28 March 2024 Thursday

കാഴ്ചയില്ലാത്ത ലോകത്ത് നിന്നും കിലോമീറ്ററുകൾ താണ്ടി അബ്ദുള്ള കാഴ്ചയുടെ ലോകത്ത് എത്തി...

ckmnews

തന്റെ അകക്കാഴ്ച കൊണ്ട് കാഴ്ചയുള്ളവരെ പോലും അമ്പരപ്പിക്കുകയാണ് അബ്ദുള്ള എന്ന 24കാരൻ.


ചങ്ങരംകുളം:തന്റെ അകക്കാഴ്ച കൊണ്ട് കാഴ്ചയുള്ളവരെ പോലും അമ്പരപ്പിക്കുകയാണ് അബ്ദുള്ള എന്ന 24കാരൻ.മലപ്പുറം തിരൂർക്കാട് സ്വദേശിയായ അബ്ദുള്ള കഴിഞ്ഞ ദിവസം കിലോമീറ്ററുകൾ താണ്ടി ചങ്ങരംകുളത്ത് എത്തിയതിന് പിന്നിൽ ഒരു അപൂർവ്വ സൗഹൃദത്തിന്റെ പിന്നാമ്പുറ കഥയുണ്ട്.പതിറ്റാണ്ടുകൾക്ക് മുമ്പ് കൃത്യമായി പറഞ്ഞാൽ 24 വർഷം മുമ്പാണ് മാതാവ് ഖത്തറിൽ വെച്ച് അബ്ദുള്ളക്ക് ജന്മം നൽകിയത്.ഒരെ പ്രസവത്തിൽ അബ്ദുള്ള അടക്കം നാല് കുഞ്ഞുങ്ങൾക്ക് ഒരെ സമയം ജന്മം നൽകിയതോടെയാണ് അബ്ദുള്ളയുടെ പിതാവിനൊപ്പം  ജോലി ചെയ്തിരുന്ന വളയംകുളം സ്വദേശി അബ്ദുട്ടിയും ഭാര്യയും കുട്ടികളുടെ പരിചരണം ഏറ്റെടുത്തത്.സുഹൃത്തിന്റെ മക്കളെ സ്വന്തം മക്കളെ പോലെ പരിചരിച്ചു.മാസങ്ങൾ തികയും മുമ്പ് നാല് മക്കളിൽ രണ്ട് പേർ മരണപ്പെട്ടു.2017ൽ അബ്ദുള്ള ഖത്തറിൽ നിന്ന് നാട്ടിലെത്തി.നാൽപത് വർഷത്തെ പ്രവാസത്തിന് ശേഷം നാല് വർഷം മുമ്പാണ്  അബ്ദുട്ടിയും കുടുംബവും നിട്ടിലെത്തി സ്ഥിര താമസം തുടങ്ങിയത്.ജീവിത വഴിയിൽ എവിടെയോ തുടർന്നുള്ള ബന്ധങ്ങൾ നഷ്ടപ്പെട്ടെങ്കിലും അകക്കണ്ണിൽ ഒളിപ്പിച്ച അബ്ദുട്ടിയുമായുള്ള  ബന്ധം അബ്ദുള്ള മനസിൽ തന്നെ സൂക്ഷിച്ചിരുന്നു.നാട്ടിലെത്തിയ അബ്ദുട്ടിക്കാനെയും കുടുംബത്തെയും ഒരിക്കൽ കൂടി കാണണം എന്ന് അബ്ദുള്ള ആഗ്രഹിച്ചിരുന്നു.കുടുംബ സുഹൃത്തിനെ കാണാനുള്ള അവസരത്തിനായി തയ്യാറെടുപ്പ് തുങ്ങിയിട്ട് മൂന്ന് വർഷം തികഞ്ഞു.അവസരം വന്നപ്പോൾ  കോവിഡും വില്ലനായെത്തി.ഒടുവിൽ തന്റെ പരിമിതികളെയും തടസ്സങ്ങളെയും മറികടന്ന് തിരൂർക്കാട് നിന്ന് ഒറ്റക്ക് കിലോമീറ്ററുകൾ താണ്ടിയാണ് അബ്ദുള്ള വളയംകുളത്ത് ബസ്സിറങ്ങിയത്.അലിഗഡ് യൂണിവേഴ്സിറ്റിയിൽ ബി എഡിന്  പഠിക്കുന്ന അബ്ദുള്ള ഫറൂക്ക് കോളേജിലാണ് ഡിഗ്രി പഠനം പൂർത്തിയാക്കിയത്.അബ്ദുള്ള നാട്ടിൽ ട്രോമ കെയർ പ്രവർത്തകനായും പാലിയേറ്റീവ് കെയർ പ്രവർത്തകനായും പൊതു പ്രവർത്തന രംഗത്തും സജീവമാണ്.തന്റെ കഴിവുകൾക്കും പ്രവൃത്തികൾക്കുമായി നിരവധി അംഗീകാരങ്ങളും അബ്ദുള്ളയെ തേടിയെത്തിയിട്ടുണ്ട്.ഹിന്ദി അറബി മലയാളം തമിഴ് അടക്കം അഞ്ചോളം ഭാഷകൾ അനായാസം കൈകാര്യം ചെയ്യുന്ന അബ്ദുള്ള ഇന്ത്യയിലെ നിരവധി സംസ്ഥാനങ്ങളും സഞ്ചരിച്ചിട്ടുണ്ട്.മനോഹരമായി പാടാനുള്ള കഴിവും അബ്ദുള്ളയെ മറ്റുള്ളവരിൽ നിന്ന് വിത്യസ്ഥനാക്കുകയാണ്.തന്റെ ജീവിത വിജയത്തിലെവിടെയും കാഴ്ചയില്ലായ്മ ഒരു തടസമായിട്ടില്ല ഇനിയും കയറാവുന്ന ഉയരങ്ങൾ കയറണം അബ്ദുള്ള പറഞ്ഞു.വിദേശത്ത് നല്ല ഒരു ജോലി അതാണ് അടുത്ത ലക്ഷ്യം.കാഴ്ചയില്ലാത്തത് കൊണ്ട് നിരവധി അവസരങ്ങൾ നഷ്ടപ്പെട്ടെങ്കിലും  ശ്രമം തുടരുകയാണ് അവിടെ നല്ല ഒരു ജോലി തന്നെ കാത്തിരിപ്പുണ്ടെന്ന് തന്റെ വെളുത്ത വടി നിവർത്തി മടങ്ങാൻ ഒരുങ്ങിയ അബ്ദുള്ള പറഞ്ഞു നിർത്തി.ഏറെ കാലത്തെ സൗഹൃദങ്ങൾ പുതുക്കിയാണ് വീണ്ടും വരുമെന്ന പ്രത്യാശ നൽകി അബ്ദുള്ള തിരികെ പോവുന്നത്