിച്ചുപോകും.  ഇരു ദേശത്തും രാത്രിവേല 8ന് തായമ്പകയോടെ ആരംഭിക്കും. പുലർച്ചെ പഞ്ചവാദ്യത്തോടെ എഴുന്നള്ളത്തുകൾ ടൗൺചുറ്റി പന്തലിലെത്തും. പുലര്‍ച്ചെ 4ന് രാത്രി വെടിക്കെട്ട് ആരംഭിക്കും. കാവുകയറുന്ന എഴുന്നള്ളത്തുകൾ മേളത്തിനു ശേഷം അതതു മന്ദുകളിലെത്തി തിടമ്പിറക്കുന്നതോടെ വേല ഉത്സവത്തിനു സമാപനമാകും.വേലക്കമ്പക്കാരിൽ ആനപ്രേമികൾക്ക് തെല്ലും നിരാശരാകേണ്ടതില്ല. ആനച്ചന്തം ആസ്വദിക്കാൻ തലയെടുപ്പുള്ള ആനകളെ ഇക്കുറിയും നെന്മാറ, വല്ലങ്ങി ദേശക്കാർ എത്തിക്കുന്നുണ്ട്. നെന്മാറ ദേശത്തിനുവേണ്ടി കോലമേറ്റാനെത്തുന്നത് പാമ്പാടി രാജനും വല്ലങ്ങി ദേശത്തിനുവേണ്ടി എത്തുന്നത് മംഗലാംകുന്ന് അയ്യപ്പനുമാണ്.


നെന്മാറ ദേശത്തിനുവേണ്ടി പാമ്പാടി രാജനെക്കൂടാതെ ചെർപ്പുളശേരി ശ്രീ അയ്യപ്പൻ, ഗുരുവായൂർ സിദ്ധാർഥൻ, പാറന്നൂർ നന്ദൻ, നന്തിലത്ത് ഗോപാലകൃഷ്ണൻ, തിരുവാണിക്കാവ് രാജഗോപാലൻ, ഭരത് വിനോദ്, പാമ്പാടി സുന്ദരൻ, വരടിയം ജയറാം, മുള്ളത്ത് ഗണപതി, വേമ്പനാട് അർജുനൻ എന്നീ ആനകളും എത്തും.


വല്ലങ്ങി ദേശത്തിനു മംഗലാംകുന്ന് അയ്യപ്പനെ കൂടാതെ മംഗലാംകുന്ന് ശരൺ അയ്യപ്പൻ, ഗുരുവായൂർ ദേവസ്വം ഗോകുൽ, നായരമ്പലം രാജശേഖരൻ, വൈലാശേരി അർജുനൻ, ബാസ്റ്റിൻ വിനയസുന്ദർ, പട്ടാമ്പി മണികണ്ഠൻ, ഗുരുവായൂർ ദേവസ്വം രവികൃഷ്ണൻ, കൃഷ്ണനാരായണൻ, മംഗലാംകുന്ന് മുകുന്ദൻ, എഴുത്തച്ഛൻ ശങ്കരനാരായണൻ എന്നിവയും ആനപ്പന്തലിൽ അണിനിരക്കും.


ക്ഷേത്രത്തിൽ കളഴമെഴുത്തും ശീവേലിയും


നെന്മാറ-വല്ലങ്ങി വേലയോടനുബന്ധിച്ച് നെല്ലിക്കുളങ്ങര ഭഗവതി ക്ഷേത്രത്തിൽ കൂറയിടുന്നതോടെ ആരംഭിക്കുന്ന ഒന്നാണ് ദേവിയുടെ കളമെഴുത്തും തുടർന്ന് നടക്കുന്ന ശീവേലി എഴുന്നള്ളത്തും. ആദ്യ ഏഴുദിവസം നാലു കൈകളുമായി നിൽക്കുന്ന സൗമ്യമായ ദേവിയുടെ കളത്തിന്റെ രൂപം പിന്നീട് മാറും. ദാരികാവധം പാട്ട് തുടങ്ങുന്നതോടെ രൗദ്രഭാവത്തിൽ നിൽക്കുന്ന 16 കൈകളുള്ള ചിത്രമാണ് വരയ്ക്കുന്നത്. വേലനാൾ വരെ ദാരികാവധം കഴിഞ്ഞുള്ള ചിത്രത്തിന് 32 കൈകൾ വരെ വരയ്ക്കും. നെല്ലിക്കുളങ്ങര ക്ഷേത്രത്തിൽ 21 ദിവസം കളമെഴുത്ത് നടക്കും. അരിപ്പൊടി, മഞ്ഞൾപ്പൊടി, പച്ചപ്പൊടി, ഉമിക്കരി തുടങ്ങിയ വർണ പൊടികൾ ഉപയോഗിച്ചു ചെയ്യുന്ന കളമെഴുതലും പാട്ടും ദേവി പ്രീതിക്കായി നടത്തുന്ന കർമമാണ്.