29 March 2024 Friday

കർഷകരെ ആശങ്കയിലാക്കി പെരുമ്പടപ്പ് പഞ്ചായത്തിലെ പുറങ്കോൾ ബണ്ട് റോഡ് തകർന്നു വീണു

ckmnews


ചങ്ങരംകുളം:കർഷകരെ ആശങ്കയിലാക്കി പെരുമ്പടപ്പ് പഞ്ചായത്തിലെ പുറങ്കോൾ ബണ്ട് റോഡ് തകർന്നു വീണു.കോടികൾ മുടക്കി നിർമിച്ച പൊന്നാനി കോളിലെ പ്രധാന ബണ്ടുകളിൽ ഒന്നായ ആമയം പുറങ്കോൾ ബണ്ടാണ് ഇന്ന് പുലർച്ചെ പൂർണ്ണമായും  തകർന്നത്.ഇന്നലെ ഉച്ചയോടെ തന്നെ  ബണ്ടിന് വിള്ളൽ അനുഭവപ്പെട്ട് തുടങ്ങിയിരുന്നതായി നാട്ടുകാർ പഞ്ഞു.കടുത്ത വേനലിൽ തോടിൽ വെള്ളം വറ്റുകയും ഒഴുക്ക് തടസപ്പെ ടുകയും ചെയ്തിരുന്നു.കർഷകരുടെ ആവശ്യപ്രകാരം തോട് ആഴം കൂട്ടാനുള്ള പ്രവൃത്തികൾ നടന്ന് വരുന്നതിനിടെയാണ് ബണ്ട് തകർന്നത്.ബണ്ട്  ബലപ്പെടുത്താതെ തോടിന് ആഴം കൂട്ടാൻ ശ്രമിച്ചതാണ് ബണ്ട് തകരാൻ കാരണമെന്നാണ് കരുതുന്നത്.സമാനമായ രീതിയിൽ പല സ്ഥലത്തും ബണ്ടുകൾ തകർച്ച ഭീഷണി  നേരിടുന്നുണ്ട്.വെള്ളം കൂടുതൽ ഉള്ള സമയങ്ങളിൽ ഇത്തരത്തിൽ ബണ്ടുകൾ തകരുന്നതും കൃഷി നശിക്കുന്നതും കോൾ മേഖലയിൽ പതിവാണെങ്കിലും വെള്ളമില്ലാത്ത അവസ്ഥയിൽ ബണ്ട് തകരാറില്ലെന്നും കർഷകർ പറയുന്നു.കടുത്ത വേനലിൽ നേരത്തെ തന്നെ കോളിലെ വെള്ളം വറ്റി തുടങ്ങിയതും നൂറടി തോടിലെ ഒഴുക്ക് നിലച്ചതും പ്രദേശത്ത് കൃഷി ഇറക്കിയ നൂറ് കണക്കിന് കർഷകരെ പ്രതിസന്ധിയിലാക്കിയിരുന്നു.ഇതിനിടയിലാണ് കർഷകരുടെ പ്രധാന ആശ്രയമായ ബണ്ട് അപ്രതീക്ഷിതമായി തകർന്ന് വീണത്.ബണ്ട് പുനർ നിർമിച്ചില്ലെങ്കിൽ വരും വർഷങ്ങളിൽ കൃഷിയിറക്കാൻ കഴിയില്ലെന്നും എത്രയും വേഗം ബണ്ട് പുനർ നിർമിച്ച് കോൾ കർഷകരുടെ ആശങ്ക പരിഹരിക്കണമെന്നും കർഷകർ പറഞ്ഞു.ഒരാഴ്ചക്കകം ബണ്ട് പുനർ നിർമാണ പ്രവർത്തികൾ ആരംഭിക്കുമെന്ന് പെരുമ്പടപ്പ് ബ്ളോക്ക് പ്രസിഡണ്ട് ഇ സിന്ധു പറഞ്ഞു.ഉദ്ധ്യോഗസ്ഥരോടൊപ്പം തകർന്ന ബണ്ട് സന്ദർശിക്കാൻ എത്തിയതായിരുന്നു ബ്ളോക്ക് പ്രസിഡണ്ട്.പെരുമ്പടപ്പ് എഡിഏ ഷീല,കെഎൽഡിസി എഞ്ചിനീയർ ബാബു,പെരുമ്പടപ്പ് കൃഷി ഓഫീസർ സുദർശൻ,പെരുമ്പടപ്പ് പഞ്ചായത്ത് പ്രസിഡണ്ട് ബിനീഷ മുസ്തഫ,വൈ,പ്രസിഡണ്ട് നിസാർ പി,വാർഡ് മെമ്പർമാരായ ,അഷറഫ്,അക്ബർ തുടങ്ങിയവരും പ്രദേശം സന്ദർശിക്കാനെത്തിയിരുന്നു