20 April 2024 Saturday

കോഴിക്കോട് മെഡിക്കൽ കോളജിൽ റാഗിംങ്, പിജി വിദ്യാര്‍ത്ഥി പഠനം അവസാനിപ്പിച്ചു

ckmnews

കോഴിക്കോട് : കോഴിക്കോട് മെഡിക്കൽ കോളജിൽ റാഗിംങ്ങിനെ തുടർന്ന് മെഡിക്കൽ പിജി വിദ്യാര്‍ത്ഥി പഠനം അവസാനിപ്പിച്ചു. ഓർത്തോ പി ജി വിദ്യാർത്ഥിയായിരുന്ന ഡോ. ജിതിൻ ജോയിയാണ് സീനിയർ വിദ്യാർത്ഥികളുടെ പീഡനത്തെ തുടർന്ന് പഠനം അവസാനിപ്പിച്ചത്. മാനസികമായി പീഡിപ്പിച്ചെന്നും വിശ്രമിക്കാന്‍ പോലും അനുവദിക്കാതെ ജോലി ചെയ്യിച്ചെന്നും ജിതിന്‍ പറഞ്ഞു.

സംഭവവുമായി ബന്ധപ്പെട്ട് നടപടി സ്വീകരിച്ചതായി കോഴിക്കോട് മെഡിക്കൽ കോളേജ് പ്രിന്‍സിപ്പല്‍ അറിയിച്ചു. ഓർത്തോ വിഭാഗത്തിലെ രണ്ട്  പി ജി സീനിയര്‍ വിദ്യാര്‍ത്ഥികളെ അന്വേഷണത്തിന്റെ ഭാഗമായി സസ്പെൻഡ് ചെയ്തു. ഡോ. മുഹമ്മദ് സാജിദ്, ഡോ. ഹരിഹരൻ എന്നിവരെയാണ് സസ്പെൻ്റ് ചെയ്തത്. ആറ് മാസത്തേക്കാണ് സസ്പെൻഷൻ. 

രാത്രി ഉറങ്ങാൻ സമ്മതിക്കാതെ വാർഡുകളിൽ അധിക ഡ്യൂട്ടി എടുപ്പിച്ചു. മനപ്പൂർവ്വം ഡ്യൂട്ടികളിൽ വൈകിയെത്തി ജോലി ഭാരമുണ്ടാക്കി എന്നിങ്ങനെയാണ് ജിതിൻ പ്രിൻസിപ്പലിന് നൽകിയ പരാതിയിലുള്ളത്. വകുപ്പ് മേധാവിയോട് നിരവധി തവണ  ഇക്കാര്യം പറഞ്ഞെങ്കിലും നടപടിയുണ്ടായില്ലെന്നും ഇവിടെ ഇതാണ് രീതിയെന്ന് പറഞ്ഞ് നിസാരവൽക്കരിച്ചെന്നും ജിതിൻ പറയുന്നു. അതിന് ശേഷം ജിതിൻ മെഡിക്കൽ കോളേജിലെ പഠനം അവസാനിപ്പിച്ചു. മറ്റൊരു കോളേജിൽ പഠനം തുടങ്ങിയ ശേഷമാണ് പ്രിൻസിപ്പലിന് നേരിട്ട് പരാതി നൽകിയത്.