25 April 2024 Thursday

ബേപ്പൂരിൽ ഇനി തിരമാലകൾക്ക് മുകളിലൂടെ നടക്കാം:സംസ്ഥാനത്ത് ആദ്യമായി ഫ്ലോട്ടിങ് ബ്രിഡ്ജ്

ckmnews

ബേപ്പൂരിൽ ഇനി തിരമാലകൾക്ക് മുകളിലൂടെ നടക്കാം:സംസ്ഥാനത്ത് ആദ്യമായി ഫ്ലോട്ടിങ് ബ്രിഡ്ജ് 


ബേപ്പൂർ:ബേപ്പൂരിലെ കടൽത്തീര വിനോദ കേന്ദ്രമായ പുലിമുട്ടിൽ എത്തിയാൽ തിരമാലകൾക്ക് മുകളിലൂടെ കടലിലേക്ക് നടക്കാം. സാഹസിക ടൂറിസം പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായി ജില്ല ടൂറിസം പ്രമോഷൻ കൗൺസിലും ബേപ്പൂർ പോർട്ട് അതോറിറ്റിയും മുൻകൈയെടുത്താണ് സംസ്ഥാനത്ത് ആദ്യമായി ഫ്ലോട്ടിങ് ബ്രിഡ്ജ് അഥവാ പൊങ്ങി ഒഴുകുന്ന പാലത്തിലൂടെയുള്ള സവാരിക്ക് ഇന്ന് മുതൽ ബേപ്പൂരിൽ തുടക്കം കുറിക്കുന്നത്. ബേപ്പൂർ പുലിമുട്ട് വിനോദസഞ്ചാര കേന്ദ്രത്തിന് സമീപമാണ് കടലിലേക്ക് 100 മീറ്ററോളം കാൽനടയായി സവാരി ചെയ്യാൻ ഉതകുന്ന രീതിയിൽ പാലം സ്ഥാപിച്ചിട്ടുള്ളത്.ചാലക്കുടിയിലെ പ്രവാസി കൂട്ടായ്മയായ 'ക്യാപ്ചർ ഡേയ്സ് അഡ്വഞ്ചർ ടൂറിസം ആൻഡ് വാട്ടർ സ്പോർട്സ്' സംരംഭകരാണ് പാലം ഒരുക്കിയത്. രാവിലെ 10 മുതൽ വൈകീട്ട് ആറുവരെയാണ് പ്രവേശനം. 100 രൂപയാണ് പ്രവേശന ഫീസ്. പഴുതടച്ച സുരക്ഷ ക്രമീകരണങ്ങൾ ഒരുക്കുന്നതിന്റെ ഭാഗമായി സുരക്ഷ ബോട്ടുകളും ലൈഫ് ജാക്കറ്റുകളും കൂടാതെ ലൈഫ് ഗാർഡ്,മത്സ്യത്തൊഴിലാളികൾ എന്നിവരുടെ സേവനവും ഉപയോഗപ്പെടുത്തുന്നുണ്ട്. പാലത്തിനെ, 300 കിലോ ഭാരമുള്ള നങ്കൂരം ഉപയോഗിച്ച് ഉറപ്പിച്ചു നിർത്തി സുരക്ഷിതമാക്കിയിട്ടുണ്ട്. ഫൈബർ നിർമിത പാലത്തിൽ ഇൻറർലോക്ക് കട്ടകൾ ലോക്ക് ചെയ്ത് അടുക്കിവെച്ചാണ് കടൽ പരപ്പിന് മുകളിൽ യാത്ര ചെയ്യാനുതകുന്ന രീതിയിൽ സജ്ജീകരിച്ചത്. മൂന്നു മീറ്റർ വീതിയിൽ രണ്ടുഭാഗത്തും കൈവരികളോടെ നിർമിച്ചിട്ടുള്ള പാതയുടെ അവസാന ഭാഗത്ത് 11 മീറ്റർ നീളവും ഏഴ് മീറ്റർ വീതിയിലും ഒഴുകുന്ന സൈറ്റ് സീയിങ് പ്ലാറ്റ്ഫോമും നിർമിച്ചിട്ടുണ്ട്. ഇതിൽനിന്നും കടലിന്റെ ആവാസ വ്യവസ്ഥയും തിരമാലകളുടെ പ്രതിഭാസങ്ങളും അനുഭവിച്ചറിയാം. അഞ്ചു വയസ്സിൽ താഴെയുള്ള കുട്ടികൾക്കും പ്രായമായവർക്കും ഭിന്നശേഷിക്കാർക്കും ലഹരി ഉപയോഗിച്ചവർക്കും പ്രവേശനം അനുവദിക്കുകയില്ലെന്ന് ബന്ധപ്പെട്ടവർ അറിയിച്ചു.