19 April 2024 Friday

ആറുമാസത്തിൽ കൂടുതൽ വിദേശത്ത് എങ്കിൽ ഗോൾഡൻ വീസ റദ്ദാകും

ckmnews


അബുദാബി ∙ ചില സാഹചര്യങ്ങളിലൊഴികെ വിദേശത്ത് 6 മാസത്തിലധികം കഴിഞ്ഞാൽ ഗോൾഡൻ വീസയും റദ്ദാകുമെന്ന് അധികൃതർ. തൊഴിൽ-താമസ  വീസകൾക്കുള്ള നിബന്ധന ഇതിനും ബാധകമാണ്.എന്നാൽ ചില മേഖലകളിലുള്ളവർക്കും വിവിധ സാഹചര്യങ്ങൾ പരിഗണിച്ചും ഇതിൽ ഇളവ് അനുവദിക്കുമെന്നു ഫെഡറൽ അതോറിറ്റി ഫോർ ഐഡന്റിറ്റി  സിറ്റിസൺഷിപ്, കസ്റ്റംസ് ആൻഡ് പോർട് സെക്യൂരിറ്റി അധികൃതർ വ്യക്തമാക്കി.


വിവിധ മേഖലകളിൽ നൈപുണ്യം നേടിയവർക്ക് 2019 മേയ് മുതലാണ് 5,10 വർഷ കാലാവധിയുള്ള ഗോൾഡൻ വീസ നൽകാൻ തുടങ്ങിയത്. തദ്ദേശീയ സ്പോൺസറെ കൂടാതെ വീസ പുതുക്കാനും സാധിക്കും.


ഇളവ് ലഭിക്കുന്നവർ


∙ ചികിത്സയ്ക്കു വിദേശത്ത് പോയ താമസക്കാർ. കാലാവധിയുള്ള വീസ ഉണ്ടാകുകയും ആരോഗ്യ മന്ത്രാലയം, ഹെൽത്ത് അതോറിറ്റി, പൊലീസ് തുടങ്ങിയ ഏതെങ്കിലുമൊരു കാര്യാലയം  മെഡിക്കൽ സർട്ടിഫിക്കറ്റ് സാക്ഷ്യപ്പെടുത്തുകയും വേണം.


∙ സ്വദേശികളുടെ വിദേശികളായ ഭാര്യമാർ, ഉപരി പഠനവുമായി ബന്ധപ്പെട്ടു വിദേശത്തുപോയ ഗാർഹിക തൊഴിലാളികൾ, ചികിത്സയ്ക്ക് വിദേശത്തുള്ള സ്വദേശികളുടെ കൂടെയുള്ള ഗാർഹിക ജോലിക്കാർ.


∙ യുഎഇയിലുള്ള നയതന്ത്ര ജീവനക്കാർ, അവരുടെ  ഗാർഹിക ജോലിക്കാർ.  


∙ പഠന-ഗവേഷണ, പരിശീലനങ്ങളുമായി ബന്ധപ്പെട്ടവർക്കും കുടുംബാംഗങ്ങൾക്കും വിദേശ സർവകലാശാലകളിൽ പഠിക്കുന്ന വിദ്യാർഥികൾക്കും ഇളവ് ലഭിക്കും. കാലാവധിയുള്ള വീസ  വേണം.