20 April 2024 Saturday

സിനിമയിൽ അവസരം വാഗ്ദാനം ചെയ്ത് 14-കാരിയെ പീഡിപ്പിച്ചു, 52-കാരൻ അറസ്റ്റിൽ

ckmnews

പാലക്കാട്: സിനിമയിൽ അഭിനയിപ്പിക്കാമെന്ന വാഗ്ദാനം നൽകി പതിന്നാലുകാരിയെ വിവിധയിടങ്ങളിലെത്തിച്ച് ലൈംഗികമായി പീഡിപ്പിച്ചെന്ന പരാതിയിൽ കോഴിക്കോട് സ്വദേശിയെ പോലീസ് അറസ്റ്റ് ചെയ്തു.

കോഴിക്കോട് ചാത്തമംഗലം ചൂലൂർ പുത്തൻപറമ്പത്ത് വീട്ടിൽ വിനോദ്കുമാറിനെയാണ് (52) പാലക്കാട് നോർത്ത് പോലീസ് അറസ്റ്റുചെയ്തത്.

സിനിമയിൽ അസി. ഡയറക്ടറാണെന്നും സിനിമയിലെ ഉന്നതരുമായി ബന്ധമുണ്ടെന്നും പറഞ്ഞാണ് കുട്ടിയെ പ്രതി കൂട്ടിക്കൊണ്ടുപോയത്. ഫോൺ, വസ്ത്രങ്ങൾ എന്നിവയും വാങ്ങിനൽകി വിവിധ സ്ഥലങ്ങളിലെത്തിച്ച് പീഡനത്തിനിരയാക്കുകയായിരുന്നു. മൂന്നാറിൽ സ്വന്തമായി റിസോർട്ടുള്ളതായും ഇയാൾ കുട്ടിയെ വിശ്വസിപ്പിച്ചിരുന്നു. കുട്ടിയുടെ വീട്ടുകാരെയും പറഞ്ഞ് വശത്താക്കി.

ചൈൽഡ് വെൽഫെയർ കമ്മിറ്റിയിൽനിന്ന് ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിൽ പാലക്കാട് നോർത്ത് പോലീസ് രജിസ്റ്റർചെയ്ത കേസിലാണ് പ്രതിയെ പിടികൂടിയത്.

സംഭവത്തിനുശേഷം ഒളിവിൽപ്പോയ പ്രതിയെ തമിഴ്നാട് മധുരയിലെ കൊട്ടയമ്പട്ടിയിലെത്തിയാണ് പോലീസ് പിടികൂടിയത്. പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു. ഇയാളുടെ സഹായികളെക്കുറിച്ചും സമാനമായ കുറ്റകൃത്യങ്ങളെക്കുറിച്ചും പോലീസ് അന്വേഷിക്കുന്നുണ്ടെന്ന് ടൗൺ നോർത്ത് എസ്.ഐ. സി.കെ. രാജേഷ് പറഞ്ഞു.

ടൗൺ നോർത്ത് ഇൻസ്പെക്ടർ ആർ. സുജിത് കുമാർ, എസ്.ഐ.മാരായ സി.കെ. രാജേഷ്, നന്ദകുമാർ, എ.എസ്.ഐ. ചന്ദ്രമോഹനൻ, എസ്.സി.പി.ഒ.മാരായ എൻ. ജ്യോതികുമാർ, എം.എ. ബിജു, ടി.എച്ച്. നൗഷാദ്, സി.പി.ഒ. ആർ. രഘു എന്നിവരടങ്ങുന്ന സംഘമാണ് പ്രതിയെ അറസ്റ്റുചെയ്തത്.