19 April 2024 Friday

ഉത്സവ പറമ്പുകളുടെ ഹരമായ എടക്കളത്തൂർ അർജുനൻ ചരിഞ്ഞു വിടവാങ്ങിയത് സൗമ്യശീലനായ ആന

ckmnews

ഉത്സവ പറമ്പുകളുടെ ഹരമായ എടക്കളത്തൂർ അർജുനൻ ചരിഞ്ഞു


വിടവാങ്ങിയത് സൗമ്യശീലനായ ആന


എടക്കളത്തൂർ∙ ഉത്സവ പറമ്പുകളുടെ ഹരമായ കൊമ്പൻ എടക്കളത്തൂർ അർജുനൻ ചരിഞ്ഞു. ഇന്നലെ രാവിലെ 9ന് പെട്ടെന്ന് തളർന്ന് കൊമ്പുകുത്തി വീഴുകയായിരുന്നു. 43 വയസ്സായിരുന്നു.എടക്കളത്തൂരിൽ റിട്ട. വ്യോമസേന ഉദ്യോഗസ്ഥൻ പുളഞ്ചേരി ഭാസ്കരൻനായരുടെയും ഭാര്യ റിട്ട. പ്രധാനാധ്യാപിക ഗിരിജയുടെയും ഉടമസ്ഥതയിലുള്ളതാണ് ആന. 300 സെന്റിമീറ്റർ ഉയരമുണ്ടായിരുന്ന അർജുനൻ നാട്ടിലെ ലക്ഷണമൊത്ത ആനകളിലൊന്നായിരുന്നു. തൃശൂർ പൂരം, ഉൗത്രാളിക്കാവ്, കുറ്റിയങ്കാവ്, പറപ്പൂക്കാവ്, തൃപ്പുണിത്തുറ, വൈക്കം തുടങ്ങി പ്രധാന ഉത്സവങ്ങളിൽ നിറ സാനിധ്യമായിരുന്നു. അസുഖം കാരണം ഒരു വർഷമായി എഴുന്നള്ളിപ്പുകളിൽ പങ്കെടുത്തിരുന്നില്ല.


നീരിലായിരുന്ന ആനയ്ക്ക് അടുത്തിടെയായി പാദരോഗവും പിടിപെട്ടിരുന്നു. കഴിഞ്ഞ ദിവസം ശ്വാസതടസ്സം അനുഭവപ്പെട്ടു. ഇതിനുള്ള മരുന്നു നൽകിയതിനെ തുടർന്ന് ഭേദമായെങ്കിലും പെട്ടെന്ന് കുഴഞ്ഞുവീണത് ഹൃദയ സ്തംഭനം മൂലമാണെന്ന് കരുതുന്നു. ഒന്നാം പാപ്പാൻ കുന്നംകുളം സ്വദേശി മനുവും രണ്ടാം പാപ്പാൻ വാക സ്വദേശി മണികണ്ഠനും അടുത്തുണ്ടായിരുന്നു. ആനപ്രേമികളടക്കം ഒട്ടേറെ പേരാണ് അന്തിമോപചാരം അർപ്പിക്കാനെത്തി. വനം ഉദ്യോഗസ്ഥരെത്തി ഇൻക്വസ്റ്റ് നടത്തി കോടനാട് വനമേഖലയിൽ സംസ്കരിക്കുന്നതിനായി കൊണ്ടുപോയി.


വിടവാങ്ങിയത് സൗമ്യശീലനായ ആന


എടക്കളത്തൂർ ∙ അർജുനൻ ചരിഞ്ഞതോടെ നാടിന് നഷ്ടമായത് സൗമ്യശീലനായ ആനയെ. പേരു കേട്ട ഉത്സവ എഴുന്നള്ളിപ്പുകളിലെല്ലാം അർജുനന്റെ സാന്നിധ്യമുണ്ടായിരുന്നു. എഴുന്നള്ളിപ്പുകളിൽ ഇതുവരെ അനുസരണക്കേട് കാട്ടുകയോ ആരേയും ഉപദ്രവിക്കുകയോ ചെയ്തിട്ടില്ല എന്നതാണ് അർജുനന്റെ പ്രത്യേകത. പല തവണ മറ്റ് ആനകളിൽ നിന്നും പാപ്പാൻമാരിൽ നിന്നും പ്രകോപനമുണ്ടായിട്ടും സംയമനം പാലിച്ച ചരിത്രമാണ് അർജുനന്. മദപ്പാടുള്ളപ്പോഴും ഭയമില്ലാതെ കുടുംബാംഗങ്ങളെ അടുത്തു ചെല്ലാനും ഭക്ഷണം നൽകാനും അനുവദിച്ചിരുന്നു.


നാട്ടുകാരോടും പാപ്പാന്മാരോടും ഏറെ ഇണക്കമായിരുന്നു. 2007–ലാണ് എടക്കളത്തൂർ പുളിഞ്ചേരി തറവാട്ടിലേക്ക് അർജുനൻ എത്തുന്നത്. കൊല്ലം സ്വദേശി ഷാജിയിൽ നിന്നാണ് പുളിഞ്ചേരി ഭാസ്കരൻനായർ 28 വയസ്സുള്ള ആനയെ വാങ്ങുന്നത്. അദ്ദേഹത്തിന്റെയും ഭാര്യ ഗിരിജയുടെയും അരുമയായിരുന്നു ഇൗ ആന. എഴുന്നള്ളിപ്പുകൾ ഏറ്റെടുക്കുന്നതും പറഞ്ഞയക്കുന്നതും ഭാര്യ ഗിരിജയായതിനാൽ ‘ടീച്ചറുടെ ആന’ എന്നും അർജുനൻ അറിയപ്പെട്ടിരുന്നു. നല്ല ഉയരവും നീളമുള്ള തുമ്പിക്കൈയും നിറവും വളവില്ലാത്ത വാലുമായി ലക്ഷണമൊത്ത ആനയായതിനാൽ പൂരപ്പറമ്പുകളിലെ ഹരമായിരുന്നു അർജുനൻ.