25 April 2024 Thursday

ടെലിഗ്രാമിൽ ഗ്രൂപ്പ് നിർമിച്ച് എം.ഡി.എം.എ. വിൽപ്പന; ബി.ടെക് ബിരുദധാരി അറസ്റ്റിൽ

ckmnews

കൊച്ചി: ടെലിഗ്രാമിൽ ഗ്രൂപ്പ് ഉണ്ടാക്കി യുവാക്കളെ ഉപയോഗിച്ച് ലഹരിവിൽപ്പന നടത്തിയ എൻജിനിയറിങ് ബിരുദധാരി അറസ്റ്റിൽ. അരൂർ പള്ളിക്കടവിൽ പറമ്പിൽ ഹരികൃഷ്ണനെ (24)യാണ് എക്സൈസ് സ്പെഷ്യൽ സ്ക്വാഡും എറണാകുളം സിറ്റി എക്സൈസ് റേഞ്ചും ചേർന്ന് അറസ്റ്റു ചെയ്തത്. അഞ്ചു ഗ്രാം എം.ഡി.എം.എ. കണ്ടെടുത്തു. സ്കൂട്ടറും കസ്റ്റഡിയിലെടുത്തു.

ബെംഗളൂരുവിൽനിന്ന് എം.ഡി.എം.എ. വാങ്ങിയായിരുന്നു വിൽപ്പന. വ്യത്യസ്ത ഫോൺനമ്പറുകളും വെവ്വേറെ ടെലിഗ്രാം ഐ.ഡി.കളും വാഹനങ്ങളും ഉപയോഗിച്ചായിരുന്നു കൈമാറ്റം.

ഇയാൾ ചളിക്കവട്ടം കുഴുവേലി ക്ഷേത്രത്തിനു തെക്കുഭാഗത്തുള്ള ഇടറോഡിൽ എം.ഡി.എം.എ.യുമായി എത്തിയിട്ടുണ്ടെന്ന് ഷാഡോ ടീമിനു ലഭിച്ച വിവരത്തെത്തുടർന്ന് പിൻതുടർന്ന് പിടികൂടുകയായിരുന്നു. പിടിക്കപ്പെട്ടശേഷം ആക്രമണം നടത്തി രക്ഷപ്പെടാൻ ശ്രമിച്ചു.

ഇയാളിൽനിന്നു ലഹരിമരുന്നു വാങ്ങി വിറ്റ ചില യുവാക്കൾ അടുത്തിടെ അറസ്റ്റിലായിരുന്നു. വിതരണക്കാർ ഇയാളെ നേരിൽക്കണ്ടിരുന്നില്ല. ഇവർ നൽകിയ വിവരത്തെ തുടർന്നാണ് ഹരികൃഷ്ണൻ പിടിയിലായത്.