24 April 2024 Wednesday

വിഷുനാളിൽ കണ്ണനെ കണി കണ്ടുണരാം കൃഷ്ണൻ്റെ കരവിരുതിൽ വിരിയുന്നത് ജീവനുറ്റ കണ്ണൻ്റെ ശിൽപ്പങ്ങൾ

ckmnews

വിഷുനാളിൽ കണ്ണനെ കണി കണ്ടുണരാം


കൃഷ്ണൻ്റെ കരവിരുതിൽ വിരിയുന്നത് ജീവനുറ്റ കണ്ണൻ്റെ ശിൽപ്പങ്ങൾ


എടപ്പാൾ:വിഷുനാളിൽ  കണി കണ്ടുണരാൻ എടപ്പാൾ വെങ്ങിണിക്കര സ്വദേശി കൃഷ്ണൻ്റെ കരവിരുതിൽ വിരിയുന്നത് ജീവസുറ്റ കണ്ണൻ്റെ ശിൽപ്പങ്ങളാണ്. പേപ്പർ പൾപ്പിൽ തീർക്കുന്ന ഈശ്വര ശിൽപ്പങ്ങൾക്ക് ആവശ്യക്കാർ ഏറെയുമാണ്.15 വർഷത്തിലധികമായി വിഗ്രഹനിർമ്മാണം തൊഴിലാക്കിയ എടപ്പാൾ വെങ്ങിണിക്കര സ്വദേശി കുഞ്ഞു മണി എന്ന വിളിപേരുള്ള കോട്ടപറമ്പിൽ കൃഷ്ണൻ എന്ന ശിൽപ്പി ഇതിനോടകം ജന്മം നൽകിയത് നൂറ് കണക്കിന് കണ്ണൻ്റെ ശിൽപ്പങ്ങളാണ്.പല വീടുകളുടെ പൂജാമുറികളിലും ഇന്നും കുസൃതിയുടെ പാൽ പുഞ്ചിരി പൊഴിച്ച് ഭക്തരുടെ മനം മയക്കി നിലനിൽക്കുന്നതും കൃഷ്ണന്റെ ശിൽപങ്ങൾ തന്നെ. പേപ്പർ പൾപ്പ് ഉപയോഗിച്ചാണ് കൃഷ്ണൻ പ്രധാനമായും ശിൽപ്പങ്ങൾക്ക് രൂപം നൽകുന്നത്. കേരളത്തിൽ പേപ്പർ പൾപ്പ് കിട്ടാൻ ക്ഷാമമായാതിനാൽ കോയമ്പത്തൂരിൽ നിന്നുമാണ് പേപ്പർ പൾപ്പ് എത്തിക്കുന്നത്. ബാക്കി അസംസ്കൃത വസ്തുക്കൾ തൃശൂരിൽ നിന്നും ശേഖരിക്കും.കണ്ണൻ്റെ പല വലുപ്പത്തിലുമുള്ള ശിൽപ്പങ്ങൾക്ക് പുറമെ 

ഗണപതി, ലക്ഷ്മിദേവി,തുടങ്ങിയ ദൈവീക ശിൽപങ്ങളും കൃഷ്ണൻ നിർമ്മിക്കാറുണ്ട്. പേപ്പർ പൾപ്പ് ഉപയോഗിച്ച് മോൾഡിൽ തയ്യാറാക്കുന്ന ശിൽപ്പങ്ങൾ അവസാനവട്ട പ്രവർത്തികൾ നടത്തിയെടുക്കാൻ മൂന്ന് ദിവസം വേണ്ടിവരും.ഓർഡർ അനുസരിച്ച് ചെറിയ ശിൽപ്പങ്ങൾ മുതൽ 5 അടിയോളം വരുന്ന ശിൽപ്പങ്ങൾ വരെ കൃഷ്ണൻ തയ്യാറാക്കിയെടുക്കും. 150 രൂപ മുതൽ 3500 രൂപ വരെയാണ് വിലവരുന്നത്. വിഷു സീസണിൽ ഈ ശിൽപ്പങ്ങൾക്ക് ആവശ്യക്കാർ ഏറെയാണ്.വിവിധ ക്ഷേത്രങ്ങൾ, ഖാദി ബോർഡ്, ഗാന്ധിഭവൻ ഇന്നിവിടങ്ങളിൽ ഇദ്ദേഹത്തിൻ്റെ ശിൽപ്പങ്ങൾ ലഭിക്കും. ശിൽപ്പങ്ങളുടെ നിർമ്മാണം സ്വന്തം പ്രയത്നം കൊണ്ടാണ് കൃഷ്ണൻ സ്വയത്തമാക്കിയത്.കോലളമ്പ് ഹനുമാൻകാവിലെ ഹനുമാൻ്റെ ശിൽപ്പം അടക്കം,വിവിധ ക്ഷേത്രങ്ങളുടെ കവാടങ്ങളെ അലങ്കരിക്കുന്ന ഗജവീരന്മാരുടെ ശിൽപ്പങ്ങൾ വരെ കൃഷ്ണൻ കോൺക്രീറ്റിൽ നിർമ്മിക്കാറുണ്ട്.ഈശ്വര വിഗ്രഹങ്ങൾക്ക് പുറമേ ഇ എം എസ്, മദർ തെരേസ തുടങ്ങിയവരുടെ ശിൽപ്പങ്ങളും കൃഷ്ണൻ പേപ്പർ പൾപ്പിൽ നിർമ്മിച്ചിട്ടുണ്ട്. ഇപ്പോൾ കോൺക്രീറ്റിൽ കേരള മുഖ്യമന്ത്രി പിണറായി വിജയൻ്റെ പ്രതിമ നിർമ്മാണത്തിൻ്റെ പണിപുരയിലാണിദ്ദേഹം.65 വയസ് പിന്നിട്ട ഇദ്ദേഹം ശാരീരിക അവശതകളെ തുടർന്ന് കുറച്ച് കാലം ശിൽപ്പ നിർമ്മാണം നിറുത്തിവെച്ചെങ്കിലും ഇപ്പോൾ വീണ്ടും സജീവമായി രംഗത്ത് എത്തിയിരിക്കുകയാണ്.കൃഷ്ണന് എല്ലാ വിധ പിന്തുണയുമായി ഭാര്യ മല്ലികയും മക്കളായ സനൂബ്, സന്ദീപ്, സജീവ് എന്നിവരും രംഗത്തുണ്ട്.996127 O565 എന്നതാണ് കൃഷ്ണൻ്റെ നമ്പർ.