19 April 2024 Friday

പട്ടിണി കിടന്ന് ചാവും കയ്യില്‍ നയാ പൈസയില്ല

ckmnews



ജോലിക്ക് പോവണം ഭക്ഷണം വാങ്ങാന്‍ അനുവദിക്കണം:ദുരിതങ്ങള്‍ പങ്ക് വച്ച് ജനങ്ങള്‍


ചങ്ങരംകുളം:നിയന്ത്രണങ്ങള്‍ പാലിച്ചോളാം പട്ടിണി കിടന്ന് ചാവുന്നതിന് മുമ്പ് ജോലിക്ക് പോവാന്‍ അനുവദിക്കണം കയ്യില്‍ നയാപൈസയില്ല പറ്റ് മേടിക്കാന്‍ നാട്ടിന്‍പുറത്ത് ഒന്നും തുറക്കുന്നില്ല.ആരും കടം തരുന്നുമില്ല.ജോലിക്ക് പോവണം ഭക്ഷണത്തിന് വല്ലതും വാങ്ങാന്‍ അനുവദിക്കണം ദിവസക്കൂലിക്ക് പണിയെടുത്ത് ജീവിതം കഴിയുന്ന ഏതാനും പേരുടെ കണ്ണീരില്‍ കുതിര്‍ന്ന വാക്കുകളാണിത്.കഴിഞ്ഞ ഏതാനും മാസങ്ങളായി ദുരിതങ്ങളാണ്.ആരെങ്കിലും എന്തെങ്കിലും കൊണ്ട് വന്ന് തന്നിരിന്നു ഇപ്പോ അതും ഇല്ലാതായി ആരോടെങ്കിലും വല്ല സഹായവും ചോദിക്കാന്‍ പോലും പറ്റാത്ത രീതിയില്‍ വഴികളെല്ലാം അടച്ച് പൂട്ടിയിരിക്കുന്നു.കോവിഡ് ലോകം മുഴുവന്‍ പരന്ന് പിടിക്കുമ്പോഴും ദുരിതങ്ങള്‍ ഉള്ളിലൊതുക്കി ജീവിതം വഴിമുട്ടിയ ആയിരക്കണക്കിന് കുടുംബങ്ങളാണ് ദുരിതം തീരുന്ന ദിനങ്ങളെ നോക്കി കണ്ണീര്‍ വാര്‍ത്ത് കഴിയുന്നത്.മക്കള്‍ക്ക് വയര്‍ നിറക്കാന്‍ കാര്യമായി എന്തെങ്കിലും കൊടുത്തിട്ട് മാസങ്ങളായി രണ്ടര മാസത്തോളമായി തുടരുന്ന ലോക്ക് ഡൗണ്‍ തീര്‍ന്ന് ജനങ്ങള്‍ക്ക് പ്രതീക്ഷകള്‍ നല്‍കി പുറത്തിറങ്ങാന്‍ അവസരങ്ങള്‍ ലഭിക്കാന്‍ തുടങ്ങി ദിവസങ്ങള്‍ കഴിയും മുമ്പ് പൊന്നാനി താലൂക്കില്‍ ഏര്‍പ്പെടുത്തിയ ട്രിപ്പിള്‍ ലോക്ക് ഡൗണ്‍ മൂലം ദുരിതം അനുഭവിക്കുന്നവരുടെ വാക്കുകള്‍ക്ക് മുന്നില്‍ ഉത്തരം മുട്ടുകയാണ്.ബാങ്ക് ലോണും മറ്റു കൊള്ള പലിശയും കൊണ്ട് എന്തെങ്കിലും ഒക്കെ കച്ചവടങ്ങള്‍ നടത്തി ജീവിതം മുന്നോട്ട് കൊണ്ട് പോയിരുന്ന ചെറുതും വലുതുമായ കച്ചവടക്കാരുടെയും പ്രവാസ ലോകത്ത് വിയര്‍പ്പ് ഒഴുക്കി ജീവിതം കളഞ്ഞ് വീട്ടിലേക്ക് എന്തെങ്കിലും അയച്ച് കൊണ്ടിരുന്ന പ്രവാസികളുടെയും അവസ്ഥ മറിച്ചല്ല.എല്ലാവരും കടങ്ങള്‍ കയറി ജീവിതം അവസാനിപ്പിക്കേണ്ട അവസ്ഥയിലേക്ക് നീങ്ങുകയാണ്.തീരെ വയ്യ ശരീരം മുഴുവന്‍ വേദന ആശുപത്രിയില്‍ പോവണമെന്നുണ്ട് എങ്ങനെ പോവും കയ്യില്‍ ഒന്നും ഇല്ല പുറത്തിറങ്ങാനും കഴിയുന്നില്ല മൊബൈലില്‍ പൈസ തീര്‍ന്നിട്ട് അഞ്ച് ദിവസമായി റേഷനരി ഉണ്ടായിരുന്നത് കൊണ്ട് ഇത്രയും ദിവസം കഞ്ഞി കുടിച്ചു ഇനിയുള്ള ദിനങ്ങള്‍ എന്താവുമോ ആവോ വീട്ടമ്മ കഴിഞ്ഞ ദിവസം കണ്ണീരോടെ പറഞ്ഞ വാക്കുകളാണ്.നിയന്ത്രണങ്ങള്‍ നില നിര്‍ത്തി ജനങ്ങള്‍ക്ക് ജീവിക്കാനുള്ള വഴികള്‍ തുറന്നിടണമെന്ന ആവശ്യമാണ് ജനങ്ങളില്‍ നിന്നുയരുന്നത്.ഭീമമായ കറന്റ് ബില്ലുകള്‍ പോലും പലരും അടച്ചിട്ടില്ല മക്കളുടെ പഠനഫീസും അടക്കാനായിട്ടില്ല.ബാധ്യതകള്‍ ഓരോ ദിവസവും കൂടി വരുന്നു ഇനി എന്ത് എന്ന ചോദ്യങ്ങള്‍ക്ക് മുന്നില്‍ പകച്ച് നില്‍ക്കുകയാണ്   വലിയൊരു ജനത.ലോക്ക് ഡൗണിലും ട്രിപ്പിള്‍ ലോക്ക് ഡൗണിലും കുടുങ്ങിക്കിടക്കുന്ന വലിയൊരു സമൂഹം അധികൃതര്‍ നല്‍കുന്ന ഇളവുകള്‍ക്കും കനിവുകള്‍ക്കുമായി കാത്തിരിക്കുന്നു.കഴുങ്ങും മുളയുമായി അടച്ചിട്ട ഗ്രാമങ്ങള്‍ക്കുള്ളില്‍ ആരെങ്കിലും ഒക്കെ  ജീവനില്ലാതെ കിടക്കുന്നുണ്ടോ എന്ന് നോക്കാനെങ്കിലും അധികൃതര്‍ എത്തണം