20 April 2024 Saturday

കുരുക്ക് മുറുക്കി പോലീസ്:പോക്കറ്റു റോഡുകള്‍ക്കും ലോക്ക് വീണു എലിയെ പേടിച്ച് ഇല്ലം ചുടുകയാണെന്ന് നാട്ടുകാര്‍,

ckmnews


ചങ്ങരംകുളം:പൊന്നാനി താലൂക്കില്‍ ട്രിപ്പ്ള്‍ ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ചതോടെ താലൂക്കിലേക്കുള്ള പ്രധാന റോഡുകളെല്ലാം പോലീസ് അടച്ചു പൂട്ടിയതിന് പുറകെ  ചെറുതും വലുതുമായ പല റോഡുകളും മണ്ണിട്ട് അടച്ചു.ബിയ്യം കാഞ്ഞിരമുക്ക് റോഡ് ഒരു സംഘം മണ്ണിട്ട് അടച്ചതോടെ പ്രതിഷേധം ശക്തമായതിനെ തുടര്‍ന്ന് അധികൃതര്‍ ഇടപെട്ട് മണ്ണ് നീക്കം ചെയ്തു.അണ്ണക്കംപാട് മൂതൂര്‍ റോഡും മണ്ണിട്ട് അടച്ചത് വലിയ പ്രതിഷേധങ്ങള്‍ക്ക് കാരണമായി.പല ചെറു റോഡുകളും പോലീസറിയാതെ തന്നെ നാട്ടുകാരില്‍ ചിലര്‍ ബ്ളോക്ക് ചെയ്തിട്ടുണ്ട്.

പലസ്ഥലത്തും ആരോഗ്യപ്രവര്‍ത്തകരെയും ആംബുലന്‍സും വരെ തടഞ്ഞ് വെക്കുന്ന അവസ്ഥയുണ്ടെന്ന വ്യാപക പരാതികള്‍ ഉയരുന്നുണ്ട്.കഴിഞ്ഞ ദിവസം ക്വോറന്റൈന്‍ കഴിയുന്നവരെ കോവിഡ് ടെസ്റ്റിന് എടുക്കാന്‍ പോയ ആംബുലന്‍സ് പന്താവൂരില്‍ തടഞ്ഞ് തിരിച്ചയച്ചിരുന്നു.രാത്രി കിഴിക്കരയില്‍ പൊള്ളലേറ്റയാളെ ആശുപത്രിയില്‍ എത്തിക്കാന്‍ പുറപ്പെട്ട ആംബുലന്‍സ് റോഡുകള്‍ എല്ലാം അടച്ചതിനെ തുടര്‍ന്ന് തിരികെ പോന്നെങ്കിലും നാട്ടുകാര്‍ ഇടപെട്ട് റോഡ് ഓപ്പണ്‍ ചെയ്തിന് ശേഷമാണ് രോഗിയെ ആശുപത്രിയില്‍ എത്തിച്ചത്.പാലക്കാട് തൃശ്ശൂര്‍ മലപ്പുറം തുടങ്ങിയ മൂന്ന് ജില്ലകളുടെ അതിര്‍ത്തി പങ്കിടുന്ന പൊന്നാനി താലൂക്കിലെ പ്രധാന റോഡുകള്‍ പൂര്‍ണ്ണമായും അടച്ചിട്ടത്  ജനങ്ങള്‍ക്ക് വലിയ ദുരിതമാണ് സമ്മാനിക്കുന്നത്.അവശ്യ സാധനങ്ങള്‍ എത്തിക്കുന്ന വളണ്ടിയര്‍മാര്‍ക്കോ ആരോഗ്യ പ്രവര്‍ത്തകര്‍ക്കോ പോലും പോവാന്‍ കഴിയാത്ത രീതിയില്‍ ആണ് റോഡുകള്‍ അടച്ച് വെച്ചിരിക്കുന്നത്.നൂറ് കണക്കിന് രോഗികളും ഗര്‍ഭിണികളും ഉള്ള പ്രദേശങ്ങളിലെ  പോക്കറ്റ് റോഡുകള്‍ക്ക് വരെ ലോക്കിട്ടത് വലിയ പ്രതിഷേധങ്ങള്‍ക്ക് ഇടയാക്കുന്നുണ്ട്.

കഴിഞ്ഞ ദിവസം സംസ്കരിക്കാന്‍ കൊണ്ട് പോയ മൃതദേഹം ഉപ്പുങ്ങല്‍ കടവില്‍ പോലീസുകാര്‍ തടഞ്ഞു വെച്ചതും മാറഞ്ചേരിയില്‍ പഞ്ചായത്ത് ഡ്രൈവറെ തടഞ്ഞ് തല്ലി പരിക്കേല്‍പിച്ചതും വലിയ പ്രതിഷേധങ്ങള്‍ക്ക് കാരണമായിരുന്നു.വൈദ്യുതി ബന്ധം തകരാറിലായാല്‍ കെഎസ്ഇബി ജീവനക്കാര്‍ക്ക് പോലും പല സ്ഥലങ്ങളിലേക്കും പ്രവേശിക്കാന്‍ കഴിയാത്ത അവസ്ഥയാണെന്നും കൊറോണ ഭീതിയിലും ജോലിയില്ലാതെയും കഴിയുന്ന ജനങ്ങളെ ഓരോ പ്രദേശത്തും ലോക്കിട്ടിരിക്കുകയാണെന്നും പരാതികളുയരുന്നുണ്ട്.രോഗികളെയും മൃതദേഹങ്ങളെയും വഹിച്ച് പോകുന്ന ആംബുലന്‍സുകള്‍ പോലും തടഞ്ഞ് പോലീസ് നടപടിയില്‍ ജനങ്ങള്‍ക്ക് കടുത്ത അതൃപ്തിയുണ്ട്.എലിയെ പേടിച്ച് ഇല്ലം ചുടുന്ന നടപടിയാണ് പോലീസും ആരോഗ്യ വകുപ്പും ചേര്‍ന്ന് ചെയ്ത് കൊണ്ടിരിക്കുന്നതെന്നാണ് പരക്കെ അക്ഷേപം ഉയരുന്നത്.